
കോഴിക്കോട്: പേരാമ്പ്രയില്‍ അനു എന്ന യുവതി കൊല്ലപ്പെട്ട സംഭവം ഏറെ നടുക്കത്തോടെയാണ് നാട്ടുകാര്‍ ഉള്‍ക്കൊള്ളുന്നത്. ഇങ്ങനെയൊരു സംഭവം ഇതിന് മുമ്പ് ഇവിടെയെങ്ങും നടന്നിട്ടില്ലെന്നും ഇത് ഞെട്ടിക്കുന്ന സംഭവമായിപ്പോയി എന്നുമാണ് നാട്ടുകാര്‍ ഒന്നടങ്കം പ്രതികരിക്കുന്നത്.
എങ്ങനെയാണ് പട്ടാപ്പകല്‍, നിറയെ വീടുകളും ആളുകളുമുള്ള പ്രദേശത്ത് ഇങ്ങനെയൊരു അതിക്രൂര കൊലപാതകം നടന്നത് എന്ന സംശയമാണ് സ്വാഭാവികമായും എല്ലാവരും ചോദിക്കുന്നത്. അനു വീട്ടില്‍ നിന്നിറങ്ങി ഇതുവഴി പോയത് രാവിലെ 9:30 - 10 മണിയോട് അടുപ്പിച്ചാണ്. ഈ സമയത്തിനുള്ളില്‍ പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍, ജോലിക്ക് പോകുന്നവര്‍ എല്ലാം അതുവഴി പോയിക്കഴിഞ്ഞിരിക്കും. അല്‍പം തിരക്കൊഴിയുന്ന സമയമാണിത്. ഈയൊരു അവസരം പ്രതി പാഴാക്കിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അനുവിന്‍റെ മൃതദേഹം കണ്ടെത്തിയ തോട്ടില്‍ നിന്ന് മീറ്ററുകള്‍ അകലെ വീടുണ്ട്. ഇവിടെ ഒരു വീട്ടില്‍ അന്ന് വീട്ടുകാര്‍ ഉണ്ടായിരുന്നില്ല. ഇവര്‍ ബന്ധുവീട്ടില്‍ പോയതായിരുന്നു. ഇതും ഒരുപക്ഷേ പ്രതിക്ക് സൗകര്യപ്പെട്ടിരിക്കാമെന്നും നാട്ടുകാര്‍ പറയുന്നു.
അനുവിന്‍റെ വീട്ടില്‍ നിന്ന് മൃതദേഹം കണ്ടെത്തിയ സ്ഥലത്തേക്ക് ഒരു കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളൂ. അഞ്ച് മിനുറ്റ് യാത്ര മാത്രം. തോടിന് കുറച്ചപ്പുറത്ത് നിന്ന് തന്നെ അനുവിന് പ്രതി മുജീബ് റഹ്മാൻ ബൈക്കില്‍ ലിഫ്റ്റ് നല്‍കി കയറ്റിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. ശേഷം ഇവിടെയെത്തിയപ്പോള്‍ അല്‍പം തിരക്കൊഴിഞ്ഞ സ്ഥലമെന്ന് തോന്നിയപ്പോള്‍ കൃത്യം നടത്തിയതാകാമെന്നും ഇവര്‍ പറയുന്നു.
പ്രതി അന്നേ ദിവസം പലതവണ അതുവഴി ബൈക്കില്‍ പാസ് ചെയ്തിരുന്നുവെന്നും നാട്ടുകാരില്‍ ചിലര്‍ സംശയം പറയുന്നുണ്ട്. ഹെല്‍മെറ്റും മാസ്കും കയ്യുറയുമെല്ലാം ധരിച്ചാണ് പ്രതി സഞ്ചരിച്ചിരുന്നത്, അതിനാല്‍ തന്നെ ആളെ വ്യക്തമാകുന്ന വിഷയമില്ലെന്നും ഇവര്‍ പറയുന്നു. ഇങ്ങനെ പലതവണ മുജീബ് റഹ്മാൻ അതുവഴി പോയിട്ടുണ്ടെങ്കില്‍ നേരത്തേ പദ്ധതിയിട്ടതാണോ, കൊലയും ആസൂത്രിതമാണോ എന്നെല്ലാമുള്ള ചോദ്യങ്ങളും ഉയരുകയാണ്.
ഇന്നലെയാണ് അനുവിന്‍റെ കൊലപാതകത്തില്‍ പ്രതി മുജീബ് റഹ്മാൻ പിടിയിലായത്. കൊണ്ടോട്ടി സ്വദേശിയായ മുജീബ് 55 കേസുകളില്‍ പ്രതിയാണെന്നാണ് അറിയുന്നത്. വിവിധ ജില്ലകളിലായാണ് ഇയാള്‍ക്കെതിരെ കേസുള്ളത്. അധികവും മോഷണക്കേസുകളാണ്. ബൈക്കില്‍ സ്ത്രീകള്‍ക്ക് ലിഫ്റ്റ് നല്‍കി, ബലാത്സംഗം ചെയ്തത് അടക്കമുള്ള കേസുകളും ഇയാള്‍ക്കെതിരെ ഉണ്ടെന്നാണ് വിവരം.
മോഷ്ടിച്ച ബൈക്കിലെത്തിയ മുജീബ്, അനുവിന് ലിഫ്റ്റ് നല്‍കുകയും തുടര്‍ന്ന് വഴിയരികിലെ തോട്ടില്‍ തള്ളിയിട്ട് വെള്ളത്തില്‍ തല ചവിട്ടി താഴ്ത്തി കൊലപ്പെടുത്തുകയും ആയിരുന്നുവെന്നാണ് പൊലീസ് വിവരണം. കൊല നടത്തിയ ശേഷം അനുവിന്‍റെ ആഭരണങ്ങളുമായി ഉടൻ തന്നെ മുജീബ് സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. സമീപത്തെ സിസിടിവി ക്യാമറകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മുജീബ് പൊലീസ് പിടിയിലായത്.
Also Read:- 'ഭാര്യയെ ശല്യപ്പെടുത്തി'; വിരോധം തീര്‍ക്കാൻ പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam