'ആത്മവിശ്വാസവും ആത്മബലവും ഒന്നിച്ചുചേർന്നയാൾ, കേരളം കേൾക്കുന്നത് വിസ്മയത്തോടെ'; വി ഡി സതീശനെ പുകഴ്ത്തി ഇകെ വിഭാ​ഗം മുഖപത്രം

Published : Nov 01, 2026, 10:17 AM IST
v d satheesan

Synopsis

സമസ്ത ഇകെ വിഭാഗം മുഖപത്രമായ സുപ്രഭാതത്തിൽ വി ഡി സതീശനെ പുകഴ്ത്തി ലേഖനം. വി ഡി സതീശന്റെ ആത്മവിശ്വാസത്തെയും 'മിഷൻ സമുദ്ര' പദ്ധതിയെയും ലേഖനത്തിൽ വാനോളം പ്രശംസിക്കുന്നു.

കോഴിക്കോട്: മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി സമസ്ത ഇകെ വിഭാഗം മുഖപത്രം. സുപ്രഭാതത്തിലാണ് മുഖ്യമന്ത്രിയെ പുകഴ്ത്തി ലേഖനം വന്നത്. മുഖ്യമന്ത്രിയെ വാക്കിലും വാദത്തിലും തോൽപ്പിക്കാൻ ആകില്ലെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. ആത്മവിശ്വാസവും ആത്മബലവും ഒന്നിച്ചുചേർന്നയാളാണ് അദ്ദേഹം. വി ഡി സതീശനെ വിസ്മയത്തോടെയാണ് കേരളം കേൾക്കുന്നതെന്നും ലേഖനത്തിൽ പറയുന്നു. 'വ്യക്തിവിചാരം' എന്ന പoക്തിയിലാണ് മുഖ്യമന്ത്രിയെ പുകഴ്ത്തിയിരിക്കുന്നത്. മാരിടൈം ബോർഡ് ഭേദഗതി ബില്ലിനെ കുറിച്ചാണ് ലേഖനം. മുമ്പ് ഇതേ പംക്തിയിൽ വി ഡി സതീശനെ രൂക്ഷമായി വിമർശിച്ചിരുന്നു.

‘സുപ്രഭാത'ത്തിലെ ലേഖനത്തിന്‍റെ പൂർണരൂപം

'ഇരുവഴിയിൽ പെരുവഴിനല്ലൂ പെരുവഴി പോ ചങ്ങാതി പെരുവഴി കണ്മുന്നിലിരിക്കെ പുതുവഴി നീ വെട്ടുന്നാകിൽ പലതുണ്ടേ ദുരിതങ്ങൾ'- എൻ എൻ കക്കാട് (വഴി വെട്ടുന്നവരോട്)

മാരിടൈം ബോർഡ് ഭേദഗതി ബിൽ, ധനവകുപ്പിന്റെകൂടി ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി സതീശൻ നിയമസഭയിൽ അവതരിപ്പിക്കുകയാണ്: കടൽ നമുക്ക് അതിരു മാത്രമല്ല, ചരിത്രത്തിലേക്കും ഭാവിയിലേക്കുമുള്ള കവാടംകൂടിയാണ്. 600 കിലോമീറ്റർ നീണ്ട കടൽതീരം, രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ, ഒരു കണ്ടെയിനർ ടെർമിനൽ, 17 ചെറുകിട തുറമുഖങ്ങൾ, 44 നദികൾ... ഇവയെയെല്ലാം ബന്ധിപ്പിച്ച് നിരത്തുകൾ, തീവണ്ടിപ്പാതകൾ, ഉൾനാടൻ ജലഗതാഗത യാനങ്ങൾ, യാത്രാ ചരക്കു കപ്പലുകൾ... ഇപ്പോൾ നിരത്തിലൂടെ പോകുന്ന പകുതി വാഹനങ്ങളെങ്കിലും ജലപാതയിലൂടെയാവാം. ദുബൈ, മാലി തുടങ്ങിയ ലോകത്തിന്റെ പലഭാഗങ്ങളിലേക്ക് ഇവിടെനിന്ന് കപ്പൽ കയറാം. കാസർക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് ജലയാനത്തിൽ സഞ്ചരിക്കാം. നമ്മുടെ ഉൽപന്നങ്ങൾ ഈ കൊച്ചു തീരത്തുനിന്ന് ലോകത്തെവിടേക്കും കുറഞ്ഞ ചെലവിൽ കയറ്റി അയക്കാം-കേരള വികസനത്തിന് മുഖ്യമന്ത്രി കാണുന്ന സ്വ‌പ്നച്ചിറകിലെ തൂവലുകളാണിതൊക്കെ. സിംഗപ്പൂർപോലെ, സിയാറ്റിൽപോലെ മലയാളക്കരയെ തുറമുഖ നഗരമാക്കുന്നതാണ് മിഷൻ സമുദ്ര.

