
കൊച്ചി: മത വിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റിലായ പിസി ജോർജുമായി തിരുവനന്തപുരം ഫോർട് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം കൊച്ചിയിൽ നിന്ന് യാത്ര തിരിച്ചതിന് പിന്നാലെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. തനിക്ക് വെർടിഗോ അസുഖമുണ്ടെന്നും രാത്രി ഉറങ്ങാൻ ശ്വസന സഹായി വേണമെന്നുമാണ് പിസി ജോർജ് ജാമ്യാപേക്ഷയിൽ പറഞ്ഞിരിക്കുന്നത്.
കേസ് രാത്രി തന്നെ അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കണമെന്നായിരുന്നു പിസി ജോർജിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടതെങ്കിലും കോടതി വിസമ്മതിച്ചു. നാളെ രാവിലെ ഒൻപത് മണിക്ക് പരിഗണിക്കാമെന്നും രാത്രി പരിഗണിക്കാൻ അസൗകര്യം ഉണ്ടെന്നും കോടതി വ്യക്തമാക്കി. സ്പെഷൽ പെറ്റീഷനായാണ് പിസി ജോർജ് ജാമ്യാപേക്ഷ സമർപ്പിച്ചത്.
ഹൈക്കോടതി രജിസ്റ്റാർ ജനറലിനാണ് പിസി ജോർജ് കത്ത് നൽകിയത്. അതേസമയം പിസി ജോർജുമായി പൊലീസ് സംഘം തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയാണ്. രാത്രി വൈകി സംഘം തിരുവനന്തപുരത്ത് എത്തുമെന്നാണ് കരുതുന്നത്.