മനില: ഫിലിപ്പീൻസിൽ കുടുങ്ങിയ മലയാളി മെഡിക്കൽ വിദ്യാർത്ഥികളെ തിരികെയെത്തിക്കാനായി ഇന്ത്യൻ എംബസി വിവരശേഖരണം തുടങ്ങി. രാജ്യത്ത് വിവിധ ഇടങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് എംബസി ഇന്ത്യയിലേക്ക് മടങ്ങാൻ സമ്മതം വാങ്ങുന്ന രജിസ്ട്രേഷൻ ലിങ്കുകൾ നൽകി. രജിസ്ട്രേഷൻ വഴി വിദ്യാർത്ഥികളുടെ എണ്ണം ശേഖരിച്ച ശേഷം നാട്ടിലേക്ക് മടങ്ങാനുള്ള നിർദ്ദേശങ്ങൾ നൽകും.
മലയാളി വിദ്യാർത്ഥികളടക്കം നേരിടുന്ന ദുരിതം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിലെ ഹോസ്റ്റലുകളിലും വിമാനത്താവളങ്ങളിലും വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുകയാണ്. കേന്ദ്രസർക്കാരിൽ നിന്ന് ഉടൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി പി കെ കുഞ്ഞാലിക്കുട്ടി എംപി നേരത്തെ പറഞ്ഞിരുന്നു. ഫിലിപ്പീൻസിലെ ഇന്ത്യൻ അംബാസിഡറുമായി സംസാരിച്ചതായും ഉടനടി ലഭ്യമായ അടുത്ത വിമാനത്തിൽത്തന്നെ ഇവരെ ഇന്ത്യയിലേക്ക് തിരികെയെത്തിക്കുമെന്ന് ഉറപ്പ് നൽകിയതായും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
മലയാളികൾ അടക്കം 400 വിദ്യാർത്ഥികളാണ് ഫിലിപ്പീൻസിൽ കുടുങ്ങിക്കിടക്കുന്നത്. തലസ്ഥാനമായ മനിലയിലെ പെർപ്പെച്ച്വൽ യൂണിവേഴ്‌സിറ്റിയിലെ എംബിബിഎസ് വിദ്യാർഥികളാണ് ഇവർ. വൈറസ് ബാധ വ്യാപിച്ചതോടെ ഫിലിപ്പീൻസ് സർക്കാർ പല വിമാന സർവീസുകളും റദ്ദാക്കി. ഇതോടെ ടിക്കറ്റ് ബുക്ക് ചെയ്ത പലർക്കും തിരികെ വരാൻ കഴിയാത്ത സ്ഥിതിയായിരുന്നു.
ഇന്ത്യയിലേക്ക് വരാൻ വിമാനടിക്കറ്റ് ലഭിച്ച് വിമാനത്താവളത്തിലെത്തി ബോർഡിംഗ് പാസ് കിട്ടിയ ശേഷമാണ്, താമസ സ്ഥലത്തേക്ക് തിരികെ പോകാൻ നിർദേശിച്ചതെന്ന് വിദ്യാർത്ഥികൾ പറയുന്നു. മനിലയിൽ കർഫ്യൂ പ്രഖ്യാപിച്ച നിലയിലാണ്. ആളുകൾ പുറത്തിറങ്ങുന്നതിനും കൂട്ടം കൂടുന്നതിനും കനത്ത വിലക്കുണ്ട്. ഇതിനിടയിലും ഏറെ ബുദ്ധിമുട്ടിയാണ് ഇന്ത്യയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തതും വിമാനത്താവളത്തിലേക്ക് എത്തിയതും. ഇവിടെ എത്തി ബോർഡിംഗ് പാസ് വരെ വിമാനത്താവള അധികൃതർ നൽകിയെങ്കിലും പിന്നീട് അത് തിരികെ വാങ്ങുകയായിരുന്നു. നിങ്ങൾക്ക് ഇന്ത്യയിലേക്ക് പോകാൻ അനുമതിയില്ലെന്നും അതിനാൽ തിരികെ പോകണമെന്ന് നിർദേശിച്ചതായും വിദ്യാർത്ഥികൾ വ്യക്തമാക്കി.
കൊറോണ ബാധയെ ദേശീയദുരന്തമായി പ്രഖ്യാപിച്ച് പ്രസിഡന്‍റ് അടുത്ത ആറ് മാസത്തേക്ക് അതീവജാഗ്രതയും യാത്രാവിലക്കും പ്രഖ്യാപിക്കാനിരിക്കുകയാണെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതെന്നും, ഇതിന് മുമ്പ് തിരികെ വരാനാണ് ശ്രമിച്ചതെന്നും മെഡിക്കൽ വിദ്യാർത്ഥികൾ വ്യക്തമാക്കുന്നു. എന്നാൽ ആറ് മാസത്തേക്ക് യാത്രാ വിലക്ക് പ്രഖ്യാപിച്ച് കഴിഞ്ഞാൽ പിന്നെ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന കാര്യം ചിന്തിക്കാനാകില്ല. വ്യക്തമായ സഹായം ലഭിക്കുകയുമില്ല. രോഗബാധ പടരുന്നതിനിടെ എത്രയും പെട്ടെന്ന് തിരികെ വരാൻ ശ്രമിച്ച വിദ്യാർത്ഥികൾ അടക്കം കുടുങ്ങിയ സാഹചര്യത്തിലാണ് അധികൃതരുടെ ഇടപെടൽ.
അതേസമയം, ഇറ്റലിയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ഇന്ത്യന്‍ എംബസി വ്യക്തമാക്കിയിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന 300-ഓളം ഇന്ത്യൻ വിദ്യാർത്ഥികളെ സഹായിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചതായി ഇറ്റലിയിലെ ഇന്ത്യൻ എംബസി പ്രതികരിച്ചു. പരിശോധനക്കായി കുടുങ്ങിക്കിടക്കുന്നവരുടെ സാമ്പിളുകൾ ശേഖരിച്ചെന്നും ഇതിന്‍റെ ഫലം ഉടൻ ലഭ്യമാകുമെന്നും എംബസി വ്യക്തമാക്കി. ഇതിന് ശേഷം, ഇവർക്ക് നൊ കൊവിഡ് എന്ന ഹെൽത്ത് സർട്ടിഫിക്കറ്റ് നൽകി നാട്ടിലേക്ക് തിരികെ എത്താവുന്നതാണ്.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam