മൂന്നാം പ്രളയം എന്ന ഭീതിയില്‍ പെരിയാര്‍ തീര നിവാസികള്‍

By Web TeamFirst Published May 17, 2020, 8:55 AM IST
Highlights

ഇപ്പോഴും കണക്കെടുത്ത് തീരാത്ത നാശനഷ്ടങ്ങൾ.രണ്ടുവർഷം പിന്നിടുമ്പോഴും വരാനിരിക്കുന്ന മഴക്കാലത്തെക്കുറിച്ച് പെരിയാറിന്‍റെ തീരത്തുള്ളവരുടെ ആശങ്കകൾ മാറുന്നില്ല.

ആലുവ: കൊവിഡ് നിയന്ത്രണവിധേയമാകും മുൻപ് അതിവർഷമെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. സർക്കാർ വകുപ്പുകളുടെ മെല്ലെപ്പോക്ക് കാരണം മഴക്കാലപൂർവ്വ ശുചീകരണം പോലും സംസ്ഥാനത്ത് ഇഴഞ്ഞുനീങ്ങുകയാണ്. മൂന്നാമതൊരു പ്രളയമുണ്ടാകുമോ എന്ന ഭീതിയിലാണ് പെരിയാറിന്‍റെ തീരത്ത് താമസിക്കുന്നവർ.

2018 ഓഗസ്റ്റ് 15 ന് തുടങ്ങിയ മഴ. ആലുവയേയും സമീപപട്ടണങ്ങളേയും മുക്കിക്കളഞ്ഞ മഹാപ്രളയം. ഒരു പ്രളയത്തിന്‍റെ ഓർമ്മകൾ മായും മുൻപ് രണ്ടാമതെത്തിയ വെള്ളപ്പൊക്കം. ഇപ്പോഴും കണക്കെടുത്ത് തീരാത്ത നാശനഷ്ടങ്ങൾ.രണ്ടുവർഷം പിന്നിടുമ്പോഴും വരാനിരിക്കുന്ന മഴക്കാലത്തെക്കുറിച്ച് പെരിയാറിന്റെ തീരത്തുള്ളവരുടെ ആശങ്കകൾ മാറുന്നില്ല.

അതിവർഷമുണ്ടാവുകയും ഡാമുകൾ തുറന്നുവിടുകയും ചെയ്യേണ്ടിവന്നാലുണ്ടാകുന്ന സാഹചര്യം വിലയിരുത്താൻ വിവിധ വകുപ്പുകൾ ഇതിനോടകം യോഗം ചേർന്നുകഴിഞ്ഞു. കൊവിഡ് കാലത്ത് വെള്ളപ്പൊക്കമുണ്ടായാൽ ആളുകളെ പ്രത്യേക രീതിയിൽ മാറ്റിപ്പാർപ്പിക്കേണ്ട കെട്ടിടങ്ങളുടെ കണക്കെടുപ്പ് ഇപ്പോഴും തുടരുകയാണ്.ചിലയിടങ്ങളിൽ വെള്ളമൊഴുകിപ്പോകാനുള്ള ഓടകളും പ്രത്യേക ട്രഞ്ചുകളും നിർമ്മിച്ചുകഴിഞ്ഞു.

പ്രളയമാപ്പിംഗ് ചെയ്യുന്നത് പലയിടത്തും പൂർത്തിയായില്ല. മഴക്കാലമെത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുന്പോഴും ഡാമിലും പുഴകളിലും അടിഞ്ഞ മണലും എക്കലും നീക്കാൻ റവന്യൂവകുപ്പ് നടപടിയൊന്നുമെടുത്തിട്ടില്ല.

സർക്കാർ വകുപ്പുകൾ ഒന്നിച്ച് വെള്ളപ്പൊക്ക മുന്നൊരുക്കം അടിയന്തരമായി നടത്തിയില്ലെങ്കിൽ കൊവിഡിനൊപ്പം മൂന്നാം പ്രളയം കൂടി കേരളം നേരിടേണ്ടി വരും.

click me!