ബ്ലാക്ക് ഫംഗസ് രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗി മരിച്ചു

By Web TeamFirst Published May 21, 2021, 9:31 PM IST
Highlights

പാലക്കാട് സ്വദേശി ഹംസയാണ് മരിച്ചത്. ബ്ലാക്ക് ഫംഗസ് ബാധ തന്നെയായിരുന്നോ എന്ന് സ്ഥിരീകരിക്കാനായി സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 

കോഴിക്കോട്: ബ്ലാക്ക് ഫംഗസ് രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗി മരിച്ചു. പാലക്കാട് സ്വദേശി ഹംസയാണ് മരിച്ചത്. ബ്ലാക്ക് ഫംഗസ് ബാധ തന്നെയായിരുന്നോ എന്ന് സ്ഥിരീകരിക്കാനായി സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 

വിവിധ ജില്ലകളില്‍ നിന്നുള്ള ഒന്‍പത് പേരാണ് ഇപ്പോള്‍ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. രോഗ ബാധിതര്‍ കൂടിയാല്‍ പ്രത്യേക വാര്‍ഡ് തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. ബ്ലാക്ക് ഫംഗസ് രോഗ ചികിത്സയുടെ ഏകോപനത്തിന് ആശുപത്രിയില്‍ ഏഴംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് കണ്‍വീനറായുള്ള സമിതിയാണിത്. എല്ലാ ദിവസവും സമിതി ചേര്‍ന്ന് സ്ഥിതി വിലയിരുത്തും.

അതേസമയം ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള മരുന്ന് ലഭ്യമാകാത്ത അവസ്ഥയാണുള്ളത്. ദിവസവും ഒരു രോഗിക്ക് ആറ് വയല്‍ മരുന്ന് വേണം. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇപ്പോള്‍ സ്റ്റോക്കുള്ളത് പത്ത് വയല്‍ മരുന്ന് മാത്രമാണ്. കൂടുതല്‍ മരുന്ന് എത്തിക്കാനുള്ള ശ്രമം തുടരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!