
തിരുവനന്തപുരം: ഇന്നുമുതൽ നേമത്തെ ജനങ്ങളുടെ സേവകൻ ആണ് താനെന്ന് രാജീവ് ചന്ദ്രശേഖർ. എല്ലാ പ്രശ്നത്തിനും ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന് ഉറപ്പ് തരുന്നുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നേമത്തെയും ചാത്തന്നൂരിലെയും ജനങ്ങൾ കൃത്യമായ മറുപടി നൽകി. പത്തു കൊല്ലത്തെ ഇടതുഭരണം ജനങ്ങൾ മടുത്തു കഴിഞ്ഞു. ശബരിമല സ്വർണ്ണ കൊള്ളയും അഴിമതിയും ജനങ്ങൾ മടുത്തുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നേമം നിയോജക മണ്ഡലത്തിൽ നിന്നും എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് ജയം. 3800 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത പോരാട്ടം നടന്ന മണ്ഡലമാണ് നേമം. മുമ്പ് ചരിത്രത്തിലാദ്യമായി ബിജെപി പ്രതിനിധി കേരള നിയമസഭയിലേക്കെത്തിയ മണ്ഡലം കൂടിയാണ് നേമം നിയോജക മണ്ഡലം. വോട്ട് എണ്ണി തുടങ്ങിയത് മുതല്‍ തന്നെ ബിജെപി ആദിപത്യം തുടര്‍ന്ന മണ്ഡലമായിരുന്നു നേമം. വി ശിവന്‍കുട്ടിയായിരുന്നു പ്രധാന എതിരാളി. 39147 വോട്ടാണ് ശിവന്‍ കുട്ടിക്ക് ഇവിടെ നേടാനായത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ എസ് ശബരിനാഥന് 23099 വോട്ടും നേടാനായി.
രണ്ടാം പിണറായി സർക്കാരിലെ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി കൂടിയായ വി. ശിവൻകുട്ടിയും ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും യുഡിഎഫിനുവേണ്ടി കെഎസ് ശബരീനാഥും കളത്തിലിറങ്ങിയപ്പോള്‍ ത്രികോണ മത്സരം തന്നെയാണ് നേമത്ത് നടന്നത്. കോർപ്പറേഷനിലെ 23 വാർഡുകൾ ഉൾപ്പെടുന്നതാണ് നേമം മണ്ഡലം. 2025ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ അധികാരത്തിലെത്തിയ ബിജെപിക്ക് നേമം മണ്ഡലത്തിലുൾപ്പെട്ട വാർഡുകളിൽ 6000- ലേറെ വോട്ടിന്‍റെ മേൽക്കൈയ്യാണ് നേടിയിരുന്നത്. ഈ ആത്മവിശ്വാസത്തിലാണ് പാർട്ടി അധ്യക്ഷൻ തന്നെ രംഗത്ത് ഇറങ്ങിയത്.
പുതിയ നേമം നിയോജക മണ്ഡലത്തിൽ മൂന്ന് നിയമസഭ തെരഞ്ഞെടുപ്പുകളാണ് നടന്നത്. മൂന്ന് തവണയും എൽഡിഎഫ് സ്ഥാനാർഥിയായി വി ശിവൻകുട്ടി തന്നെയായിരുന്നു രംഗത്ത് ഇറങ്ങിയത്. 2011-ൽ ഒ രാജഗോപാലിനെ തോൽപ്പിച്ച ശിവൻകുട്ടി, 2016ൽ ഒ രാജഗോപാലിനോട് അടിയറവു പറയേണ്ടി വന്നു. ബിജെപിയുടെ ഈ വിജയം അഞ്ച് വർഷം സിപിഎമ്മിനെ വേട്ടയാടുകതയായിരുന്നു. എന്നാൽ 2021ൽ രാജഗോപാലിനു പകരം മത്സരിച്ച കുമ്മനം രാജശേഖരനെ തോൽപ്പിച്ച് ബിജെപി അക്കൗണ്ട് ശിവൻകുട്ടി പൂട്ടിക്കുകയായിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാൻ കഴിഞ്ഞതായിരുന്നു ബിജെപിയുടെ പ്രതീക്ഷ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam