2019 സെപ്തംബർ അഞ്ചിനാണ് പോള്‍ മുത്തൂറ്റ് വധക്കേസില്‍ ഏട്ടു പ്രതികളുടെ ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കിയത്. രണ്ടാം പ്രതി കാരി സതീഷ് ഒഴികെയുള്ളവരുടെ ശിക്ഷയാണ് ഒഴിവാക്കിയത്. ഒന്നാം പ്രതി ജയചന്ദ്രന്‍, മൂന്നാം പ്രതി സത്താര്‍, നാലാം പ്രതി സുജിത്ത് , അഞ്ചാം പ്രതി ആകാശ്, ആറാം പ്രതി ഫൈസല്‍, ഏഴാം പ്രതി രാജീവ് കുമാര്‍, എട്ടാം പ്രതി ഷിനോ പോള്‍ എന്നിവരുടെ മേല്‍ ചുമത്തിയിരുന്ന കൊലക്കുറ്റവും കോടതി നീക്കിയിരുന്നു. ഇവര്‍ കുറ്റകൃത്യങ്ങളില്‍ നേരിട്ട് പങ്കെടുത്തെന്ന് പറയത്തക്ക തെളിവുകളില്ലെന്ന് നിരീക്ഷിച്ചായിരുന്നു കേരള ഹൈക്കോടതി നടപടി.
ഹൈക്കോടതി വിധിക്കെതിരെ സി ബി ഐ ഇതുവരെ അപ്പീൽ ഫയൽ ചെയ്തിരുന്നില്ല. എന്നാൽ ഇപ്പോൾ പോൾ മൂത്തൂറ്റിന്റെ കുടുംബം നേരിട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. എട്ടു പ്രതികളുടെ ജീവപര്യന്തം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ പ്രത്യേകം പ്രത്യേകം അപ്പീലാണ് നൽകിയിരിക്കുന്നത് .കേസിലെ ഒന്നാം പ്രതി ജയചന്ദ്രനെ വിട്ടയച്ച വിധിക്കെതിരായ അപ്പീൽ നാളെ സുപ്രിം കോടതി പരിഗണിക്കും.ജസ്റ്റിസ് അബ്ദുൾ നസീർ അധ്യക്ഷനായ ബഞ്ചാകും ഹർജി പരിഗണിക്കുക. ഒമ്പത് പ്രതികളും കുറ്റക്കാരാണെന്ന് എല്ലാ വശങ്ങളും പരിഗണിച്ചാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്. എന്നാൽ ഹൈക്കോടതിയിൽ കേസ് എത്തിയപ്പോൾ കോടതി എല്ലാ കാര്യങ്ങളും പരിഗണിച്ചില്ലെന്നും കൊലപാതകം നടത്തിയത് രണ്ടാം പ്രതിയായ കാരി സതീഷ് മാത്രമാണെന്ന സാങ്കേതികത്വം കണക്കിലെടുത്താണ് മറ്റു പ്രതികളെ വിട്ടയച്ചതെന്നും ഇതുവഴി സ്വഭാവിക നീതി നിഷേധിക്കപ്പെട്ടെന്നുമാണ് ഹർജിക്കാരനായ ജോർജ്ജ് മൂത്തൂറ്റ് ജോർജ്ജ് പറയുന്നത്.
പതിനേഴുകാരന്‍റെ മൊബൈല്‍ തട്ടിപ്പറിച്ചോടി, യുവാവിനെ പൊലീസ് പൊക്കി; പിടിയിലായത് നിരവധി കേസിലെ പ്രതി
ജോർജ്ജ് മൂത്തൂറ്റ് ജോർജ്ജിനായി കെഎംഎൻപി അസോസിയേറ്റ്സ് വഴി അഭിഭാഷകരായ കുര്യാക്കോസ് വർഗീസ്, ശ്യാം മോഹൻ എന്നിവരാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയതത്. 2009 ആഗസ്ത് 22ന് രാത്രിയാണ് നെടുമുടി പൊങയില്‍ വെച്ച് മുത്തൂറ്റ് ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പോള്‍ എം ജോര്‍ജ് കൊല്ലപ്പെടുന്നത്. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് പിന്നീട് സിബിഐ അന്വേഷിക്കുകയായിരുന്നു. 2015 സെപ്റ്റംബറില്‍ തിരുവനന്തപുരം സിബിഐ കോടതിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. ഈ വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam