
കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷണം എതിർത്ത് സർക്കാർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. ഒന്‍പത് മാസം മുൻപ് വാദം പൂർത്തിയാക്കിയ കേസിലാണ് വിധി പറയുന്നത്. വിധി പറയാൻ വൈകിയ സാഹചര്യത്തിൽ മറ്റൊരു ബെഞ്ചിലേക്ക് കേസ് മാറ്റണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ ഹർജി നൽകിയതിന് പിന്നാലെയാണ് കോടതി നടപടി.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് പെരിയ കേസ് സിബിഐക്ക് കൈമാറിയ നടപടി ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീലിൽ വിധി പറയുക. കഴിഞ്ഞ നവംബർ 16ന് സർക്കാർ നൽകിയ അപ്പീലിൽ വാദം പൂർത്തിയായിരുന്നു. വിധി പറയാൻ വൈകുന്നതിനാൽ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റി വാദം കേൾക്കണമെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ നിർണ്ണായക തീരുമാനം.
കേസിൽ വിധി വരുന്നത് വരെ തുടർന്നടപടി വേണ്ടെന്ന് കോടതി സിബിഐയ്ക്ക് വാക്കാൽ നിർദ്ദേശം നൽകിയിരുന്നു. വാദം പൂർത്തിയായി ഒന്‍പത് മാസം കഴിഞ്ഞിട്ടും വിധി പറയാത്തത് അന്വേഷണത്തെ തട്സപ്പെടുത്തിയെന്ന് സിബിഐ അറിയിച്ചിരുന്നു. 2019 സെപ്റ്റംബർ 30 നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസ് സിംഗിൾ ബഞ്ച് സിബിഐയ്ക്ക് കൈമാറിയത്.
ക്രൈം ബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടികാട്ടി കുറ്റപത്രം റദ്ദാക്കുകയും ചെയ്തു. 2019 ഓക്ടോബർ 29ന് സിബിഐ 13 പ്രതികളെ ഉൾപ്പെടുത്തി എഫ്ഐഐആർ സമർപ്പിച്ചു. സർക്കാർ അപ്പീൽ വന്നതോടെ അന്വേഷണം നിലയ്ക്കുകയായിരുന്നു. വിധി പ്രസ്താവം വൈകുന്ന സാഹചര്യം മുതലാക്കി കേസിലെ പ്രധാന പ്രതികളെല്ലാം ജാമ്യ ഹർജിക്കായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam