
കൊച്ചി: എംജി യൂണിവേഴ്സിറ്റി ബിഎ ആര്‍ക്കിയോളജി ആന്‍റ് ഹിസ്റ്ററി പരീക്ഷയില്‍ ഒന്നാംറാങ്ക് നേടി ബിഹാറില്‍ നിന്നുള്ള ഇതര സംസ്ഥാന തൊഴിലാളിയുടെ മകള്‍. ബിഹാറിലെ ഷെയ്ക്ക്പുരയിലെ ഗോസായ്മതി ഗ്രാമത്തിലെ സ്വദേശിയും, ദീര്‍ഘകാലമായി കൊച്ചിയില്‍ താമസിക്കുന്നയാളുമായ പ്രമോദ് കുമാറിന്‍റെ മകള്‍ പായല്‍ കുമാരിയാണ് ഈ നേട്ടം കൈവരിച്ചത്. എറാണകുളത്ത് വീട്ടുജോലിക്കാരനാണ് പ്രമോദ് കുമാര്‍.
പെരുമ്പാവൂര്‍ മാര്‍ത്തോമ വനിത കോളേജിലാണ് പായല്‍ തന്‍റെ ബിരുദം ഒന്നാം റാങ്കോടെ പൂര്‍ത്തിയാക്കിയത്. 85 ശതമാനം മാര്‍ക്കാണ് ബിഎ ആര്‍ക്കിയോളജി ആന്‍റ് ഹിസ്റ്ററി (സെക്കന്‍റ് മോഡ്യൂള്‍) പായല്‍ നേടിയത്. നേരത്തെ പത്താംക്ലാസ് പരീക്ഷയില്‍ പായല്‍ 85 ശതമാനം മാര്‍ക്ക് നേടിയിരുന്നു. ഹയര്‍ സെക്കന്‍ററിയില്‍ തിളക്കമാര്‍ന്ന വിജയം 95 ശതമാനം മാര്‍ക്കോടെയായിരുന്നു. ഇടപ്പള്ളി ഗവ.ഹയര്‍ സെക്കന്‍ററി സ്കൂളില്‍ നിന്നാണ് പ്ലസ് ടു പാസായത്.
മകളുടെ നേട്ടത്തില്‍ നിറഞ്ഞ സന്തോഷത്തിലാണ് പ്രമോദ് കുമാര്‍. എട്ടാം ക്ലാസുവരെ മാത്രം ഔദ്യോഗിക വിദ്യാഭ്യാസം നേടിയിട്ടുള്ള ഇദ്ദേഹം. മക്കള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കുന്നതിലൂടെ അവര്‍ക്ക് മികച്ചൊരു ജീവിതം ലഭ്യമാകും എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ്. തുടര്‍ന്നുള്ള പഠനത്തിന് കുടുംബം ഒപ്പമുണ്ടാകും എന്നാണ് അമ്മ ബിന്ദു ദേവി പറയുന്നത്. മകളെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയായി കാണണമെന്നാണ് ഈ ബിഹാറി ദമ്പതികളുടെ ആഗ്രഹം.
പത്താം ക്ലാസ് മുതല്‍ പുരവസ്തു ഗവേഷണത്തോടും, ചരിത്രത്തോടും തോന്നിയ താല്‍പ്പര്യമാണ് ഈ വിഷയത്തില്‍ ബിരുദം എടുക്കാന്‍ കാരണമെന്ന് പായല്‍ പറയുന്നു. ബിരുദാനന്തര ബിരുദം ചെയ്യാനാണ് താല്‍പ്പര്യമെന്നും പായല്‍ പറയുന്നു. കേരളത്തില്‍ വന്നിട്ട് വര്‍ഷങ്ങളായതിനാലും പഠിച്ചതും വളര്‍ന്നതും ഇവിടെ ആയതിനാലും നന്നായി മലയാളം സംസാരിക്കും പായല്‍. കേരളം ഇപ്പോള്‍ സ്വന്തം നാടുപോലെയാണെന്ന് പായല്‍ പറയും.
ഒരുഘട്ടത്തില്‍ വീട്ടിലെ ബുദ്ധിമുട്ടുകള്‍ കാരണം പഠനം നിര്‍ത്താന്‍ ആലോചിച്ചതാണ് എന്നാല്‍ കൂട്ടുകാരും, അദ്ധ്യാപകരും ഊര്‍ജ്ജം നല്‍കി. കഠിനാദ്ധ്വാനം എടുത്താല്‍ ഫലം ലഭിക്കും എന്നാണ് വിശ്വസിക്കുന്നത് അത് തന്നെ നടന്നു.
ഒരു സഹോദരനും സഹോദരിയുമാണ് പായലിന് ഉള്ളത്. മൂത്ത സഹോദരന്‍ ആകാശ് കുമാര്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. സഹോദരി പല്ലവി രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. കൊച്ചിയിലെ വാടക വീട്ടിലാണ് ഈ കുടുംബം കഴിയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam