
തിരുവനന്തപുരം: അധികാരമേറ്റ് ഒന്നേകാൽ വർഷം പിന്നിടുമ്പോൾ രണ്ടാം പിണറായി സർക്കാരിന് മുഖം മിനുക്കാൻ അവസരം ഒരുങ്ങിയിരിക്കുകയാണ്. മന്ത്രിസഭയിലെ രണ്ടാമനെന്ന വിശേഷണമുണ്ടായിരുന്ന എം വി ഗോവിന്ദൻ പാർട്ടി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് അഴിച്ചുപണി ഉറപ്പായത്. സി പി എമ്മിന്‍റെ ചരിത്രം പരിശോധിക്കുമ്പോൾ സെക്രട്ടറി സ്ഥാനം എറ്റെടുത്താൽ പിന്നെ മന്ത്രി സ്ഥാനത്ത് തുടരാറില്ല. പിണറായി വിജയൻ 1998 ൽ സംസ്ഥാന സെക്രട്ടറിയായപ്പോൾ മന്ത്രി സ്ഥാനം രാജിവച്ചിരുന്നു. അതുതന്നെയാകും ഗോവിന്ദന്‍റെ കാര്യത്തിലും ഉണ്ടാകുക എന്നതിൽ അധികമാർക്കും സംശയമുണ്ടാകില്ല. ഗോവിന്ദൻ പടിയിറങ്ങുന്നതും ഭരണഘടന 'വിവാദ'ത്തിൽ സജി ചെറിയാൻ രാജിവച്ചതും കൂട്ടി വായിക്കുമ്പോൾ രണ്ടുപേർക്കുള്ള വാതിലാണ് പിണറായി മന്ത്രിസഭയിൽ തുറന്നുകിടക്കുന്നത്. അതുകൊണ്ടുതന്നെ ആരാകും പിണറായി മന്ത്രിസഭയുടെ മുഖം മിനുക്കാൻ എത്തുക എന്ന കാര്യത്തിലെ ചർച്ച രാഷ്ട്രീയ കേരളത്തിൽ മുറുകിക്കഴിഞ്ഞു.
മുൻ മന്ത്രിമാർ തിരിച്ചെത്തുമോ? ആർഎസ്‍പിയെ തിരിച്ചെത്തിക്കുമോ? ഗവർണറോടുള്ള നിലപാട്? പുതിയ സെക്രട്ടറിയുടെ മറുപടി
ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാർക്കൊപ്പം എത്താൻ രണ്ടാം മന്ത്രിസഭയിലെ അംഗങ്ങൾക്ക് സാധിക്കുന്നില്ലെന്ന വിമർശനം നേരത്തെ തന്നെ തുടങ്ങിയതാണ്. ഒരു ഘട്ടത്തിൽ സി പി എം സംസ്ഥാന കമ്മിറ്റിയിൽ പോലും അത്തരം വിമർശനം ഉയർന്നെന്ന വാർത്തകളും കേരളം കേട്ടിരുന്നു. സി പി ഐ സമ്മേളനങ്ങളിലാകട്ടെ പല മന്ത്രിമാർക്കെതിരെയും വലിയ വിമർശനമാണ് പ്രതിനിധികൾ ഉയർത്തുന്നത്. അതിനിടയിലാണ് മുഖം മിനുക്കാൻ പിണറായി സർക്കാരിന് അവസരം കൈവന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ ആരാകും എം വി ഗോവിന്ദനും സജി ചെറിയാനും പകരക്കാരായി എത്തുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ഏവരും.
ഗോവിന്ദൻ രാജിവച്ചാൽ തദ്ദേശ സ്വയംഭരണ - എക്സൈസ് വകുപ്പിലേക്കും സാംസ്ക്കാരിക വകുപ്പിലേക്കുമാകും പുതിയ മന്ത്രിമാരെത്തേണ്ടത്. എന്നാൽ വകുപ്പ് വിഭജനത്തിനടക്കമുള്ള സാധ്യതകളും തള്ളികളയാനാകില്ല. ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാരിൽ ആരെങ്കിലും മടങ്ങിയെത്തുമോ എന്നതാണ് ഏറ്റവും പ്രധാനമായ ചോദ്യം. എന്നാൽ അതിനുള്ള സാധ്യതകൾ പുതിയ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിൽ അത്രകണ്ട് പ്രോത്സാഹിപ്പിച്ചിരുന്നില്ല. എല്ലാം മാധ്യമസൃഷ്ടി എന്നായിരുന്നു ചോദ്യത്തോടുള്ള സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. അതുകൊണ്ടു തന്നെ പുതുമുഖമാകുമോ മന്ത്രിസഭയിലെത്തുകയെന്ന കാര്യത്തിലും ചർച്ച സജീവമായിട്ടുണ്ട്.
രണ്ടാം മന്ത്രിസഭ പോലെ അപ്രതീക്ഷിതമായ തീരുമാനങ്ങൾ പാർട്ടി കൈകൊണ്ടാലും അത്ഭുതപ്പെടാനില്ല. മന്ത്രി സ്ഥാനത്തിരുന്ന് പ്രാഗത്ഭ്യം തെളിയിച്ചവരെ മടക്കി കൊണ്ടുവന്ന് ഞെട്ടിക്കുമോ, അനുഭവപരിചയമുള്ളവർ വേണോ ചെറുപ്പക്കാർ വേണോ, ജില്ലാടിസ്ഥാനത്തിൽ പരിഗണന നൽകണമോയെന്നതടക്കമുള്ള കാര്യങ്ങളും പാർട്ടി പരിഗണിച്ചാകും തീരുമാനമെടുക്കുക. എം വി ഗോവിന്ദൻ കണ്ണൂരിൽ നിന്നുള്ള മന്ത്രിയായതിനാൽ തന്നെ ജില്ലയ്ക്ക് പരിഗണന ലഭിക്കുമോയന്ന് കണ്ടറിയണം. ഗോവിന്ദനെ സെക്രട്ടറിയാക്കാൻ തീരുമാനിച്ച സംസ്ഥാന സമിതി പക്ഷേ ഇക്കാര്യത്തിലൊന്നും തീരുമാനം കൈകൊണ്ടില്ല. പകരം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിക്കട്ടെ എന്നാണ് നിലപാട് സ്വീകരിച്ചത്. എന്തായാലും ഇക്കാര്യത്തിൽ സി പി എം തീരുമാനം അറിയാൻ ഓണം കഴിയും വരെ കാത്തിരിക്കേണ്ടി വന്നേക്കും.