കേസുകൾ, ക്രയവിക്രയം നിലച്ചു പോയ പുരയിടങ്ങൾ; സിൽവർലൈൻ മരവിപ്പിച്ചെങ്കിലും ആശങ്ക അകലുന്നില്ല

By Web TeamFirst Published Nov 28, 2022, 2:12 PM IST
Highlights

കേസുകളുടെ കാര്യത്തിലും സില്‍വര്‍ലൈന്‍ പാതയില്‍ ഉള്‍പ്പെട്ടതോടെ ക്രയവിക്രയം നിലച്ചു പോയ പുരയിടങ്ങളുടെ 
ഭാവിയെ കുറിച്ചും സർക്കാർ തുടരുന്ന മൗനമാണ് ജനങ്ങളുടെ ആശയക്കുഴപ്പത്തിന് കാരണം.

കോട്ടയം : സിൽവർ ലൈൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ മരവിപ്പിച്ചുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയെങ്കിലും പദ്ധതി പ്രദേശങ്ങളിലെ ജനങ്ങളുടെ ആശങ്കകൾ അവസാനിക്കുന്നില്ല. കെ റെയില്‍ വിരുദ്ധ സമരങ്ങളുടെ പേരില്‍ ചുമത്തിയ കേസുകളുടെ കാര്യത്തിലും സില്‍വര്‍ലൈന്‍ പാതയില്‍ ഉള്‍പ്പെട്ടതോടെ ക്രയവിക്രയം നിലച്ചു പോയ പുരയിടങ്ങളുടെ ഭാവിയെ കുറിച്ചും സർക്കാർ തുടരുന്ന മൗനമാണ് ജനങ്ങളുടെ ആശയക്കുഴപ്പത്തിന് കാരണം.

കെ റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ക്രൂരമായ പൊലീസ് നടപടികൾക്ക് വിധേയരായതിന്റെ അനുഭവം പറയാനുണ്ട് പദ്ധതി കടന്നു പോകുന്ന പതിനൊന്ന് ജില്ലകളിലെയും സ്ത്രീകൾ ഉൾപ്പെടെയുള്ള സാധാരണക്കാർക്ക്. ഇതിനു പുറമേയാണ് ഇവരിൽ പലർക്കുമെതിരെ പൊലീസ് ചുമത്തിയ കേസുകൾ. പൊതുമുതൽ നശീകരണം ഉൾപ്പെടെ ജാമ്യം കിട്ടാത്ത കേസുകളിൽ തൊഴിലന്വേഷിക്കുന്ന ചെറുപ്പക്കാർ മുതൽ സാധാരണക്കാരായ വീട്ടമ്മമാർ വരെ പ്രതികളാണ്. പുതിയ സാഹചര്യത്തിൽ ഈ കേസുകൾ കൂടി പിൻവലിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പ്രസക്തി ഏറുകയാണ്.

കെറെയില്‍ വിരുദ്ധ സമരങ്ങളുടെ പേരില്‍ ജനങ്ങള്‍ക്കെതിരെ കേസെടുത്ത് കഷ്ടപ്പെടുത്തണോ എന്ന ചോദ്യം ഹൈക്കോടതിയും ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ സര്‍ക്കാരിനോട് ചോദിച്ചിരുന്നു. എന്നാല്‍ കേസില്‍ നിന്ന് പിന്നോട്ടില്ലെന്ന സൂചനയാണ് കഴിഞ്ഞ നിയമസഭ സമ്മേളനത്തിലും മുഖ്യമന്ത്രി നല്‍കിയത്. പദ്ധതി പ്രദേശത്തെ ഭൂമിയുടെ ക്രയവിക്രയം സാധാരണ നിലയിലാക്കുന്ന കാര്യത്തിലും സർക്കാർ ഉത്തരവിൽ വ്യക്തതയില്ല. അത്യാവശ്യങ്ങൾക്ക് പോലും കെ റെയിൽ മേഖലയിലെ ഭൂമിയുടെ ഈടിൽ വായ്പ നൽകാൻ പൊതുമേഖലാ ബാങ്കുകൾ പോലും ഇപ്പോൾ തയാറാകുന്നില്ല. പദ്ധതി മരവിപ്പിച്ച സാഹചര്യത്തിൽ കൃത്യമായ ഒരു ഉത്തരവിലൂടെ തന്നെ പദ്ധതി പ്രദേശത്തെ ഭൂമി ക്രയവിക്രയം സാധാരണ നിലയിലാക്കാൻ നടപടി വേണമെന്ന ആവശ്യവും ജനങ്ങൾ ശക്തമാക്കുകയാണ്.

സിൽവർ ലൈൻ മരവിപ്പിച്ച് സർക്കാർ; ഉദ്യോഗസ്ഥരെ തിരിച്ച് വിളിച്ചു; ഉത്തരവിറങ്ങി

 

click me!