കല്ലട ബസിലെ ആക്രമണം: കേസ് അന്വേഷിച്ച പൊലീസുകാര്‍ക്ക് സ്ഥലം മാറ്റം

By Web TeamFirst Published May 1, 2019, 1:44 PM IST
Highlights

അന്വേഷണ ഉദ്യോഗസ്ഥരെ ഇടുക്കിയിലേക്കാണ് സ്ഥലം മാറ്റിയത്. യാത്രക്കാരായ മൂന്ന് യുവാക്കളെ സുരേഷ് കല്ലട ബസ് ജീവനക്കാർ മർദ്ദിച്ചെന്ന പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. 

കൊച്ചി: കല്ലട ബസ് ജീവനക്കാർ യാത്രക്കാരെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട കേസ് അന്വേഷിച്ച മരട് എസ് ഐ അടക്കം നാല് പൊലീസുകാരെ സ്ഥലം മാറ്റി. എസ്ഐ ബൈജു മാത്യു, സിപിഒ മാരായ സുനിൽ എം എസ്, സുനിൽകുമാർ, പൊലീസ് ഡ്രൈവർ ബിനേഷ് എന്നിവരെയാണ് സ്ഥലം മാറ്റിയത്. ഇടുക്കിയിലേക്കാണ് സ്ഥലം മാറ്റം. പൊലീസ് ആദ്യം സഹകരിച്ചില്ലെന്ന യാത്രക്കാരനായ അജയഘോഷിന്‍റെ പരാതിയിലാണ് നടപടി. 

യാത്രക്കാരായ മൂന്ന് യുവാക്കളെ സുരേഷ് കല്ലട ബസ് ജീവനക്കാർ മർദ്ദിച്ചെന്ന പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്.  15 അംഗ സംഘം ബസിലേക്ക് ഇരച്ചുകയറിയാണ് വയനാട്, പാലക്കാട് സ്വദേശികളെ ക്രൂരമായി മർദ്ദിച്ചത് ബസിലെ യാത്രക്കാരനായ ജേക്കബ് ഫിലിപ്പ് തന്റെ ഫോണിൽ ഈ വീഡിയോ ദൃശ്യം പകർത്തുകയും പിന്നീട് ഫെയ്സ്ബുക്കിൽ പങ്കുവച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. 

വൈറ്റിലയിൽ വച്ച് മർദ്ദിച്ചവശരാക്കിയ ശേഷം യുവാക്കളെയും അജയ് ഘോഷ് എന്ന മറ്റൊരാളെയും ഇവർ ഇറക്കിവിട്ടു. മർദ്ദനമേറ്റത് പാലക്കാട് സ്വദേശിക്കും വയനാട് സുൽത്താൻ ബത്തേരി സ്വദേശിക്കുമാണ്. ഇരുവരും ഈറോഡ് പഠിക്കുന്ന വിദ്യാർത്ഥികളാണ്. 

സംഭവത്തില്‍ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സുരേഷ് കല്ലട ഉടമയെയും ചോദ്യം ചെയ്തിരുന്നു. സംഭവത്തില്‍ കൂടുതല്‍ നടപടിയിലേക്ക് കടക്കുന്നതിനിടെയാണ് സ്ഥലംമാറ്റം. 

click me!