
കോട്ടയം: രാജ്യത്തിൻ്റെ മതനിരപേക്ഷത അപകടത്തിലാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പൊതുമേഖല സ്ഥാപനങ്ങളെ കേന്ദ്ര ഗവൺമെൻറ് വിറ്റഴിക്കുന്നു. റെയിൽവെ, തപാൽ മേഖല തകർച്ചയിലാണ്. നിയമന നിരോധനമാണ് ഈ മേഖലയിൽ നടക്കുന്നത്. ദേശീയ തലത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന നയം ബിജെപിയെ സഹായിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായ വിത്യാസങ്ങൾ മാറ്റിവെച്ച് ബിജെപിയെ ചെറുക്കാൻ കഴിയണം. പക്ഷേ അതിന് കോൺഗ്രസിന് കഴിയുന്നില്ല. ദേശീയ തലത്തിലെ കൂട്ടായ്മയെ ദുർബലപ്പെടുത്തുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചത്. അതാണ് തമിഴ്നാട്ടിൽ കണ്ടത്. രണ്ട് മന്ത്രി സ്ഥാനം കിട്ടിയപ്പോൾ മുന്നണി മാറാൻ കോൺഗ്രസിന് ഒരു മടിയും ഉണ്ടായില്ല. കോൺഗ്രസ് കാണിച്ചത് വഞ്ചനയാണെന്നും ഇടതുപക്ഷം അവിടെ രാഷ്ട്രീയ മാന്യത കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ യുഡിഎഫ് ഭരണം തുടക്കം കുറിച്ചത് എങ്ങനെ എന്ന് കാണണം. മതനിരപേക്ഷിതയ്ക്ക് വിട്ട് വീഴ്ച കാണിക്കാത്ത നാടായിരുന്നു. എന്നാൽ, വന്ദേ മാതരം പൂർണമായി ചൊല്ലി. ആരെ പ്രീണിപ്പിക്കാനായിരുന്നു അത്. ആർഎസ്എസ് നയം അംഗീകരിച്ചത് കൊണ്ടല്ലേ ഇങ്ങനെ വന്നത്. ഗവർണർ നിർബന്ധിച്ചത് കൊണ്ടാണ് എന്നാണ് പറയുന്നത്. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി സംഘപരിവാറുകാരനെ നിയമിച്ചു. ആർഎസ്എസ്, സംഘപരിവാർ താൽപര്യം ഗവർണർ നടത്തുന്നു. എന്തെ ഒരു നേരിയ ശബ്ദം പോലും എതിരായി ഉയർന്നു വരാഞ്ഞത്. എന്നാൽ എൽഡിഎഫ് സർക്കാരാണ് കാരണം എന്നാണ് പറയുന്നത്. അതെങ്ങനെയാണ് എൽഡിഎഫ് സർക്കാർ കാരണം ആകുന്നത്. ഞങ്ങൾക്ക് അതിനോട് യോജിപ്പില്ലെന്ന് പറയാൻ പോലും എന്തെ ഇപ്പോഴത്തെ സർക്കാരിന് കഴിയാതെ പോകുന്നത്.
അങ്ങനെ പറയാൻ പോലും തയാറാകാതെ മുൻ സർക്കാരിനെ കുറ്റപ്പെടുത്താൻ റോജി എം ജോൺ ശ്രമിക്കുന്നതിൽ നിന്ന് വ്യക്തമല്ലേ ഇക്കാര്യമെന്നും സെനറ്റിൽ 19 പേർ കറ കളഞ്ഞ ആർഎസ്എസുകാരാണെന്നും ആർഎസ്എസ് നിലപാടിന് കീഴ്പ്പെടുന്ന ഒരു ഗവർണറും കീഴ്പ്പെടുന്ന ഒരു സർക്കാരുമാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം വിമർശിച്ചു. വലിയ തോതിലുള്ള വിമർശനം ഉന്നയിക്കേണ്ട എന്നാണ് ഞങ്ങൾ കരുതിയതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam