സ്വത്ത് കണ്ടുകെട്ടൽ: ഉദ്യോഗസ്ഥരുടെ രാഷ്ട്രീയം പരിശോധിക്കണമെന്ന് ഐഎൻഎൽ വഹാബ് വിഭാഗം

Published : Jan 23, 2023, 05:32 PM IST
സ്വത്ത് കണ്ടുകെട്ടൽ: ഉദ്യോഗസ്ഥരുടെ രാഷ്ട്രീയം പരിശോധിക്കണമെന്ന് ഐഎൻഎൽ വഹാബ് വിഭാഗം

Synopsis

കോടതി ഉത്തരവിന്റെ മറവിൽ നിരപരാധികളും നേരത്തെ മരിച്ചു പോയവരും ഉൾപ്പടെയുള്ളവർക്കെതിരെ എടുത്ത അന്യായമായ നടപടികൾ പുന:പരിശോധിക്കണമെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞത്

തിരുവനന്തപുരം: പിഎഫ്ഐ ഹർത്താലുമായി ബന്ധപ്പെട്ട് സ്വത്ത് കണ്ടുകെട്ടൽ നടപടിക്ക് പോയ സർക്കാർ ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കണമെന്ന ആവശ്യവുമായി ഐഎൻഎൽ. ഇടത് സർക്കാരിനെതിരെ ജനവിരുദ്ധ വികാരം ഉയർത്തിവിടാൻ യുഡിഎഫിന്റെയും ബിജെപിയുടെയും ചട്ടുകമായി ഉദ്യോഗസ്ഥർ പ്രവർത്തിച്ചോയെന്ന് സംശയിക്കേണ്ട സാഹചര്യമാണെന്നും ഐഎൻഎൽ വഹാബ് വിഭാഗം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.

കോടതി ഉത്തരവിന്റെ മറവിൽ നിരപരാധികളും നേരത്തെ മരിച്ചു പോയവരും ഉൾപ്പടെയുള്ളവർക്കെതിരെ എടുത്ത അന്യായമായ നടപടികൾ പുന:പരിശോധിക്കണമെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞത്. പൊതുമുതൽ നശിപ്പിക്കുന്നതിനെതിരെ കോടതിയുടെ ഇടപെടൽ അഭിനന്ദനർഹമാണ്. എന്നാൽ പ്രതികൾക്കോ നടപടിക്ക് വിധേയമാകുന്നവർക്കോ നോട്ടീസ് പോലും നൽകേണ്ടതില്ലെന്ന കോടതി നിലപാട് നീതി രഹിതവും ജനാധിപത്യ വിരുദ്ധവുമാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.

ഈ ഉത്തരവിന്റെ മറവിൽ നിരപരാധികളും ഹർത്താലിന് മാസങ്ങൾക്കു മുൻപ് മരിച്ചു പോയവരുടേയും വീടുകൾ ജപ്തി ചെയ്ത ഉദ്യോഗസ്ഥ നടപടിയെ നേതൃത്വം വിമർശിച്ചു. ഈ നീക്കം സംസ്ഥാനത്തെ ഇടത് സർക്കാരിനെതിരെ ജനവിരുദ്ധ വികാരം ഉയർത്താനുള്ളതാണ്. യു ഡി എഫ് , ബി ജെ പി കക്ഷികളുടെ  ചട്ടുകമായി ഉദ്യോഗസ്ഥർ  പ്രവർത്തിച്ചിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജപ്തി നടപടി സ്വീകരിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയവരുടെയും നടപ്പാക്കിയവരുടെയും രാഷ്ട്രീയ താല്പര്യങ്ങൾ പരിശോധിക്കപ്പെടേണ്ടതാണെന്നും ഐഎൻഎൽ നേതാക്കൾ ആവശ്യപ്പെട്ടു. പിഎഫ്ഐ ഹർത്താലിന്റെ മറവിൽ പൊതുമുതൽ നശിപ്പിച്ച സമാനമായ മുഴുവൻ കേസുകളിലും ഈ നിയമം നടപ്പിലാക്കാൻ കോടതി നിർദേശം നൽകുകയാണ് വേണ്ടതെന്നും സെക്രട്ടറിയേറ്റ്  ആവശ്യപ്പെട്ടു. കെ പി ഇസ്മയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൻ കെ അബ്ദുൽ അസീസ് , ഓ പി ഐ കോയ , സി എഛ് മുസ്തഫ , അഡ്വ മനോജ് സി നായർ , അഡ്വ. ഓ കെ തങ്ങൾ , അഡ്വ ജെ തംറൂക് , എ എൽ എം കാസിം , സമദ് നരിപ്പറ്റ , ശർമ്മദ് ഖാൻ , ടി എം ഇസ്മായിൽ എന്നിവർ സംസാരിച്ചു .

PREV
Read more Articles on
click me!

Recommended Stories

വോട്ടെടുപ്പ് ദിനത്തിൽ പുലര്‍ച്ചെ സ്ഥാനാര്‍ത്ഥി അന്തരിച്ചു, പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു