പെരിയ ഇരട്ടക്കൊലക്കേസ് വിധി: ഉദുമ മുൻ എംഎൽഎ അടക്കം 14 പ്രതികൾ കുറ്റക്കാർ; 10 പേരെ വെറുതെവിട്ടു

Published : Dec 28, 2024, 11:11 AM ISTUpdated : Dec 28, 2024, 01:17 PM IST
പെരിയ ഇരട്ടക്കൊലക്കേസ് വിധി: ഉദുമ മുൻ എംഎൽഎ അടക്കം 14 പ്രതികൾ കുറ്റക്കാർ; 10 പേരെ വെറുതെവിട്ടു

Synopsis

പെരിയ ഇരട്ടക്കൊലക്കേസിൽ വാദം കേട്ട കൊച്ചിയിലെ സിബിഐ കോടതി ജഡ്‌ജ് എൻ ശേഷാദ്രിനാഥനാണ് വിധി പ്രസ്താവിച്ചത്

കൊച്ചി: പേരിയ ഇരട്ടക്കൊലക്കേസിൽ ഒന്ന് മുതൽ എട്ട് വരെ പ്രതികളടക്കം 14 പേരെ കോടതി കുറ്റക്കാരായി കോടതി കണ്ടെത്തി. പത്ത് പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്കെതിരെ കൊലപാതക കുറ്റം തെളിഞ്ഞു. ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമനും കുറ്റക്കാരനാണെന്ന് സിബിഐ കോടതി വിധിയിൽ വ്യക്തമാക്കി. ശിക്ഷിക്കപ്പെട്ട 14 പേരിൽ ആറ് പേർ സിപിഎമ്മിന്റെ പ്രധാന  നേതാക്കളാണ്. കുറ്റക്കാരായവർക്ക് ശിക്ഷ ജനുവരി മൂന്നിന് പ്രസ്‌താവിക്കും.

കൊലപാതകത്തിൻറെ മുഖ്യ ആസൂത്രകൻ സിപിഎം പെരിയ ലോക്കൽ കമ്മിറ്റി മുൻ അംഗം എ പീതാംബരൻ, കൊലപാതകം കൃത്യം നടത്തിയ സജി സി. ജോര്‍ജ് (സജി), കെ.എം. സുരേഷ്, കെ. അനില്‍ കുമാര്‍ (അബു), ജിജിന്‍, ആര്‍. ശ്രീരാഗ് (കുട്ടു), എ. അശ്വിന്‍ (അപ്പു), സുബീഷ് (മണി) എന്നിവർക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. ടി. രഞ്ജിത്ത്, കെ. മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്), എ. സുരേന്ദ്രന്‍ (വിഷ്ണു സുര), കെ.വി. കുഞ്ഞിരാമന്‍ (ഉദുമ മുന്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), രാഘവന്‍ വെളുത്തോളി (മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി), കെ. വി. ഭാസ്കരൻ എന്നിവരാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റുള്ളവർ. കെ.മണികണ്ഠൻ,  കെ വി.കുഞ്ഞിരാമൻ, രാഘവൻ വെളുത്തോളി, കെ.വി ഭാസ്കരൻ എന്നിവർക്ക്  ശിക്ഷ വിധിക്കുന്നത് വരെ ജാമ്യത്തിൽ തുടരാമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.

എറണാകുളം സിബിഐ കോടതി ജഡ്‌ജ് എൻ. ശേഷാദ്രിനാഥനാണ് വിധി പ്രസ്താവിച്ചത്. പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനേയും ശരത് ലാലിനേയും വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ഉത്തരവ്. കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ തുടങ്ങിയ വിവിധ കുറ്റങ്ങളാണ് ഒന്ന് മുതൽ 24 വരെയുള്ള പ്രതികൾക്കെതിരെ ചുമത്തിയത്. 2019 ഫെബ്രുവരി 17നാണ് കൃപേഷിനേയും ശരത് ലാലിനേയും എട്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.  

സംഭവത്തിൽ തൊട്ടടുത്ത ദിവസം തന്നെ സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ പിതാംബരനെയും സുഹൃത്തും സഹായിയുമായ സി ജെ സജിയെയും അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം കഴിഞ്ഞപ്പോൾ കേസ് ക്രൈം ബ്രാഞ്ചിന് വിട്ട് സർക്കാർ ഉത്തരവിറക്കി. എന്നാൽ പൊലീസ് അന്വേഷണത്തിൽ അസംതൃപ്തരായിരുന്ന കൃപേഷിന്‍റെയും ശരത് ലാലിന്‍റേയും മാതാപിതാക്കൾ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട്  ഹൈക്കോടതിയെ സമീപിച്ചു. കേസ് അന്വേഷണവുമായി മുന്നോട്ട് പോയ ക്രൈം ബ്രാഞ്ച് 2019 മെയ് 14ന് സിപിഎം ഉദുമ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി  അംഗവുമായ കെ മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി എൻ ബാലകൃഷ്ണൻ എന്നിവരെ അറസ്റ്റ് ചെയ്തു. മെയ് 20ന് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചപ്പോൾ ആകെ 14 പ്രതികളായിരുന്നു കേസിൽ ഉണ്ടായിരുന്നത്.

2019 സെപ്റ്റംബർ 30 ന് കേസന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടതോടെ സംസ്ഥാന സർക്കാ‍ർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. സർക്കാരിൻ്റെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഇതിനെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചു. പക്ഷെ അവിടെയും അന്വേഷണം സിബിഐക്ക് വിടാനുള്ള തീരുമാനം ശരിവെച്ചതോടെ സിബിഐ അന്വേഷണം ഏറ്റെടുത്തു. 

Read More... കേരളം നടുങ്ങിയ രാത്രി; പെരിയ ഇരട്ടക്കൊലപാതകക്കേസിന്‍റെ നാള്‍വഴി

രണ്ട് വർഷത്തോളം നീണ്ട അന്വേഷണത്തിന് ഒടുവിൽ 2021 ഡിസംബർ 3 ന് സിബിഐ അന്വേഷണ സംഘം കൊച്ചിയിലെ സിബിഐ കോടതിയിൽ കേസിൽ കുറ്റപത്രം സമർപ്പിച്ചു. സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ വി കുഞ്ഞിരാമനടക്കം 24 പ്രതികളാണ് കുറ്റപത്രത്തിൽ ഉണ്ടായിരുന്നത്. 2023 ഫെബ്രുവരി 2 നാണ് കൊച്ചി സിബിഐ കോടതിയിൽ വിചാരണ തുടങ്ങിയത്. 2024 ഡിസംബർ 23 ന് കേസ് പരിഗണിച്ച സിബിഐ കോടതി ഇന്ന് വിധി പ്രസ്താവിക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചി ബിഷപ്പുമായി കൂടിക്കാഴ്ച്ച നടത്തി ജോസ് കെ മാണി; സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്ന് ജോസും ബിഷപ്പും, പാർട്ടി തീരുമാനം അറിയിക്കും
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, മെഡിസെപ്പിൽ വൻ മാറ്റം! വർഷം 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ, അറിയേണ്ടതെല്ലാം