
തിരുവനന്തപുരം: വിമാനത്താവളത്തിന് ലീഡറുടെ പേര് നൽകിയില്ലെങ്കിലും നെടുമ്പാശ്ശേരി വിമാനത്താവളം എന്ന് പറയുമ്പോൾ തന്നെ ജനങ്ങൾ കെ കരുണാകരനെ ഓർമ്മിക്കുമെന്ന് കെ മുരളീധരൻ. എല്ലാ വിഭാഗം ജനങ്ങളെയും ചേർത്ത് നിർത്തുകയും, കേരളത്തിൽ ഒട്ടേറെ വികസനങ്ങൾ കൊണ്ടുവരികയും ചെയ്ത നേതാവാണ് കെ കരുണാകരനെന്ന് കെ മുരളീധരൻ അനുസ്മരിച്ചു.
കെ കരുണാകരൻ സ്റ്റഡി സെന്റര്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ കരുണാകരൻ ജീവിച്ചിരുന്നപ്പോൾ പച്ച തൊടാതിരുന്ന ചില ശക്തികൾ നഗര ഭരണം പിടിക്കാൻ ശ്രമിക്കുമ്പോൾ അതിനെ ചെറുത്ത് പരാജയപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടത്തുന്നതാണ് കെ കരുണാകരനോട് ചെയ്യാവുന്ന ആദരവ്. മോഷണം നടത്തിയവരെ കണ്ടു പിടിക്കാൻ ഏറ്റവും നല്ല മോഷ്ടാവിനെ ചുമതലപ്പെടുത്തുന്നതു പോലുള്ള തമാശയാണ് വോട്ടിന് വേണ്ടി പൂരം കലക്കിയവരെ കണ്ടെത്താനുള്ള ചുമതല നൽകിയതിലൂടെ കണ്ടത്.
പൂരം കലക്കിയവരെ വെള്ളപൂശുന്ന തരത്തിലുള്ള റിപ്പോർട്ടുകൾക്കു പിന്നിൽ രണ്ട് കക്ഷികൾ തമ്മിലുള്ള അന്തർധാരയാണ്. മേയറുടെ ധാർഷ്ഠ്യത്തെക്കുറിച്ച് ഞാൻ പറഞ്ഞപ്പോൾ ചന്ദ്രഹാസം മുഴക്കിയ പാർട്ടിക്കാർ തന്നെ ഇപ്പോൾ മേയറുടെ ധാർഷ്ഠ്യത്തെക്കുറിച്ച് പാർട്ടി സമ്മേളനത്തിൽ കുറ്റപ്പെടുത്തുന്നു. കോൺഗ്രസിൽ തലമുറമാറ്റമല്ല വേണ്ടത് മറിച്ച് കഷ്ടപ്പെട്ട് പാർട്ടിക്കു വേണ്ടി അധ്വാനിക്കുകയും മർദ്ദനവും കേസും നേരിട്ടവർക്ക് അംഗീകരം നൽകുകയാണ് വേണ്ടത്.
2026 ജൂലായ് 5ന് കെ. കരുണാകരന്റെ പേരിലുള്ള സ്മാരക മന്ദിരം യാഥാർത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് പാർട്ടിയെന്നും കെ.മുരളീധരൻ പറഞ്ഞു. സ്റ്റഡി സെന്റര്‍ ജില്ലാചെയർമാൻ ബി.സുഭാഷ് അധ്യക്ഷത വഹിച്ചു. ചാണ്ടി ഉമ്മൻ മുഖ്യപ്രഭാഷണം നടത്തി. പാലോട് രവി, എൻ.പീതാംബരക്കുറുപ്പ്, വി.എസ് ശിവകുമാർ ടി.ശരത്ചന്ദ്രപ്രസാദ്, എ.എസ് ഉണ്ണികൃഷ്ണൻ, എൻ.ആർ ജോഷി, ഇരണിയൽ ശശി എന്നിവർ പ്രസംഗിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam