
എറണാകുളം: താനെയില്‍ നിന്നുളള ശ്രമിക് ട്രെയിനിൽ എറണാകുളത്തെത്തിയ യാത്രക്കാർക്ക് വീടുകളിലേക്കുള്ള യാത്ര ദുരിതയാത്രയായി. മലബാറിലെ വിവിധ ജില്ലകളിലേക്കുള്ള എൺപതോളം യാത്രക്കാരാണ് കെഎസ്ആർടിസി ബസ് യാത്രക്കിടെ പ്രാഥമിക കൃത്യം പോലും നിർവഹിക്കാനാവാതെ ബുദ്ധിമുട്ടിലായത്. ഇന്നലെ രാത്രി എട്ടുമണിക്കാണ് താനെയിൽ നിന്നുള്ള ശ്രമിക് ട്രെയിൻ എറണാകുളത്തെത്തിയത്.
സ്റ്റോപ്പില്ലാത്തതിനാല്‍ മലബാര്‍ ജില്ലകളില്‍ നിന്നുളള യാത്രക്കാരെല്ലാം ഇറങ്ങിയത് എറണാകുളത്ത്. സ്ത്രീകളും കുട്ടികളും ഉൾപ്പടെ എൺപതോളം യാത്രക്കാര്‍ നാലു ബസുകളിലായി രാത്രി ഒന്‍പത് മണിയോടെ നാട്ടിലേക്ക് തിരിച്ചു. എന്നാല്‍ യാത്രാമധ്യേ ഭക്ഷണമോ വെള്ളമോ കിട്ടിയില്ലെന്ന് മാത്രമല്ല പ്രാഥമികാവശ്യങ്ങള്‍ നിർവഹിക്കാന്‍ പോലും കഴിഞ്ഞില്ല. ഇന്നലെ ഉച്ചക്ക് മംഗളൂരു റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പലരും അവസാനമായി ഭക്ഷണം കഴിച്ചത്.
ബസുകളെ അനുഗമിച്ചിരുന്ന പൊലീസുകാരോട് പല തവണ പരാതി പെട്ടിട്ടും നടപടി ഉണ്ടായില്ല. തുടർന്ന് യാത്രക്കാർ കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് വെച്ച് റോഡിലിറങ്ങി പ്രതിഷേധിച്ചു. പരാതി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കണ്ണൂരിൽ നിന്ന് കാസർക്കോട്ടേക്കുള്ള യാത്രക്കാർക്ക് ഭക്ഷണം നൽകാൻ ഗതാഗത മന്ത്രി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. അതേസമയം മടങ്ങിയെത്തുന്നവർക്ക് വീടുകളിലേക്കുളള യാത്ര സൗകര്യം ഏര്‍പ്പെടുത്തുക മാത്രമാണ് കെഎസ്ആര്‍ടസിയുടെ ചുമതലയെന്നും മറ്റ് സൗകര്യങ്ങള്‍ ഒരുക്കേണ്ടത് അതത് ജില്ലാ ഭരണകൂടങ്ങളാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam