മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാന്‍റെ നിയമനത്തിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി

By Web TeamFirst Published Sep 30, 2022, 10:50 AM IST
Highlights

മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനായുള്ള എ.ബി. പ്രദീപ് കുമാറിന്‍റെ നിയമനത്തിനെതിരെയായിരുന്നു ഹർജി.  

ദില്ലി: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ നിയമനത്തിനെതിരെ സുപ്രീം കോടതിയിൽ വന്ന  ഹർജി തള്ളി. മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനായുള്ള എ.ബി. പ്രദീപ് കുമാറിന്‍റെ നിയമനത്തിനെതിരെയായിരുന്നു ഹർജി.  

ചെയർമാനായി പ്രദീപ് കുമാറിനെ  നിയമിച്ചത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നാരോപിച്ച് തിരുവനന്തപുരം പൂജപ്പുര സ്വദേശി കെ. എസ്. ഗോവിന്ദൻ നായര്‍ അഭിഭാഷക രശ്മി നന്ദകുമാര്‍ വഴിയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നത്. 23 അപേക്ഷകൾ ലഭിച്ചതിൽ ഹർജിക്കാരനടക്കം മതിയായ യോഗ്യതയുള്ള 17 പേരെ കണ്ടെത്തിയെങ്കിലും എട്ടുപേരെ മാത്രമാണ് ഇൻറർവ്യൂവിന് വിളിച്ചതെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു.  

മതിയായ യോഗ്യതയുള്ളവരെ അഭിമുഖം നടത്താതെ ഒഴിവാക്കാൻ സെലക്ഷൻ കമ്മിറ്റിക്ക് അധികാരമില്ലെന്നും ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും ഹർജിയിൽ പറഞ്ഞിരുന്നു. നേരത്തെ ഹൈക്കോടതിയുടെ മുന്നിലും പ്രദീപ് കുമാറിന്‍റെ നിയമനം ചോദ്യം ചെയ്യപ്പെട്ടിരുന്നു. സിംഗിൽ ബെഞ്ച് പ്രദീപ് കുമാറിന്‍റെ നിയമനം റദ്ദാക്കിയെങ്കിലും പിന്നീട് ഹൈക്കോടതി ഡിവിഷൻ  ബെഞ്ച് നിയമനം ശരിവച്ചിരുന്നു. പിന്നീടാണ് പരാതിക്കാരന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

click me!