
തിരുവനന്തപുരം: പിഡിപി നേതാവ് പൂന്തുറ സിറാജ് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അര്‍ബുദ രോഗബാധിതനായി ചികിത്സയിലായിരുന്നു സിറാജ്. പിഡിപിയുടെ മുൻ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡൻ്റായിരുന്നു. നിലവിൽ പിഡിപി വൈസ് ചെയര്‍മാനാണ്.
മൂന്ന് തവണ തിരുവനന്തപുരം നഗരസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രണ്ട് തവണ പിഡിപി പ്രതിനിധിയായും ഒരു തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായാണ് പൂന്തുറ സിറാജ് കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചത്. 1995 ൽ മാണിക്യംവിളാകം വാർഡിൽ നിന്നും 2000 ൽ അമ്പലത്തറ വാർഡിൽ നിന്നും പി.ഡി.പി സ്ഥാനാർഥിയായി മൽസരിച്ച് തിരഞ്ഞെടുക്കപ്പെട്ടു. 2005 ൽ പി.ഡി.പിയിൽ നിന്ന് പുറത്താക്കപ്പെട്ട സമയത്ത് സ്വതന്ത്രനായാണ് പൂന്തുറ സിറാജ് പുത്തൻപള്ളി വാർഡിൽ മൽസരിച്ചത്.
പിഡിപി സ്ഥാപകൻ അബ്ദുൾ നാസര്‍ മഅദ്നിയുടെ ഉറ്റഅനുയായി ആയിരുന്നുവെങ്കിലും 2020-ൽ സിറാജിനെ പാര്‍ട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ ഐഎൻഎൽ സ്ഥാനാര്‍ത്ഥിയായി വീണ്ടും മത്സരിക്കാൻ പൂന്തുറ സിറാജ് നീക്കം നടത്തിയെങ്കിലും സിപിഎം കര്‍ശന നിലപാട് എടുത്തതോടെ സീറ്റ് നിഷേധിക്കപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam