
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയില്‍ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ കേസ്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയിലാണ് രോഗിയുടെ കുടുംബം കേസ് ഫയല്‍ ചെയ്തത്. 84 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി, കൊവിഡ് നോഡല്‍ ഓഫിസറായിരുന്ന ഡോ.അരുണ, ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്.ഷര്‍മദ് എന്നിവരെ എതി ര്‍കക്ഷികളാക്കിയാണ് കേസ്.
ചികിത്സ നല്‍കാൻ ഉത്തവാദപ്പെട്ടവര്‍ അത് നല്‍കിയില്ല. രോഗിയുടെ ആരോഗ്യസ്ഥിതി മോശമായിട്ടും മികച്ച ചികിത്സയും പരിചരണവും നിഷേധിച്ചു , കുടുംബത്തിന് അത്താണിയാകേണ്ട ഒരാളെ കിടപ്പുരോഗിയാക്കി തുടങ്ങിയ കാര്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുള്ളത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പരിചരണത്തില്‍ വീഴ്ച പറ്റിയെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ടും അതിന്റെ തുടര്‍ച്ചയായി ഡോ.അരുണയെ ഉൾപ്പെടെ സസ്പെന്‍ഡ് ചെയ്ത നടപടിയും വാദി ഭാഗത്തിന്‍റെ നിലപാടിന് ശക്തി പകരും.
മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സക്ക് ശേഷം തലയോട് ചേര്‍ന്ന് ഉറച്ചുപോയ കൈകള്‍ മറ്റൊരു ആശുപത്രിയിലെ ചികില്‍സയിലൂടെ പൂര്‍വ സ്ഥിതിയിലാക്കിയ റിപ്പോര്‍ട്ടും കോടതിയില്‍ ഹാജരാക്കുന്നുണ്ട്. കേസിനെക്കുറിച്ച് അറിയില്ലെന്നാണ് ഡോ.അരുണയുടെ മറുപടി. സര്‍ക്കാരും പ്രതിയായ കേസില്‍ കോടതിയില്‍ സര്‍ക്കാര്‍ എടുക്കുന്ന നിലപാടും പ്രസക്തമാണ്. ജോലിക്കു പോയി മടങ്ങിയെത്തുമ്പോൾ, വീണ് പരിക്കേറ്റ അനില്‍കുമാറിനെ കൊവിഡ് ബാധിച്ചതോടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിച്ചപ്പോൾ മുറിവിൽ പുഴുവരിച്ചു തുടങ്ങിയിരുന്നു. പിന്നീട് പേരൂര്‍ക്കര സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയിലാണ് അനിൽകുമാര്‍ ആരോഗ്യം വീണ്ടെടുത്തത്. ഇപ്പോഴും ചികില്‍സ തുടരുകയാണെന്നും ബന്ധുക്കള്‍ പറയുന്നു. ഡോ.അരുണയെ സസ്പെന്‍ഡ് ചെയ്ത നടപടിക്കെതിരെ ഡോക്ടര്‍മാര്‍ ഒന്നടങ്കം പ്രതിഷേധവുമായി എത്തിയതോടെ സസ്പെന്‍ഷൻ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam