
തിരുവനന്തപുരം: കർഷക ആത്മഹത്യകളുടെ പശ്ചാത്തലത്തിൽ ബാങ്കുകളുടെ യോഗം വിളിക്കാൻ സർക്കാർ തീരുമാനം. കർഷകരെ സമ്മർദ്ദപ്പെടുത്തരുതെന്നാണ് സർക്കാർ ബാങ്കുകൾക്ക് നൽകുന്ന പ്രാഥമിക നിർദ്ദേശം. ഇടുക്കി പൊലുള്ള സ്ഥലങ്ങളിൽ ജപ്തി നോട്ടീസ് നൽകരുതെന്നും ബാങ്കുകൾക്ക് സർക്കാർ നിർദ്ദേശം നൽകി. 2019-2020 കാലയളവിലെ കാർഷിക ലോണുകളുടെ പലിശ സർക്കാർ വഹിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
കര്‍ഷകര്‍ എടുത്തിരിക്കുന്ന ലോണുകള്‍ക്ക് മീതെ ബാങ്കുകള്‍ സര്‍ഫാസി നിയമ പ്രകാരം ജപ്തി നോട്ടീസ് അയക്കുകയാണ്. ഇത് കര്‍ഷകരെ സമ്മര്‍ദത്തിലാക്കുന്നതിനാല്‍ അതില്‍ നിന്ന് ബാങ്കുകള്‍ പിന്മാറണമെന്നാണ് സര്‍ക്കാരിന്‍റെ നിര്‍ദേശം. കാര്‍ഷിക ലോണുകള്‍ക്ക് മൊറട്ടോറിയം എന്ന നിലയില്‍ മാത്രം നിലവിലെ പ്രശ്നം കൈകാര്യം ചെയ്യാനാകില്ല.
ഇടുക്കി പോലുള്ള ജില്ലകളില്‍ കൃഷിക്കാര്‍ എടുത്തിരിക്കുന്ന ലോണുകളില്‍ അധികവും കാര്‍ഷിക ലോണുകള്‍ അല്ല. വിദ്യാഭ്യാസ ലോണ്‍, കെട്ടിട നിര്‍മാണത്തിനുളള ലോണ്‍ എന്നിവയാണ്. കാര്‍ഷിക ലോണ്‍ കിട്ടുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ കൊണ്ടാണ് കർഷകർ മറ്റ് ലോണുകള്‍ എടുത്തിട്ടുള്ളത്. ലോണുകളുടെ തിരിച്ചടവിന് കര്‍ഷകരുടെ വരുമാനം കൃഷിയില്‍ നിന്നാണ്. ഈ സാഹചര്യം പരിഗണിച്ചാണ് പ്രശ്നത്തില്‍ ഇടപെടാൻ സര്‍ക്കാര്‍ തീരുമാനിച്ചത് .
അഞ്ചുലക്ഷം രൂപ മുതല്‍ 25 ലക്ഷം രൂപ വരെ ലോണ്‍ എടുത്ത കര്‍ഷകരുണ്ടെന്നാണ് കൃഷി വകുപ്പ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. 2019 -20 കാലയളവില്‍ കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ ലഭ്യമാക്കും. കൃഷി വകുപ്പും ധനവകുപ്പും യോഗം ചേര്‍ന്ന് മറ്റു പദ്ധതികള്‍ ആലോചിക്കാനും തീരുമാനമായി. നെല്ലിന്‍റെ താങ്ങുവില 25 രൂപ 30 പൈസയില്‍ നിന്ന് 26 രൂപ 30 പൈസയാക്കി ഉയര്‍ത്താനും മന്ത്രിസഭ യോഗം തീരുമാനിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam