
പാലക്കാട്: പട്ടാമ്പിക്കടുത്ത് കൊപ്പത്ത്, പട്ടിക്ക് തീറ്റ കൊടുക്കാത്തതിന് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് സംശയമുണ്ടെന്ന് കൊല്ലപ്പെട്ട ഹർഷാദിന്റെ ബന്ധുക്കൾ. ഹർഷാദിനെ ആശുപത്രിയിലെത്തിച്ചപ്പോൾ, പ്രതി ഹക്കീമിനൊപ്പം രണ്ടു പേർ കൂടി ഉണ്ടായിരുന്നു. ഇവരുടെ പങ്കും അന്വേഷിക്കണമെന്ന് ഹർഷാദിന്റെ മാതാപിതാക്കൾ ആവശ്യപ്പെട്ടു. പ്രതി ഹക്കീം ലഹരിക്കടിമയാണ്. ഇക്കാര്യം ഇപ്പോഴാണ് അറിയുന്നത്. ഹർഷാദിനെ ഹക്കീം നേരത്തെയും മർദ്ദിച്ചിട്ടുണ്ട്. ഇക്കാര്യം ഹർഷാദ് പറഞ്ഞിരുന്നതായും മാതാപിതാക്കൾ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെയാണ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റെന്ന് പറഞ്ഞ് ഹർഷാദിനെ ഹക്കീം ആശുപത്രിയിലെത്തിച്ചത്. പിന്നാലെ ഹക്കീം മുങ്ങി. ഉച്ചയോടെ ഹർഷാദിന്റെ മരണം സ്ഥിരീകരിച്ചു. പോസ്റ്റ്മോർട്ടം പരിശോധനയിൽ ഹർഷാദിന്റെ ശരീരത്തിലെ പരിക്കുകൾ കെട്ടിടത്തിന് മുകളിൽ നിന്ന് വീണതുകൊണ്ട് ഉണ്ടായതല്ലെന്ന് വ്യക്തമായി. പിന്നാലെ ഹക്കീമിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഹർഷാദിനെ കൊലപ്പെടുത്തിയത് അതിക്രൂരമായ മർദ്ദനത്തിലൂടെയെന്ന് പോസ്റ്റ്മോർട്ടത്തിൽ നിന്ന് വ്യക്തമായതായി പൊലീസ്. നായയുടെ കഴുത്തിലെ ബെൽറ്റ് കൊണ്ടും മരക്കഷണം ഉപയോഗിച്ചും ഹർഷാദിനെ ഹക്കീം മർദ്ദിച്ചു. മർദ്ദനത്തെ തുടർന്ന് വാരിയെല്ലുകൾ തകർന്ന ഹർഷാദ്, ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് മരിച്ചത്. ഹർഷാദിന്റെ ശരീരത്തിൽ മർദ്ദനമേറ്റ 160 പാടുകളുണ്ടായിരുന്നു. ഇതിൽ ചിലത് നേരത്തെ ഉണ്ടായിരുന്നതാണ്. ഹർഷാദിനെ, ഹക്കീം നേരത്തെയും മർദ്ദിച്ചിരുന്നെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നതെന്ന് പൊലീസ് പറഞ്ഞു.
കൊല്ലപ്പെട്ട ഹർഷാദിന്റെ അമ്മാവന്റെ മകനാണ് ഹക്കീം. സ്വകാര്യ കമ്പനിയുടെ കേബിളിടുന്ന ജോലിക്കാരായിരുന്നു ഇരുവരും. നാല് മാസം മുൻപാണ് ഇവർ ഒരുമിച്ച് താമസം തുടങ്ങിയത്. ഹർഷാദ് നേരത്തെ ഹോട്ടൽ ജീവനക്കാരനായിരുന്നു. ഹക്കീമാണ് ഹർഷാദിനെ നിർബന്ധിച്ച് കേബിളിടുന്ന ജോലിയിലേക്ക് കൊണ്ടുവന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam