Latest Videos

'കേരളത്തിന് ഇന്ധനനികുതി കൂടിയേ തീരൂ, ജിഎസ്ടി പരിധിയിലാക്കരുത്', ധനമന്ത്രി

By Web TeamFirst Published Jun 22, 2021, 1:17 PM IST
Highlights

എല്ലാ നികുതികളും കേന്ദ്രസർക്കാരിന്‍റെ വരുതിക്ക് വരുത്തുന്നതാകും ഈ നീക്കമെന്നും, ഇത് അംഗീകരിക്കില്ലെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇന്ധനവില പൊള്ളിക്കുമ്പോഴും സംസ്ഥാനനികുതി കേരളം കുറച്ചിട്ടില്ല. നികുതി കുറച്ചാൽ അത് കൊവിഡ് പ്രതിസന്ധിക്കാലത്ത് കേരളത്തിന് വലിയ നഷ്ടം വരുത്തി വയ്ക്കും. 

തിരുവനന്തപുരം: പെട്രോളും ഡീസലും ജിഎസ്ടി പരിധിയിൽ കൊണ്ടു വരുന്നതിനുള്ള നീക്കങ്ങളെ പിന്തുണക്കാനാകില്ലെന്ന് ആവർത്തിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. എല്ലാ നികുതി അധികാരങ്ങളും കവരാനുള്ള കേന്ദ്രത്തിന്‍റെ നീക്കമാണിതെന്നും ഇന്ധനനികുതി ഇല്ലാതെ സംസ്ഥാനത്തിന് മുന്നോട്ട് പോകാനാകില്ലെന്നും കെ. എൻ. ബാലഗോപാൽ പറഞ്ഞു.

ഇന്ധനവില പൊള്ളിക്കുമ്പോഴും സംസ്ഥാനനികുതി കേരളം കുറച്ചിട്ടില്ല. നികുതി കുറച്ചാൽ അത് കൊവിഡ് പ്രതിസന്ധിക്കാലത്ത് കേരളത്തിന് വലിയ നഷ്ടം വരുത്തി വയ്ക്കും. 

പെട്രോളും ഡീസലും ജിഎസ്ടി നികുതി ഘടനയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹർജിയില്‍ ആറാഴ്ചക്കകം തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാരിനോട് കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ഇക്കാര്യമാവശ്യപ്പെട്ട് ജിഎസ്ടി കൗൺസിലിന്  ഹർജിക്കാരൻ നൽകിയ നിവേദനം കേന്ദ്ര സർക്കാരിന് കൈമാറാനും കോടതി നിർദേശം നല്‍കി. നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ലെന്നാണ് ഹർജിക്കാരന്‍റെ വാദം.

മുൻ കാലടി സ‍ർവകലാശാല വൈസ് ചാൻസലർ ഡോ. എം സി ദിലീപ് കുമാറാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ജിഎസ്ടി കൗൺസിലിന്‍റെ പക്കലുളള നിവേദനം ഉടൻ കേന്ദ്രസർക്കാരിന് കൈമാറണം. ഇക്കാര്യത്തിൽ തീരുമാനമാകുംവരെ പെട്രോളിനും ഡീസലിനും സംസ്ഥാന സർക്കാർ നികുതി പിരിയ്ക്കുന്നത് നി‍ർത്തിവയ്ക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ തീരുമാനം വരും വരെ നികുതി ഈടാക്കുന്നത് സംസ്ഥാന സർക്കാർ നിർത്തിവയ്ക്കണമെന്ന ഹർജിക്കാരൻ്റെ അപേക്ഷയിൽ തീരുമാനം എടുക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറിയോട് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. 

 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!