
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ വീണ്ടും ആശുപത്രിയിൽ പ്രവേശിച്ചു. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവണം എന്ന് കാണിച്ച് ഇഡി നോട്ടീസ് നൽകിയതിനു പിന്നാലെയാണ് രവീന്ദ്രൻ ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്ക് പ്രവേശിച്ചത്. കൊവിഡാനന്തര പ്രശ്നങ്ങൾ എന്നാണ് വിശദീകരണം.
ശിവശങ്കറിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനും അദ്ദേഹത്തിൻ്റെ വിശ്വസ്തനുമായ രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തുന്നതോടെ സ്വർണക്കടത്ത് കേസ് സർക്കാരിന് വീണ്ടും വെല്ലുവിളിയായി മാറുകയാണെന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിൻ്റെ അറസ്റ്റിന് പിന്നാലെ സി.എം.രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യാനൊരുങ്ങിയിരുന്നു. ഇതിനായി രവീന്ദ്രന് നോട്ടീസ് നൽകിയ സമയത്താണ് അദ്ദേഹം കൊവിഡ് പൊസീറ്റിവായി ക്വാറൻ്റൈനിൽ പോയത്. രണ്ടാഴ്ചയിലേറെ ക്വാറൻ്റൈനിൽ ഇരുന്ന രവീന്ദ്രൻ കൊവിഡ് നെഗറ്റീവായി ഒരാഴ്ചത്തെ നിരീക്ഷണവും പൂർത്തിയായ ശേഷമാണ് അദ്ദേഹത്തെ ചോദ്യം ചെയ്യാൻ ഇഡി വീണ്ടും നോട്ടീസ് നൽകിയത്.
സിഎംആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സിഎം രവീന്ദ്രൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിർണായക സ്വാധീനമുള്ള ഉദ്യോഗസ്ഥനാണ്. ദീർഘകാലമായി തനിക്ക് അറിയാവുന്ന ആളാണ് രവീന്ദ്രനെന്നും അദ്ദേഹത്തെ പൂർണവിശ്വാസമാണെന്നും നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു.
ശിവശങ്കറിൻ്റെ മൊഴിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിഎം രവീന്ദ്രനെ ചോദ്യം ചെയ്യുന്നത് എന്നാണ് സൂചന. കെ ഫോൺ, ടോറസ് തുടങ്ങിയ സർക്കാർ പദ്ധതികളുമായി ബന്ധപ്പെട്ടും രവീന്ദ്രനിൽ നിന്നും ഇഡി വിവരം തേടിയേക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam