"ഇതാണോ സര്‍ക്കാരെ നീതി'? എല്ലാം ജനം കാണുന്നുണ്ട്", പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിന്‍റെ അച്ഛൻ

By Web TeamFirst Published Sep 12, 2020, 11:06 AM IST
Highlights

'ജനങ്ങൾക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. ഒന്നൊര വര്‍ഷമായി സര്‍ക്കാര്‍ പെടാപ്പെടുകയാണ്'.

കാസര്‍കോട്: പെരിയ ഇരട്ടക്കൊലയിൽ സിബിഐ അന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന  സര്‍ക്കാരിനെതിരെ കൊല്ലപ്പെട്ട ശരത് ലാലിന്‍റെ അച്ഛൻ. ജനങ്ങള്‍ക്കും നാടിനും വേണ്ടി ഭരണം നടത്തേണ്ട സര്‍ക്കാര്‍ ലക്ഷങ്ങള്‍ വാരിയെറിഞ്ഞ് കൊലക്കേസ് പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് ശരത്ലാലിന്‍റെ അച്ഛൻ സത്യൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.  

ജനങ്ങൾക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ കൊലക്കേസ് പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. അതിന് വേണ്ടി ഒന്നൊര വര്‍ഷമായി സര്‍ക്കാര്‍ പെടാപ്പെടുകയാണ്. സര്‍ക്കാരിന്‍റെ ഈ പ്രവര്‍ത്തികൾ ഈ നാട്ടിലെ ജനങ്ങള്‍ കാണുന്നുണ്ട്. ഇതാണോ നീതി? 
ഗൂഢാലോചന നടന്നെന്ന് വ്യക്തമാണ്. പല ഉന്നതരും കൊലപാതകത്തിന് പിന്നിൽ ഉണ്ട്. അവരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. പ്രതികൾക്ക് ശിക്ഷ ലഭിക്കുന്നത് വരെയും മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2019 ഫിബ്രവരി 17-നായിരുന്നു കാസർകോട്ട് കല്യോട്ട് വെച്ച് ബൈക്കിൽ സ‌ഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കലപ്പെടുത്തിയത്. കേരളത്തിൽ ഏറെ രാഷ്ട്രീയവിവാദം സൃഷ്ടിച്ച ഇരട്ടക്കൊലക്കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകുകയായിരുന്നു. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം തടസ ഹർജി നൽകും. 

ഹൈക്കോടതി സിംഗിൽ ബഞ്ചും പിന്നാലെ ഡിവിഷൻ ബഞ്ചും കേസ് സിബിഐ അന്വേഷിക്കണമെന്ന് ഉത്തരവിട്ടിട്ടും, പൊലീസ് സിബിഐയോട് സമ്പൂർണനിസ്സഹകരണമാണ് കാണിച്ചത്. ഡിജിപിക്കും ക്രൈംബ്രാഞ്ച് മേധാവിക്കുമായി നാല് തവണ സിബിഐ കേസ് രേഖകൾ തേടി കത്ത് നൽകിയിട്ടും കേസ് ഡയറിയോ മറ്റ് രേഖകളോ പൊലീസ് നൽകിയിരുന്നില്ല. 

കഴിഞ്ഞ മാസം 25-ാം തീയതി, കേസന്വേഷണം സിബിഐയ്ക്ക് വിട്ട സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ചും ശരിവച്ചതാണ്. അതിന് ശേഷം നാല് തവണ കേസ് ഡയറിയും രേഖകളും തേടി സിബിഐ പൊലീസിന് കത്ത് നൽകി. എന്നിട്ടും മറുപടി കിട്ടിയില്ല. പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ സിബിഐ അന്വേഷണം ഒഴിവാക്കാൻ സർക്കാർ നേരത്തെ ലക്ഷങ്ങളാണ് ഖജനാവിൽ നിന്നും ചെലവഴിച്ചത്. ഇതും വലിയ വിവാദമായിരുന്നു. 

click me!