'ഉത്സവങ്ങൾ പഴയപടി നടത്താൻ അനുമതി വേണം'; ആന ഉടമകൾ പ്രക്ഷോഭത്തിലേക്ക്

By Web TeamFirst Published Nov 22, 2021, 1:46 PM IST
Highlights

ഉത്സവങ്ങൾ പഴയപടി നടത്താൻ അനുമതി വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് ആന ഉടമകൾ കത്ത് നൽകി.

തൃശ്ശൂര്‍: ഉത്സവ (festival) നടത്തിപ്പിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് ആന ഉടമകൾ പ്രക്ഷോഭത്തിലേക്ക് (elephant owners protest). ഉത്സവങ്ങൾ ഇല്ലാത്തതിനാൽ കലാകാരൻമാർ ഉൾപ്പെടെയുള്ളവർ പട്ടിണിയിലാണ്. ഉത്സവങ്ങൾ പഴയപടി നടത്താൻ അനുമതി വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് ആന ഉടമകൾ കത്ത് നൽകി.

കൊവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് ഉത്സവം ഇല്ലതായിട്ട് രണ്ട് വർഷത്തില്‍ അധികമായി. മറ്റെല്ലാ മേഖലകളിലും നിയന്ത്രണങ്ങൾ നീക്കി വരുന്നു. എന്നാൽ, ഉത്സവ നടത്തിപ്പിൽ ഇപ്പോഴും നിയന്ത്രണം തുടരുകയാണ്. ഇതുമൂലം ഉത്സവവുമായി ബന്ധപ്പെട്ട എല്ലാ മേഖകളിലും പ്രതിസന്ധിയാണ്. വാദ്യകലാകാരൻമാർ പട്ടിണിയുടെ വക്കിലാണെന്നും ആന ഉടമകള്‍ പറയുന്നു.

ക്ഷേത്രത്തിനകത്ത് അഞ്ച് ആനകളെ എഴുന്നള്ളിക്കാനാണ് നിലവിൽ അനുമതി. എന്നാല്‍, എഴുന്നള്ളത്തിന് മുന്നില്‍ വാദ്യോപകരണങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിബന്ധന. ഇത് വാദ്യകലാകാരൻമാർക്ക് പ്രതിസന്ധിയാണ്. അതിനാല്‍ ഈ നിബന്ധന ഒഴിവാക്കി ഉത്സവങ്ങൾ പഴയപടി നടത്താന്‍ അനുമതി വേണമെന്നാണ് ആന ഉടമകളുടെ ആവശ്യം. മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് പോകുമെന്നും ആന ഉടമകള്‍ പറയുന്നു.

 

click me!