കൊടും ക്രൂരതയിൽ പൊലീസ് കേസിന് പിന്നാലെ വഴങ്ങി മകള്‍; വൃദ്ധ ദമ്പതികള്‍ക്ക് വീടിന്‍റെ താക്കോൽ തിരിച്ചു നൽകി

Published : Feb 01, 2025, 09:12 PM ISTUpdated : Feb 01, 2025, 09:13 PM IST
കൊടും ക്രൂരതയിൽ പൊലീസ് കേസിന് പിന്നാലെ വഴങ്ങി മകള്‍; വൃദ്ധ ദമ്പതികള്‍ക്ക് വീടിന്‍റെ താക്കോൽ തിരിച്ചു നൽകി

Synopsis

വർക്കല അയിരൂരിൽ പുറത്താക്കപ്പെട്ട വൃദ്ധ ദമ്പതികൾക്ക് വീടിന്‍റെ താക്കോൽ തിരിച്ച് നൽകി മകൾ. വീട്ടിൽ നിന്ന് ഇവരെ പുറത്താക്കിയ മകൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് താക്കോൽ തിരിച്ചു നൽകിയത്

തിരുവനന്തപുരം: വർക്കല അയിരൂരിൽ പുറത്താക്കപ്പെട്ട വൃദ്ധ ദമ്പതികൾക്ക് വീടിന്‍റെ താക്കോൽ തിരിച്ച് നൽകി മകൾ. വീട്ടിൽ നിന്ന്  ഇവരെ പുറത്താക്കിയ മകൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വീടിന്‍റെ താക്കോൽ മാതാപിതാക്കൾക്ക് തിരിച്ച് നൽകിയത്. മന്ത്രി ആർ ബിന്ദുവടക്കം വിഷയത്തിൽ ഇടപെട്ടിരുന്നു. ഇന്നലെ വൈകിട്ടാണ് വർക്കല അയിരൂരിൽ 79 വയസുള്ള സദാശിവൻ, ഭാര്യ 73  വയസുള്ള സുഷമ്മ എന്നിവരെ മകൾ സിജി വീടിന് പുറത്താക്കി വാതിൽ അടച്ചത്.

പൊലീസ് അടക്കം സ്ഥലത്തെത്തി വീട് തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും മകൾ തയ്യാറായിരുന്നില്ല. പിന്നാലെ അർബുദരോഗിയായ സദാശിവന്‍റെയും ഭാര്യ സുഷമ്മയുടെയും ആശുപത്രി രേഖകളും മരുന്നു കവറുകളും ജനൽ വഴി മകൾ പുറത്തേക്കിടുകയായിരുന്നു. അച്ഛനെയും അമ്മയെയും ഏറ്റെടുക്കാൻ സമീപത്ത് താമസിക്കുന്ന മകൻ സാജനും തയ്യാറായിരുന്നില്ല . തുടർന്ന് പൊലീസ് മാതാപിതാക്കളെ ഷെൽട്ടർ ഹോമിലേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും ഇവർ മറ്റൊരു ബന്ധുവിന്‍റെ വീട്ടിലേക്ക് മാറുകയായിരുന്നു.

ഇന്ന് വൃദ്ധരായ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മകൾക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്തതിനും  സ്വത്തു തട്ടിയെടുക്കാൻ ശ്രമിച്ചതിനും വഞ്ചന കുറ്റത്തിനുമാണ് അയിരൂർ പൊലീസ് മകൾ സിജിക്കും, ഭർത്താവിനുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പൊലീസ് കേസെടുത്തതിന് പിന്നാലെ വിഷയത്തിൽ അന്വേഷിച്ച് വേണ്ട നടപടികൾ സ്വീകരിക്കാൻ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു സാമൂഹ്യനീതി വകുപ്പ് ഡയറക്ടർക്കും ആർഡിഒയ്ക്കും നിർദ്ദേശം നൽകി.

കേസെടുത്തതിന് പിന്നാലെയാണ് ഇന്ന് രാവിലെ 11 മണിയോട് കൂടി വൃദ്ധ ദമ്പതികൾക്ക് വീടിന്‍റെ താക്കോൽ  തിരികെ ലഭിച്ചത്. മകൾ സിജി സഹോദരൻ സാജനെ ഏല്പിച്ച താക്കോൽ മാതാപിതാക്കൾക്ക് കൈമാറുകയായിരുന്നു. ഇവർ വീട്ടിലെത്തുന്നതിന് മുൻപ് തന്നെ മകളും കുടുംബവും വീട്ടിൽ നിന്ന് മാറിയിരുന്നു. സ്വത്ത് തർക്കത്തിന്‍റെ പേരിൽ നേരത്തെയും അച്ഛനെയും അമ്മയെയും സിജി വീട്ടിൽ നിന്ന് പുറത്താക്കിയിരുന്നു.

കൊടും ക്രൂരതയില്‍ നടപടി; മാതാപിതാക്കളെ വീട്ടിൽ നിന്ന് പുറത്താക്കിയ മകൾക്കെതിരെ കേസ്

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒടുവിൽ കൊച്ചിക്കാർ കാത്തിരുന്ന പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു; പണ്ഡിറ്റ് കറുപ്പൻ റോഡിൽ പുതിയ ആധുനിക ഫിഷ് ലാൻഡിംഗ് സെന്റർ ഉയരും
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: മുരാരി ബാബുവിന്റെ വീട്ടിലെ രേഖകൾ പിടിച്ചെടുത്ത് ഇഡി, പരിശോധന അവസാനിപ്പിച്ചു