
തിരുവനന്തപുരം: എസ്എസ്എൽവി വിക്ഷേപണം വിജയമായത് തൃശൂർ കൊടുങ്ങല്ലൂർ അഴീക്കോട് കെഎം സീതി മെമ്മോറിയൽ സ്കൂളിനും കണ്ണൂര്‍ കോളയാട് സെന്‍റ് കോര്‍ണേലിയസ് ഹയര്‍ സെക്കന്‍ററി സ്കളിനും അഭിമാന നിമിഷമായി. അഴീക്കോട് സ്കൂളിലെയും കോളയാട് സെന്‍റ് കോര്‍ണേലിയസ് സ്കൂളിലെ വിദ്യാർത്ഥികൾ കൂടി നിർമ്മാണ പങ്കാളികളായ ആസാദി സാറ്റ് 2 ഭ്രമണപഥത്തിലെത്തി. ദൗത്യത്തിൽ പങ്കാളികളായ കുട്ടികൾ ശ്രീഹരിക്കോട്ടയിലേക്ക് പോയിരുന്നു. വിക്ഷേപണം വിജയകരമായതിന്റെ സന്തോഷം പങ്കുവെക്കുകയാണ് അവരുടെ അധ്യാപകരും സുഹൃത്തുക്കളും. വിവിധ സംസ്ഥാനങ്ങളിലെ 75 സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നുള്ള 750 പെണ്‍കുട്ടികളുടെ കൂട്ടായ്മയിലാണ് സാദി സാറ്റ് നിര്‍മിച്ചത്.
ഐഎസ്ആർഒയുടെ എസ്എസ്എൽവി ഡി 2 എന്ന ആസാദി സാറ്റലൈറ്റ് ഭ്രമണപഥത്തിൽ വിജയിച്ച് എത്തുമ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ സന്തോഷമുള്ള രണ്ട് സ്കൂളുകളിലൊന്നാണ് കൊടുങ്ങല്ലൂർ അഴീക്കോട് കെ.എം സീതി മെമ്മോറിയൽ സ്‌കൂൾ. ഇവിടെ നിന്നുള്ള 10 കുട്ടികളാണ് ഈ സാറ്റലൈറ്റിൽ ഉപയോഗിച്ചിട്ടുള്ള കോഡിംഗ് നടത്തിയിട്ടുള്ളത്. അവരുടെ സഹപാഠികളെക്കുറിച്ചോർത്ത് അഭിമാനം തോന്നുന്നു എന്നാണ് മറ്റ് കുട്ടികളുടെ പ്രതികരണം. മാത്രമല്ല ഈ കുട്ടികൾ പ്രചോദനം കൂടിയാണ്. അഭിമാനം തോന്നുന്നു എന്നാണ് അധ്യാപകരുടെയും വാക്കുകൾ.
തീരദേശ മേഖലയിൽ നിന്നുള്ള സ്കൂളാണ്. അവിടുത്തെ കുട്ടികളാണ് ഇവിടെ കൂടുതലും പഠിക്കുന്നത്. മാനേജ്മെന്റിന്റെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയോട് കൂടിയാണ് ഇങ്ങനെയൊരു വിജയം നേടാൻ ഈ സ്കൂളിന് സാധിച്ചത്. രാജ്യത്തെ 75 സ്കൂളുകളിൽ നിന്ന് തെരഞ്ഞെടുത്ത 750 പെൺകുട്ടികളാണ് ഈ ഉപഗ്രഹത്തിന്റെ ഭാഗങ്ങൾ ഡിസൈൻ ചെയ്തത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 9.18-ഓടെയാണ് റോക്കറ്റ് വിക്ഷേപിച്ചത്. മൂന്ന് ഉപഗ്രഹങ്ങളെയാണ് ഈ ദൗത്യത്തിൽ എസ്എസ്എൽവി ബഹിരാകാശത്ത് എത്തിച്ചത്. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 07, ഇന്തോ അമേരിക്കൻ കമ്പനിയായ അന്‍റാരിസിന്‍റെ, ജാനസ് 1, ഇന്ത്യയുടെ സ്പേസ് സ്റ്റാർട്ടപ്പായ സ്പേസ് കിഡ്സ് നിർമിച്ച ആസാദി സാറ്റ് 2 എന്നിവയാണ് എസ്എസ്എൽവി ഭ്രമണപഥത്തിലെത്തിച്ചത്.
ഐഎസ്ആർഒയുടെ എസ്എസ്എൽവി ഡി 2 എന്ന ആസാദി സാറ്റലൈറ്റ് വിക്ഷേപണം വിജയിച്ചതില്‍ കണ്ണൂര്‍ കോളയാട് സെന്‍റ് കോര്‍ണേലിയസ് ഹയര്‍ സെക്കന്‍ററി സ്കളിലെ വിദ്യാര്‍ത്ഥികളും വലിയ ആഘോഷത്തിലാണ്. സാറ്റലൈറ്റിനായുള്ള ഒരു ചിപ്പ് നിര്‍മ്മിച്ച് നല്‍കിയത് സെന്‍റ് കോര്‍ണേലിയസ് ഹയര്‍ സെക്കന്‍ററി സ്കളിലെ വിദ്യാര്‍ത്ഥികളാണ്. ചൂടും, സമ്മര്‍ദ്ദവുമെല്ലാം നിയന്ത്രിക്കുന്ന ഒരു പേ ലോഡാണ് കുട്ടികള്‍ എസ്എസ്എൽവി ഡി 2 വിനായി തയ്യാറാക്കിയത്. നേരത്തെ വിക്ഷേപണം ചെയ്ത് പരാചയപ്പെട്ട ബഹിരാകാശ വാഹനത്തിനായും ഇവര്‍ ഒരു ചിപ്പ് നിര്‍മ്മിച്ച് നല്‍കിയിരുന്നു. ഇന്ന് രാജ്യത്തിന് അഭിമാനമായ ചരിത്ര ദൌത്യത്തില്‍ പങ്കാളികളായതിന്‍റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് ഈ കുട്ടികള്‍.
എസ്എസ്എല്‍വി പരീക്ഷണം വിജയം; ബഹിരാകാശ രംഗത്ത് ഇന്ത്യയ്ക്ക് ഒരു തുരുപ്പ്ചീട്ട്; അറിയാം