
കൊച്ചി : കളമശേരി മെഡിക്കൽ കോളേജിൽ ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ച രോഗിയെ പൊലീസ് അറസ്റ്റ് ചെയ്തു. വട്ടേക്കുന്ന് സ്വദേശി ഡോയൽ വാൾഡിനാണ് പിടിയിലായത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സക്കായി മെഡിക്കൽ കോളേജിലെത്തിയതായിരുന്നു ഡോയൽ. ചികിത്സ നൽകുന്നതിനിടെ ഇയാൾ മുഖത്തടിച്ചുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായുമാണ് മെഡിക്കൽ കോളേജിലെ ഡോ. ഇർഫാൻ ഖാൻ നൽകിയ പരാതിയിലെ ആരോപണം. വനിതാ ജീവനക്കാരെ പ്രതി അസഭ്യം പറഞ്ഞുവെന്നും പരാതിയിലുണ്ട്.
ആശുപത്രിയിൽ കൂട്ടുകാരുമൊത്താണ് ഡോയൽ എത്തിയത്. പിന്നാലെ കുടുംബാംഗങ്ങളും എത്തിയിരുന്നു. ഇവരുടെ സാന്നിദ്ധ്യത്തിലാണ് പ്രശ്നമുണ്ടാക്കിയത്. ആശുപത്രിയിലെത്തിയത് മുതൽ അസ്വാഭാവികമായ നിലയിലായിരുന്നു ഡോയലിന്റെ പെരുമാറ്റം. ജീവനക്കാരോട് തട്ടിക്കയറിയ ഇയാൾ സെക്യൂരിറ്റി ജീവനക്കാരനെ തള്ളിമാറ്റി. ചികിത്സക്കാനായി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഇർഫാൻ എത്തിയപ്പോൾ പ്രതി ആക്രമിക്കുകയും മുഖത്തടിക്കുകയുമായിരുന്നു. അതിന് ശേഷവും പ്രതി ആശുപത്രിക്കുള്ളിൽ ബഹളം വെച്ചു. ഇതോടെ ആശുപത്രി ജീവനക്കാർ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തു. ഡോയൽ മദ്യപിച്ചിരുന്നുവെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. മറ്റ് ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്നും പരിശോധിക്കുകയാണ്. ആശുപത്രി ആക്രമണത്തിൽ ഡോക്ടർമാരുടെ സംഘടനകൾ പ്രതിഷേധം രേഖപ്പെടുത്തി.
അതിനിടെ, തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡോക്ടറെ അധിക്ഷേപിച്ചയാളെ ആശുപത്രി സംരക്ഷണനിയമം ചുമത്തി അറസ്റ്റ് ചെയ്തു. പൂജപ്പുര സ്വദേശി ശബരിയെയാണ് അറസ്റ്റ് ചെയ്തത്. അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷയ്ക്കൊപ്പം ലഹരിക്കെതിരെ സർക്കാരിന്റെ അടിയന്തര നടപടികൾ വേണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. ബൈക്ക് മറിഞ്ഞ് കൈമുറിഞ്ഞ് എത്തിയയാളാണ് ഇന്നലെ രാത്രി ഡോക്ടർക്കെതിരെ തിരിഞ്ഞത്. മുറിവ് മരുന്നുവെച്ചു കെട്ടുന്നതിനിടെ പ്രകോപിതനായി ഇയാൾ ഡോക്ടറെ അധിക്ഷേപിച്ചു. മറ്റൊരു രോഗിയുമായി ആശുപത്രിയിലെത്തിയ പൊലീസിന്രെ സഹായത്തോടെയാണ് ഇയാളെ പിടിച്ചുമാറ്റിയത്. നിലവിലുള്ള ആശുപത്രി സംരക്ഷണ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പായതിനാൽ റിമാൻഡിലാണ്. കാരണമില്ലാതെയുള്ള പ്രകോപനത്തിനു പിന്നിലെന്താണെന്ന് പൊലീസ് പരിശോധിക്കുകയാണ്. അക്രമി ലഹരിക്കടിമയാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സ്ഥിരമായുള്ള അതിക്രമങ്ങളിൽ ലഹരിയുടെ സാന്നിധ്യത്തിൽ സർക്കാർ പരിശോധിച്ച് നടപടിയെടുക്കണമെന്നാണ് ഡോക്ടമാരുടെ ആവശ്യം.