
പത്തനംതിട്ട ജില്ലയ്ക്ക് പുതിയ മന്ത്രിസഭയിൽ അർഹമായ ഒരു മന്ത്രിസ്ഥാനം ലഭിക്കേണ്ടതായിരുന്നുവെന്ന് നിയുക്ത എം എൽ എ പഴകുളം മധു. വ്യക്തിപരമായി തനിക്ക് മന്ത്രിയാകണമെന്ന് യാതൊരുവിധ ആഗ്രഹവും ഉണ്ടായിരുന്നില്ലെന്നും, മന്ത്രിസ്ഥാനത്തിനായി പാർട്ടിയുടെ ഒരു മുതിർന്ന നേതാവിനോടും താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വി ഡി സതീശൻ സർക്കാരിന്‍റെ സത്യപ്രതിജ്ഞയുടെ രണ്ടാം ദിനത്തിലാണ് മധുവിന്‍റെ പരസ്യ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. കെ സി വേണുഗോപാലിനെതിരായ ആക്രമണത്തിൽ പ്രതികരിച്ചതുമായി ബന്ധപ്പെട്ട് തനിക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള അധിക്ഷേപങ്ങളാണ് നടന്നത്. കോൺഗ്രസ് പാർട്ടിയിലെ ഉന്നതനായ ഒരു നേതാവിനെ വ്യക്തിപരമായി ആക്രമിച്ചപ്പോൾ അത് തെറ്റാണെന്ന് മാത്രമാണ് താൻ പറഞ്ഞതെന്നും പഴകുളം മധു ഓർമ്മിപ്പിച്ചു. സോഷ്യൽ മീഡിയയിലൂടെ നടന്ന ഈ ബോധപൂർവ്വമായ അധിക്ഷേപങ്ങൾ മാനസികമായി വലിയ പ്രയാസമാണുണ്ടാക്കിയതെന്നും, ഇതിന് പിന്നിൽ ചില കോൺഗ്രസ് വമ്പന്മാർ തന്നെയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
പത്തനംതിട്ടയിൽ നിന്നുള്ള യു ഡി എഫ്. വിജയത്തിന് പിന്നാലെ മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങളും ചർച്ചകളും സജീവമാകുന്ന ഘട്ടത്തിലാണ് സോഷ്യൽ മീഡിയയിലെ സൈബർ ആക്രമണങ്ങൾക്കെതിരെയും പാർട്ടിയിലെ ഗ്രൂപ്പ് പോരുകൾക്കെതിരെയും നിയുക്ത എം എൽ എയുടെ ഈ തുറന്നുപറച്ചിൽ. വരും ദിവസങ്ങളിൽ ജില്ലയിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഈ പ്രസ്താവന വലിയ ചർച്ചകൾക്ക് വഴിതുറക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam