Actress Attack Case : ഫോണുകൾ കേസുമായി ബന്ധമുള്ളതല്ല, ഹാജരാക്കാനാവില്ല; ക്രൈംബ്രാഞ്ചിന് ദിലീപിന്റെ മറുപടി

Web Desk   | Asianet News
Published : Jan 26, 2022, 06:22 PM ISTUpdated : Jan 26, 2022, 06:28 PM IST
Actress Attack Case : ഫോണുകൾ കേസുമായി ബന്ധമുള്ളതല്ല, ഹാജരാക്കാനാവില്ല; ക്രൈംബ്രാഞ്ചിന് ദിലീപിന്റെ മറുപടി

Synopsis

ബാങ്കിംഗ് ആവശ്യത്തിന് ഉപയോഗിക്കുന്ന ഫോൺ ആണ് ഹാജരാക്കാൻ ആവശ്യപ്പെടുന്നത്. മറ്റൊരു ഫോണിൽ ബാലചന്ദ്രകുമാറിനെതിരായ തെളിവാണ്. ഈ ഫോൺ വിവരങ്ങൾ വീണ്ടെടുക്കാൻ താൻ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി (Actress Attack Case)  ബന്ധപ്പെട്ട അന്വേഷണ ഉദ്യോ​ഗസ്ഥർക്കെതിരായ വധഭീഷണി കേസിൽ, തന്റെ ഫോണുകൾ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാക്കാനാവില്ലെന്ന് ദിലീപ് (Dileep)  ക്രൈംബ്രാഞ്ചിന് മറുപടി നൽകി. ഇപ്പോൾ അന്വേഷിക്കുന്ന കേസുമായി ബന്ധപ്പെട്ട തെളിവുകൾ ഒന്നും ഫോണിൽ ഇല്ല. ഹാജരാക്കാൻ ആവശ്യപ്പെട്ട ഫോണുകൾ ഒന്നും കേസുമായി ബന്ധമുള്ളതല്ല എന്നും ക്രൈംബ്രാഞ്ചിന്റെ നോട്ടീസിന് മറുപടിയായി ദിലീപ് അറിയിച്ചു. 

ബാങ്കിംഗ് ആവശ്യത്തിന് ഉപയോഗിക്കുന്ന ഫോൺ ആണ് ഹാജരാക്കാൻ ആവശ്യപ്പെടുന്നത്. മറ്റൊരു ഫോണിൽ ബാലചന്ദ്രകുമാറിനെതിരായ തെളിവാണ്. ഈ ഫോൺ വിവരങ്ങൾ വീണ്ടെടുക്കാൻ താൻ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ഒരാഴ്ചയ്ക്ക് അകം ഫലം കിട്ടും. ഈ ഫലം താൻ കോടതിക്ക് കൈമാറാം. കേസുമായി ബന്ധപ്പെട്ട മൊബൈൽ ഫോണുകൾ ഹാജരാക്കിയതാണ്. വീണ്ടും ഫോൺ ആവശ്യപ്പെടാൻ  നിയമപരമായി അധികാരമില്ല. ഫോൺ ഹാജരാക്കാൻ നോട്ടീസ് നൽകിയത് നിയമപരമല്ല. നോട്ടീസ് പിൻവലിക്കണം. ബാലചന്ദ്രകുമാറിന്റെയും ബൈജു പൗലോസിന്റെയും ഫോണുകൾ പിടിച്ചെടുക്കണം. ഇവർ തനിക്കെതിരെ നടത്തുന്ന ഗൂഢാലോചന ഫോൺ പരിശോധിച്ചാൽ തെളിയും

പ്രതി എന്ന നിലയിൽ തനിക്ക് നോട്ടീസ് നൽകാൻ അന്വേഷണ സംഘത്തിന് കഴിയില്ല. നോട്ടീസ് തനിക്ക് നൽകുന്നതിനു മുൻപ് മാധ്യമങ്ങൾക്ക്‌ നൽകിയെന്നും ദിലീപ് പറയുന്നു. 

വധഭീഷണി കേസിന് പിറകെ ദിലീപ് അടക്കമുള്ള പ്രതികൾ ഫോൺ ഒളിപ്പിച്ചതിന് പിറകിൽ ആസൂത്രിക ഗൂഡാലോചനയെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഫോണിലെ വിവരങ്ങൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും ദീലിപിനെ  കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും നാളെ  ഹൈക്കോടതിയെ അറിയിക്കും

ഡിസംബർ 9 ന് കൊലപാതക ഗൂഢാലോചന കേസ് എടുത്തതിന് പിറകെയാണ് ദിലീപിന്‍റെ രണ്ട് ഫോൺ അടക്കം 5 ഫോണുകൾ പ്രതികൾ ഒരുമിച്ച് മാറ്റുന്നത്. പഴയ  സിം കാർഡുകൾ ഇട്ട  പുതിയ ഫോണിലായിരുന്നു പിന്നീട് പ്രതികളെല്ലാം  ഉപയോഗിച്ചത്. ദിലീപിന്‍റെ വീട്ടിലെ റെയ്ഡിൽ പിടിച്ചെടുത്തത് പുതിയ ഫോണുകളാണ്.   എന്നാൽ  കേസ് എടുത്തതിന് പിറകെ പ്രതികളെല്ലാവരും ഒരുമിച്ച് ഫോൺ മാറ്റിയത് ഗൂഡാലോചനയിലെ നിർണ്ണായക തെളിവുകൾ നശിപ്പിക്കാനാണെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. പ്രതികളുടെ പേഴ്സണൽ  ഫോൺ ലഭിച്ചിരുന്നെങ്കിൽ വാട്സ് ആപ് ചാറ്റുകൾ അടക്കം വീണ്ടെടുക്കാനാകും. നടി കേസിലെ സാക്ഷികളെ സ്വാധീനിച്ചതും, ഗൂഡാലോചനയിലെ നിർണ്ണായക തെളിവുകളും ഈ ഫോണുകളിൽ നിന്ന് ലഭിക്കുമെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ.

കൃത്യമായ നിയമോപദേശം ഇക്കാര്യത്തിൽ പ്രതികൾക്ക് ലഭിച്ചിരിക്കാം എന്നാണ് കരുതുന്നത്. ഫോൺ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോയി തെളിവുകൾ നീക്കം ചെയ്യാനുള്ള സാധ്യതയും ക്രൈം ബ്രാ‌‌ഞ്ച് തള്ളുന്നില്ല. ഈ സാഹചര്യത്തിൽ തെളിവുകൾ കണ്ടെത്താൻ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും അന്വേഷണവുമായി സഹകരിച്ചില്ലെന്നും നാളെ ഹൈക്കോടതിയെ അറിയിക്കും. ഫോൺ ഹാജരാക്കാൻ ഇന്നാണ് സമയം നൽകിയത്. ഇന്നലെ ചോദ്യം ചെയ്യലിനിടെയാണ് ഫോണുകൾ കൈമാറണമെന്ന നോട്ടീസ് ക്രൈംബ്രാഞ്ച് നൽകിയത്. 

 

PREV
Read more Articles on
click me!

Recommended Stories

'ജയിലിൽ പോകാൻ മടിയില്ല, വോട്ടുകൊള്ളയ്ക്കെതിരെ ജനകീയ പ്രക്ഷോഭം ഉണ്ടാകും'; ലോക്സഭയില്‍ കെസി വേണുഗോപാൽ
തിരുവല്ലയിൽ വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടി ഫയർഫോഴ്സ്, ആക്രമണത്തിൽ 4 പേർക്ക് പരിക്കേറ്റു