സമാന്തര പ്രവർത്തനത്തിന് അനുവദിക്കില്ല, കോൺഗ്രസിനെ തകർക്കാനുള്ള നീക്കം വെച്ചുപൊറുപ്പിക്കില്ല: വിഡി സതീശൻ

Published : Nov 22, 2022, 11:39 AM ISTUpdated : Nov 22, 2022, 11:47 AM IST
സമാന്തര പ്രവർത്തനത്തിന് അനുവദിക്കില്ല, കോൺഗ്രസിനെ തകർക്കാനുള്ള നീക്കം വെച്ചുപൊറുപ്പിക്കില്ല: വിഡി സതീശൻ

Synopsis

സംസ്ഥാനത്തെ പിൻവാതിൽ നിയമനങ്ങളിൽ യുഡിഎഫ് സമരത്തിലേക്ക് നീങ്ങുകയാണെന്നും മുന്നണി ചെയർമാൻ കൂടിയായ പ്രതിപക്ഷ നേതാവ് പറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടിക്കകത്ത് സമാന്തര പ്രവർത്തനത്തിന് ആരെയും അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.  ഇനി ഒരു വിഭാഗീയതയ്ക്ക് കോൺഗ്രസിന് ബാല്യമില്ല. എല്ലാ നേതാക്കൾക്കും പാർട്ടിയിൽ സ്പേസുണ്ട്. കോൺഗ്രസിനെ തകർക്കാനുള്ള അജണ്ട വച്ച് പൊറുപ്പിക്കില്ല. കേരളത്തിലെ കോൺഗ്രസ് ഒരു ടീമായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂർ മലബാർ ജില്ലകളിൽ നടത്തുന്ന പര്യടനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന. സംസ്ഥാന സർക്കാരിനെതിരെ തിരുവനന്തപുരം കോർപറേഷൻ കത്ത് വിവാദത്തിൽ ശക്തമായ ഭാഷയിൽ വിഡി സതീശൻ വിമർശിക്കുകയും ചെയ്തു.

നഗരസഭ കത്ത് വിവാദത്തിൽ കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ചിനെ മുഖ്യമന്ത്രി പിണറായി വിജയൻ പരിഹാസ്യരാക്കിയെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയത് ഫോണിലൂടെയാണ്. പാർട്ടി തന്നെ അന്വേഷണ ഏജൻസിയാകുന്ന പരിഹാസ്യമായ നിലയാണ്. ഈ പോക്ക് പോയാൽ സംസ്ഥാന സർക്കാരിന് പെൻഷൻ പോലും കൊടുക്കാൻ കഴിയില്ല. ദുർചിലവ് നിയന്ത്രിക്കാൻ ധനവകുപ്പിന് സാധിക്കുന്നില്ല. പണമില്ലാതെ  സർക്കാറിന്റെ പ്രവർത്തനങ്ങൾ മുടങ്ങിക്കിടക്കുകയാണ്. സാമ്പത്തിക മാനേജ്മെന്റിൽ സർക്കാർ ദയനീയമായി തോറ്റു. തദ്ദേശ സ്ഥാപനങ്ങളുടെ കഴുത്തിന് സർക്കാർ പിടിച്ചിരിക്കുകയാണെന്നും വിഡി സതീശൻ വിമർശിച്ചു.സംസ്ഥാനത്തെ പിൻവാതിൽ നിയമനങ്ങളിൽ യുഡിഎഫ് സമരത്തിലേക്ക് നീങ്ങുകയാണെന്നും മുന്നണി ചെയർമാൻ കൂടിയായ പ്രതിപക്ഷ നേതാവ് പറഞ്ഞു.

കോൺഗ്രസ് നേതാക്കൾ കൊള്ളരുതാത്തവരാണെന്ന് മാധ്യമങ്ങൾക്ക് വിമർശിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഊതിവീർപ്പിച്ചാൽ പൊട്ടുന്ന ബലൂണുകളല്ല സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ. തിരുവനന്തപുരത്ത് നടന്ന സമരങ്ങളിൽ എംപിയായ ശശി തരൂർ പങ്കെടുത്തോയെന്നത് മാധ്യമങ്ങൾ പരിശോധിക്കൂ. മാധ്യമങ്ങൾ മര്യാദയുടെ സീമകൾ ലംഘിക്കുന്നു. കെ സുധാകരന്റെ ഇല്ലാത്ത കത്ത് മാധ്യമങ്ങൾ കൊണ്ടുവന്ന് സംസ്ഥാനത്തെ കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുകയാണ്. ഘടകക്ഷി നേതാക്കൾക്ക് കോൺഗ്രസ് നേതാക്കളോട് ഹൃദയ ബന്ധമാണുള്ളതെന്നും പാണക്കാട്ടെ ശശി തരൂരിന്റെ സന്ദർശനത്തിന് കിട്ടിയ സ്വീകരണത്തോട് വിഡി സതീശൻ പ്രതികരിച്ചു.

അതേസമയം ശശി തരൂർ മലബാറിൽ പര്യടനം നടത്തുകയാണ്. കോൺഗ്രസിന്റെ ഉന്നത നേതൃത്വത്തിൽ നിന്ന് അപ്രഖ്യാപിത വിലക്കുകൾ ഉണ്ടെങ്കിലും അതിനെ ലംഘിച്ച് കൊണ്ടാണ് അദ്ദേഹം മുന്നോട്ട് പോകുന്നത്. സംസ്ഥാന കോൺഗ്രസിൽ ഒരു വിഭാഗം അദ്ദേഹത്തോടൊപ്പമുണ്ട്. മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ഉറച്ച പിന്തുണയും അദ്ദേഹത്തിനുണ്ട്. ഇന്ന് പാണക്കാട് തറവാട്ടിലെത്തി മുതിർന്ന മുസ്ലിം ലീഗ് നേതാക്കളുമായി അദ്ദേഹം രാഷ്ട്രീയ വിഷയങ്ങൾ സംസാരിച്ചു. ശശി തരൂരിന്റെ സന്ദർശനത്തെ നല്ല രീതിയിലാണ് മുസ്ലിം ലീഗ് നേതൃത്വം സ്വീകരിച്ചത്. ഇതിന് ശേഷം മലപ്പുറം ഡിസിസിയിൽ എത്തിയ ശശി തരൂരിനെ സ്വീകരിക്കാൻ കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ മുഹമ്മദ്, ജില്ലയിലെ ഏക കോൺഗ്രസ് എംഎൽഎ എപി അനിൽകുമാർ തുടങ്ങി പ്രമുഖ നേതാക്കളാരും എത്തിയില്ലെന്നത് സംസ്ഥാനത്തെ കോൺഗ്രസിൽ ശശി തരൂരിനെതിരായ ഒരു വിഭാഗത്തിന്റെ നിലപാട് അടിവരയിട്ട് തെളിയിക്കുന്നതായി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പി.കെ ശശി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാൻ സിപിഎം, രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്
കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടകൊല : ചെന്താമരക്ക് അനുകൂലമായി കൂറുമാറിയ സാക്ഷികളെല്ലാം ബന്ധുക്കൾ