'കലാപാഹ്വാനത്തിനും ഗൂഢാലോചനയ്ക്കും കേസെടുക്കണം'; ഇപിക്കും പി.കെ.ശ്രീമതിക്കുമെതിരെ കോടതിയിൽ ഹർ‍ജി

By Web TeamFirst Published Jul 30, 2022, 1:03 PM IST
Highlights

എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ കേസെടുക്കാൻ നിർ‍ദേശിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതിക്കുമെതിരെ കോടതിയിൽ ഹർജി. എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ കേസെടുക്കണമെന്നാണ് ആവശ്യം. പൊതുപ്രവർത്തകനായ പായ്ച്ചിറ നവാസാണ് കലാപാഹ്വാനം, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി  ഇരുവർക്കുമെതിരെ കേസെടുക്കാൻ നി‍ർദേശം നൽകണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിലാണ് ഹർജി നൽകിയത്. ഹർ‍ജിയിൽ കോടതി തിങ്കളാഴ്ച വാദം കേൾക്കും. 

ഇപിയും ശ്രീമതിയും പറഞ്ഞത്...

എകെജി സെന്ററിനെതിരെ നടന്നത് ആസൂത്രിത ബോംബെറാണെന്നായിരുന്നു സംഭവം നടന്നയുടൻ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്റെ പ്രതികരണം. കോണ്‍ഗ്രസുകാര്‍ എകെജി സെന്‍ററിന് ബോംബ് എറിയുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണെന്നും ജയരാജന്‍ ആരോപിച്ചു. അവര്‍ മുഖ്യമന്ത്രിയെ അടക്കം ആക്രമിക്കാന്‍ പോയവരാണ്. എന്നാല്‍ ഈ സംഭവത്തില്‍ സിപിഎം അണികള്‍ ഒരു തരത്തിലും പ്രകോപിതരാകരുതെന്നും അനിഷ്ടസംഭവങ്ങള്‍ ഉണ്ടാക്കരുതെന്നും ആക്രമണത്തിന് പിന്നാലെ ജയരാജൻ പറഞ്ഞിരുന്നു. 

ഞെട്ടിക്കുന്ന ശബ്ദമായിരുന്നു കേട്ടതെന്നും പുസ്തകം വായിച്ചുകൊണ്ടിരിക്കെ ഇരിക്കുന്ന കസേരയിൽ നിന്ന് ഇളകി എന്നുമായിരുന്നു പി.കെ.ശ്രീമതിയുടെ പ്രതികരണം. എകെജി സെന്ററിന് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്നും ശ്രീമതി സംഭവം നടന്നയുടൻ പ്രതികരിച്ചിരുന്നു.

എകെജി സെന്‍റര്‍ ആക്രമണം നടന്ന് ഒരുമാസം, പ്രതിയെവിടെ? യാതൊരു തുമ്പുമില്ല

അതേസമയം എകെജി സെന്‍റര്‍ ആക്രമണം നടന്ന് ഇന്ന് ഒരുമാസം പിന്നിടുകയാണ്. വിവാദമായ കേസിൽ പ്രതിയെ കുറിച്ച് യാതൊരു തുമ്പും കിട്ടാത്തത് കേരള പൊലീസിനും സർക്കാരിനും നാണക്കേടായിത്തുടരുന്നു. പ്രതിയെന്ന് സംശയിക്കുന്നവരുടെ സിപിഎം ബന്ധമാണ് അന്വേഷണം ഇഴഞ്ഞുനീങ്ങാൻ കാരണമെന്ന് ആക്ഷേപവും ഉയർന്നുകഴിഞ്ഞു. അതിനിടെ പടക്കമേറ്, പ്രതീകാത്മകമായി ചിത്രീകരിച്ചുള്ള അന്വേഷണത്തിന് ക്രൈംബ്രാഞ്ച് തയ്യാറെടുക്കുകയാണ്. കഴിഞ്ഞ മാസം 30 ന് അർദ്ധരാത്രിയിലാണ് എകെജി സെന്‍ററിന് നേരെ പടക്കമേറുണ്ടായത്. ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ആസ്ഥാനത്തെ ആക്രമണം രാത്രി തന്നെ വൻ വിവാദമായി കത്തിപ്പടർന്നെെങ്കിലും അന്വേഷണത്തിൽ മെല്ലെപ്പോക്ക് തുടരുകയാണ്.

 

click me!