'മകളെക്കൊണ്ട് പൊലീസുകാരന്‍ പീഡന പരാതി കൊടുപ്പിച്ചു'; ആരോപണവുമായി പയ്യന്നൂര്‍ സ്വദേശി

By Web TeamFirst Published Sep 24, 2021, 10:56 AM IST
Highlights

'ഷമീമിനെ പുറത്ത് വിളിച്ച് കടയിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്ന് പറഞ്ഞ് കേസെടുക്കുമെന്ന് വിരട്ടി. ഇതോടെ എസ്ഐക്കെതിരെ ഷമീം എസ്പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി'. 

പയ്യന്നൂര്‍: വ്യാപാരിയോടുള്ള വ്യക്തിവൈരാഗ്യം തീർക്കാൻ കണ്ണൂരിൽ പൊലീസ് (police) ഉദ്യോഗസ്ഥൻ മകളെക്കൊണ്ട് പീഡനക്കേസ് (rape complaint) കൊടുപ്പിച്ചെന്ന് പരാതി. പയ്യന്നൂരിൽ ടയറ് കട നടത്തുന്ന ഷമീമുമായി പൊതുഇടത്തിൽ ബഹളം വച്ചതിന് അച്ചടക്ക നടപടി ഏറ്റുവാങ്ങേണ്ടി വന്ന സബ് ഇൻസ്പെക്ർ പ്രതികാരം ചെയ്യാനായി 16 വയസുള്ള സ്വന്തം മകളെക്കൊണ്ട് പരാതി നൽകിച്ചതെന്നാണ് ആക്ഷേപം. പോക്സോ കേസ് രജിറ്റർ ചെയ്തെങ്കിലും പരാതിയിൽ സംശയം ഉള്ളതിനാൽ  അന്വേഷണം ജില്ലാ ക്രൈംബ്രാ‌ഞ്ചിന് വിട്ടു.

പയ്യന്നൂർ പെരുമ്പയിലെ ബേക്കറിയിൽ കേക്ക് വാങ്ങിക്കാനായി എത്തിയ എസ്ഐയോട് കാറ്, ടയറ് സർവ്വീസ് കടയുടെ മുന്നിൽ നിന്ന് മാറ്റിയിടാന്‍ ഷമീം ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങളുടെ തുടക്കം. സ‍ർവ്വീസിനായി എത്തുന്ന മറ്റ് വാഹനങ്ങൾക്ക് ബുദ്ധിമുട്ടായതോടെയാണ് കാറ് നീക്കിയിടാൻ കടയുടെ മാനേജർ ഷമീം ആവശ്യപ്പെട്ടത്. പിറ്റേന്ന് വൈകുന്നേരം പൊലീസ് യൂണിഫോമിൽ ജീപ്പുമായി എസ്ഐ കടയിലെത്തി. ഷമീമിനെ പുറത്ത് വിളിച്ച് കടയിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്ന് പറഞ്ഞ് കേസെടുക്കുമെന്ന് വിരട്ടി. ഇതോടെ എസ്ഐക്കെതിരെ ഷമീം എസ്പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. 

സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിൽ ഉദ്യോഗസ്ഥന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് വ്യക്തമായതോടെ എസ്ഐയെ  70 കിലോമീറ്റർ ദൂരെ ഇരിട്ടിയിലേക്ക് സ്ഥലം മാറ്റി.  പിന്നാലെ എസ്പിയെ കണ്ട് ബുദ്ധിമുട്ടറിയിച്ചതോടെ വീടിനടുത്തുള്ള ചെറുപുഴയിലേക്ക് മാറ്റം കൊടുത്തു. പക്ഷെ അവിടേക്കും പോകാതെ മെഡിക്കൽ ലീവെടുക്കുകയായിരുന്നു എസ്ഐ.  പ്രശ്നം നടന്ന് ഒരു മാസം കഴിഞ്ഞപ്പോഴാണ് താൻ കേക്ക് വാങ്ങുന്നതിനിടെ കാറിലുണ്ടായിരുന്ന മകളെ ഷമീം കയറിപ്പിടിച്ചെന്ന് ആരോപിച്ച് ഉദ്യോസ്ഥൻ പരാതി നൽകിയത്.  ഷമീമിനെതിരെ പോക്സോ ചുമത്തി പയ്യന്നൂർ പൊലീസ് കേസെടുത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!