വാക്കിലും വാദത്തിലും ആർക്കും തോൽപ്പിക്കാൻ കഴിയില്ല നമ്മുടെ മുഖ്യമന്ത്രിയെ. ആത്മവിശ്വാസവും ആത്മബലവും ഒന്നിച്ചുണ്ട്, അദ്ദേഹത്തോടൊപ്പം. ഈ വാക്കിന്റെ ബലത്തിൽകൂടിയാണ് കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഭൂരിപക്ഷവുമായി വി.ഡി സതീശൻ മുഖ്യമന്ത്രിയുടെ കസേരയിലിരിക്കുന്നത്. ദേശീയതലത്തിൽ കോൺഗ്രസ് നേരിയ പ്രതീക്ഷക്കപ്പുറം ഒന്നുമല്ലാത്ത, പ്രബല ജാതിസംഘടനകളുടെ പിൻബലമില്ലാത്ത, പത്തുവർഷമായി അധികാരത്തിന് പുറത്തുനിന്ന കാലത്ത്- യു.ഡി.എഫിനെ ഞെട്ടിക്കുന്ന ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ആ വാഗ്‌ധോരണി തന്നെയാണ് നിയമസഭയിൽ സ്വപ്‌നങ്ങൾക്ക് തുലാഭാരം അർപ്പിക്കുന്നത്.

മാറ്റത്തെക്കുറിച്ച് പി.ബി കൂടി തീസിസ് അവതരിപ്പിക്കുന്നവരല്ല കോൺഗ്രസുകാരെങ്കിലും തോറ്റാൽ അതിനുത്തരവാദികളായവർ മാറും. ഇല്ലെങ്കിൽ മാറ്റും. കെ. കരുണാകരനും എ.കെ ആന്റണിയും ഉമ്മൻചാണ്ടിയും അങ്ങനെ മാറിയവരാണ്. നടന്നുതേഞ്ഞ വഴികളിലൂടെ സഞ്ചരിച്ചാൽ ജയിക്കാനാവില്ലെന്ന് അറിയാമായിരുന്നു, സതീശന്. ഗോഡ്ഫാദർമാരും സമുദായ സമവാക്യങ്ങളും നിയന്ത്രിക്കുന്ന കോൺഗ്രസിൽ നിന്നു പൊറുക്കണം. പിന്നെ ജനത്തെ മെരുക്കണം. മുന്നണി ഭരണത്തിലുണ്ടായിരുന്നപ്പോഴല്ല, ഉമ്മൻചാണ്ടിയും ചെന്നിത്തലയും നേതാക്കളായിരുന്നപ്പോൾ പ്രതിപക്ഷ നിരയിലാണ് സതീശൻ തിളങ്ങിയത്. ധനതത്വശാസ്ത്ര പടു ഡോ. തോമസ് ഐസക്കിന് ചെക്ക് വെച്ച സതീശനോട് നേരിട്ടൊരു സംവാദത്തിൽ ഏറ്റുമുട്ടുകയെന്ന അബദ്ധത്തിൽനിന്ന് പിണറായി വിജയനെ ആരോ രക്ഷിച്ചു.

2026ലെ തെരഞ്ഞെടുപ്പ് കേരളത്തിലെ ഇടതുപ്രചാരണഭൂമികയെ കീഴ്മേൽ മറിച്ചതായിരുന്നു. അദാനിയെപ്പോലും പാർട്ണറാക്കിയ കോടികളുടെ വികസനപ്പെരുപ്പേമാരിയായിരുന്നു ഇടതിന്റെ പരസ്യപ്പലകകളിൽ. ഞാനല്ലാതെ ആര് എന്ന് നിവർന്നുനിന്ന് വെല്ലുവിളിച്ചു. അതിന് മുമ്പിൽ ഒരുവേള സ്തംഭിച്ചുപോയ യു.ഡി.എഫിന് രക്ഷാനൗകയായി സതീശൻ ഒഴുക്കിവിട്ടതാണ് മിഷൻ സമുദ്ര. അത് വെറുമൊരു വാക്കല്ലെന്ന് ആറുമാസം പൂർത്തിയാവും മുമ്പെ തെളിയിക്കുകയാണ് മാരിടൈം ബോർഡ് ഭേദഗതി ബിൽ വഴി.

പ്രതിപക്ഷത്തിൻ്റെ വിമർശനമുണ്ട്. പരമ്പരാഗതമായി കടലിനോട് ചേർന്നുകഴിയുന്ന മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് പ്രതിപക്ഷത്തിന്റെ ആധി സ്വാഭാവികമാണ്. അതുകൊണ്ടാണ് ബില്ലിന്റെ വരവുവേളയിൽ അവർ സഭ വിട്ട് പൊയ്ക്കളഞ്ഞത്. എന്നാൽ അതിനുമുണ്ട് സതീശന്റെ കൈയിൽ മറുപടി. തുറമുഖ വികസനം വരുമ്പോൾ കടലിന്റെ മക്കൾ എവിടെയും പോകേണ്ട. അവരെ അവിടെത്തന്നെ നിർത്തി പഠിപ്പും പൊടിപ്പും കൊടുക്കും. പുതിയ കാലത്തോട് ചേർന്നുനിന്ന് പോരാടാൻ ഉന്നതവിദ്യാഭ്യാസം നൽകി അവരെ പ്രാപ്തരാക്കും. കടലിലല്ല, കരയിൽ കേരളീയരുടെ കരളിൽതന്നെ അവരുണ്ടാവും. അവരുടെ സമ്പദ്താൽപര്യങ്ങളിലാണ് തന്റെ മിഷൻ സമുദ്ര നങ്കൂരമിടുന്നത് എന്ന് തീർത്തുപറയുന്നുണ്ട് സതീശൻ.

ആഗോള കുത്തകകളുടെ കഴുകൻ കണ്ണുകളെയും കോടാനുകോടിക്കിലുക്കത്തെയും കുറിച്ച് ആശങ്കപ്പെടുമ്പോൾതന്നെ കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെയും സാമൂഹിക, വിദ്യാഭ്യാസ യാഥാർഥ്യത്തെയും ഭാവിതലമുറകളുടെ പ്രതീക്ഷകളെയും കുറിച്ച് ഒരു കുറിപ്പിന്റെയും പിൻബലമില്ലാതെ ആവേശത്തോടെ സംസാരിക്കുന്ന മുഖ്യമന്ത്രിയെ വിസ്മ‌യംപോലെ കേരള ജനത കാണുകയാണ്. ജവഹർലാൽ നെഹ്റുവിന്റെ സയന്റിഫിക് ടെമ്പറിനെക്കുറിച്ച് വാചാലനാവുമ്പോൾതന്നെ കുപ്പായം ഊരിവച്ച് സതീശൻ തുലാഭാരത്തട്ടിലേക്ക് കയറുമ്പോൾ അത് വൈരുധ്യം സൃഷ്‌ടിക്കുകയല്ല, കേരളത്തിന്റെ മനസ് സൂക്ഷിക്കുക മാത്രമാണ്. പുതുപ്പള്ളി വലിയ പള്ളിയിലെ ഉമ്മറപ്പടിയിലൂടെയും ഗുരുവായൂരിലെ കിഴക്കെ ഗോപുരനടയിലൂടെയും മലയാളിയുടെ മനസിലേക്ക് ഗൂഢമായ ഒരിടനാഴിയുണ്ടെന്ന് മുന്നെ പോയവർ വഴികാട്ടിയിട്ടുണ്ടല്ലോ. പക്ഷേ പാരകൾ കരുതണം, ഇതു കേരളമാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുണ്ടക്കയത്ത് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം മനഃപൂർവം ഉണ്ടാക്കിയതെന്ന് പൊലീസ്
ചേരാനല്ലൂർ അപകടം: തെളിവ് നശിപ്പിച്ചു; ജഡ്ജിക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി ജയബാലകൃഷ്ണന്റെ കുടുംബം