
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ കാലത്തെ അവസാന നിയമസഭാ സമ്മേളനം നാളെ മുതൽ. ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം തുടങ്ങുന്നത്. പിണറായി സർക്കാരിന്‍റെ അവസാന ബജറ്റ് തന്നെയാകും ഈ സഭാ സമ്മേളനത്തിലെ ഹൈലൈറ്റ്. 29 നാണ് ബജറ്റ് അവതരിപ്പിക്കുക. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വമ്പൻ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടായേക്കും എന്നാണ് പ്രതീക്ഷ. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അടിമുടി രാഷ്ട്രീയവിവാദങ്ങളാകും ഇക്കുറി സഭയെ ചൂട് പിടിപ്പിക്കുക. തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നും ജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് യു ഡി എഫ് സഭയിലെത്തുക. ശബരമല സ്വർണ്ണക്കൊള്ളയടക്കം നിരവധി വിഷയങ്ങൾ ഉയർത്തി സഭയിൽ ആഞ്ഞടിക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് അടക്കം ചൂണ്ടിക്കാട്ടിയാകും ഭരണപക്ഷത്തിന്‍റെ തിരിച്ചടി. രാഹുലിനെ അയോഗ്യനാക്കാനുള്ള പരാതി സ്പീക്കർക്ക് മുന്നിലുണ്ടെങ്കിലും അന്തിമ തീരുമാനം ഈ സമ്മേളനത്തിൽ ഉണ്ടാകാൻ സാധ്യത കുറവാണ്. മാർച്ച് 26 വരെ നീളുന്ന അവസാന സമ്മേളന കാലം പ്രക്ഷുബ്ധമാകാനാണ് സാധ്യത.
പുതുവർഷത്തിൽ പുതിയ നയം പ്രഖ്യാപിച്ചാണ് സഭാ സമ്മേളനം നാളെ തുടങ്ങുന്നത്. പക്ഷെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും നയം ഒന്നെയൂള്ളൂ. രാഷ്ട്രീയം മാത്രം. വീണ്ടുമൊരു ഭരണത്തുടർച്ച ലക്ഷ്യമിട്ടുള്ള ബജറ്റ് പ്രഖ്യാപനങ്ങൾക്കടക്കമാണ് സർക്കാർ നീക്കം. ഭരണമാറ്റത്തിന് അരങ്ങൊരുക്കലാകും അവസാന സമ്മേളനത്തിലെ പ്രതിപക്ഷത്തിന്‍റെ ഉന്നം. തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നും ജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് യു ഡി എഫ്. ശബരിമല സ്വർണ്ണക്കൊള്ള തന്നെയാകും സർക്കാറിനെതിരായ പ്രധാന ആയുധം. അറസ്റ്റിലായവരുടെ സി പി എം ബന്ധവും, പാർട്ടി നടപടി വൈകുന്നതും ആളിക്കത്തിച്ച് കടകംപള്ളിയിലേക്ക് കൂടി നീട്ടിയാകും ആക്രമണം. വാജീവാഹനക്കൈമാറ്റം വഴിവിവാദം യു ഡി എഫിലേക്ക് തിരിക്കാനുള്ള സർക്കാർ ശ്രമം സഭയിലും ഉറപ്പ്. ഇരുപക്ഷവും പോറ്റി പാട്ടിന്‍റെ പുതിയ പുതിയ രൂപം പരീക്ഷിച്ചേക്കും. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റാണ് മറ്റൊരു പ്രധാന വിഷയം. പുറത്താക്കിയെങ്കിലും കോൺഗ്രസ് സംരക്ഷണമെന്ന് ഭരണപക്ഷം പഴിക്കും. ബന്ധം മുറിച്ചെന്ന് പറഞ്ഞ് കയ്യൊഴിയുമ്പോഴും മുകേഷിനെ അടക്കം ചൂണ്ടി സമാനകേസുകളിലെ സി പി എം നടപടി ഇല്ലാത്തതും കോൺഗ്രസിന്‍റെ ചോദ്യമാകും. രാഹുലിനെ അയോഗ്യനാക്കാനുള്ള പരാതി സ്പീക്കർക്ക് മുന്നിലുണ്ടെങ്കിലും അന്തിമ തീരുമാനം ഈ സമ്മേളനത്തിൽ ഉണ്ടാകാനുള്ള സാധ്യത കുറവ്. സതീശനെതിരായ പുനർജനി വിവാദത്തിലെ സി ബി ഐ അന്വേഷണനീക്കം മറ്റൊരുവിഷയം. വോട്ട് കൊണ്ട് വരാനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇടംപിടിക്കും. മാർച്ച് 26 വരെയാണ് സമ്മേളനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam