തിരുവനന്തപുരം: കൊവിഡ് മഹാമാരിക്കൊപ്പം സഞ്ചരിക്കുന്ന കേരളത്തിൽ ഒരു തെരഞ്ഞെടുപ്പ് വരുമ്പോൾ ജനം ചിന്തിക്കുന്നത് എന്താണ് എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വെ അന്വേഷിച്ചത്. സര്‍വെയിൽ പങ്കെടുത്തവര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചിന്തിച്ചത് എങ്ങനെയെന്നും ഇപ്പോൾ മാറി ചിന്തിക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ടെന്നും സര്‍വെ സമഗ്രമായി വിലയിരുത്തുന്നു. മുന്നണിക്കാണോ നേതാവിനാണോ വോട്ടെന്ന ചോദ്യത്തോടും ജനം പ്രതികരിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചിന്തിച്ചതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം തേടിയപ്പോൾ മാനദണ്ഡമാക്കിയത് ഏറ്റവും ഒടുവിൽ നടന്ന പഞ്ചായത്ത് നിയമസഭ ലോക് സഭാ തെരഞ്ഞെടുപ്പുകളാണ്. ഏറ്റവും അവസാനം നടന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ സര്‍വെയിൽ പങ്കെടുത്ത 48 ശതമാനം പേര്‍ പിന്തുണച്ചത് എൽഡിഎഫിനെ ആണ്. 42 ശതമാനം പേര്‍ യുഡിഎഫിനും 7 ശതമാനം പേര്‍ എൻഡിഎക്കും 3 ശതമാനം ആളുകൾ മറ്റുള്ളവരെയും പിന്തുണച്ചവരാണ്.
നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 49 ഉം യുഡിഎഫ് 39 ഉം എൻഡിഎ 9 ഉം മറ്റുള്ളവര്‍ 3 ഉം ശതമാനം പിന്തുണ നേടിയിട്ടുണ്ടെന്നാണ് സര്‍വെ കണക്ക്. ലോക് സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 35 ശതമാനത്തിലേക്ക് ഒതുങ്ങിയപ്പോൾ യുഡിഎഫ് 50 ശതമാനം പേരുടെ പിന്തുണ ഉറപ്പിച്ചു. എൻഡിഎ 12 ശതമാനം പേരുടെ പിന്തുണയും മറ്റുള്ളവര്‍ 3 ശതമാനം പേരുടെ വോട്ടും നേടിയിട്ടുണ്ട്.
മാറിച്ചിന്തിക്കുന്നുണ്ടെങ്കിൽ അതിന് കാരണം മികച്ച മുന്നണിയോ മികച്ച നേതാക്കളോ എന്നായിരുന്നു കൂട്ടത്തിലെ പ്രധാന ചോദ്യം. 43 ശതമാനം ആളുകൾ മികച്ച മുന്നണിയെന്ന് അഭിപ്രായപ്പെട്ടപ്പോൾ 57 ശതമാനം ആളുകൾ മികച്ച നേതാവെന്ന് വിലയിരുത്തി.