
ഇടുക്കി: എന്‍ഐഎ കേസില്‍ ജയിലില്‍ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഉടമസ്ഥതയില്ലുള്ള ഇടുക്കി മാങ്കുളത്തെ റിസോർട്ടിന് മതിയായ രേഖകളില്ലാതെ പ്രവര്‍ത്തനാനുമതി നല്‍കിയതിനെതിരെ അന്വേഷണം തുടങ്ങി. മാങ്കുളം പഞ്ചായത്തെ സെക്രട്ടറി സെക്ഷന്‍ ക്ലാര്‍ക്ക് എന്നിവരെ മൂന്നാര്‍ ഡിവൈഎസ്പി ചോദ്യം ചെയ്തു. പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചു.
പോപ്പുലര്‍ ഫ്രണ്ട് നേതാവ് അഷറഫിന്‍റെ ഉടമസ്ഥതയിലുള്ള മാങ്കുളം വിരിപാറയിലെ റിസോര്‍ട്ടിന് ഒരാഴ്ച്ച മുമ്പാണ് പഞ്ചായത്ത് ലൈസന്‍സ് പുതുക്കി നല്‍കിയത്. പൊലീസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റടക്കമുണ്ടെങ്കിലെ ലൈസന്‍സ് പുതുക്കി നല്‍കാനാവു. ഇതോന്നുമില്ലാതെയായിരുന്നു നടപടി. ഇതെ തുടര്‍ന്ന് ഇടുക്കി എസ്പി അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണസാധ്യത അറിഞ്ഞതോടെ മാങ്കുളം പഞ്ചായത്ത് ലൈസന്‍സ് റദ്ദാക്കി. തുടര്‍ന്നാണ് പഞ്ചായത്ത് സെക്രട്ടറി സെക്ഷന്‍ ക്ലാര്‍ക്ക് മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരെ മുന്നാര്‍ ഡിവൈഎസ്പി ചോദ്യം ചെയ്തത്. പോപ്പുലര്‍ ഫ്രണ്ട് നേതാവിന്‍റേതെന്ന് അറിയില്ലായിരുന്നുവെന്നും സംഭവത്തില്‍ വീഴ്ച്ച പറ്റിയെന്നും ഉദ്യോഗസ്ഥര്‍ പൊലീസിനോട് സമ്മതിച്ചു. ഇവര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്യാനാണ് സാധ്യത.
Also Read: കാട്ടാക്കട കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടം; ഡിജിപിക്ക് പരാതി നല്‍കി കേരള സർവകലാശാല
സംഭവത്തില്‍ മറ്റെന്തെങ്കിലും ഇടപെടലുകളുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ച ശേഷം നേതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു. ഇത്തരത്തില്‍ കണ്ടുകെട്ടിയ സ്വത്തില്‍ ഈ റിസോര്‍ട്ട് ഉള്‍പെട്ടതാണോയെന്നും അന്വേഷിക്കുന്നുണ്ട്. അതേസമയം സംഭവത്തില്‍ പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച്ച പറ്റിയിട്ടുണ്ടോയെന്ന വകുപ്പ് തല അന്വേഷണവും തുടങ്ങി. നേരത്തെ ഇഡി ഉൾപ്പെടെയുള്ള വിവിധ കേന്ദ്ര അന്വേഷണ ഏജൻസികൾ പലതവണ ഈ റിസോർട്ടിൽ പരിശോധന നടത്തിയിരുന്നു. കള്ളപണ ഇടപാടുകള്‍ നടക്കുന്നുണ്ടോയെന്ന സംശയത്തെ തുടര്‍ന്നായിരുന്നു പരിശോധന.