മനസാക്ഷിയുണ്ടെങ്കിൽ പിണറായി പെട്രോൾ വില പത്ത് രൂപയെങ്കിലും കുറയ്ക്കണം: കെ.സുരേന്ദ്രൻ

By Web TeamFirst Published Feb 20, 2021, 12:36 PM IST
Highlights

ജിഎസ്ടിയിൽ പെട്രോളിനെ ഉൾപ്പെടുത്താൻ കേരളം തയ്യാറാണോയെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കണം.

തിരുവനന്തപുരം: മനസാക്ഷിയുണ്ടെങ്കിൽ സംസ്ഥാനത്തെ പെട്രോൾ വിലയിൽ നികുതി കുറച്ച് പത്ത് രൂപയുടെ കുറവെങ്കിലും വരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പെട്രോൾ വിലവര്‍ധനയുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ജിഎസ്ടിയിൽ പെട്രോളിനെ ഉൾപ്പെടുത്താൻ കേരളം തയ്യാറാണോയെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കണമെന്നും പെട്രോൾ വിലയിൽ സംസ്ഥാന നികുതിയാണ് കേന്ദ്ര നികുതിയേക്കാൾ കൂടുതലെന്നും സുരേന്ദ്രൻ പറഞ്ഞു.

സുരേന്ദ്രൻ്റെ വാക്കുകൾ -  

നിയസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് സർക്കാർ കടുംവെട്ട് നിർത്തണം. ആഴക്കടലിൽ മേഴ്സിക്കുട്ടിയമ്മ നടത്തിയ അഴിമതി ഈ കടുംവെട്ടിൻ്റെ ഭാഗമാണ്. കേരളത്തിൽ സർവ്വത്ര അഴിമതിയാണ്. പ്രതിപക്ഷത്തിരിക്കുന്ന യുഡിഎഫിന് അഴിമതിയെ കുറിച്ച് സംസാരിക്കാനാവില്ല. അഴിമതി കാരണമാണ് അവർ ഭരണത്തിൽ നിന്ന് പുറത്ത് പോയത്.

‍ഞായറാഴ്ച കാസര്‍കോട് തുടങ്ങുന്ന ബിജെപിയുടെ വിജയയാത്ര അഴിമതിക്കെതിരായ പ്രചാരണമായി മാറും. എൻഡിഎയുമായി നേരത്തെ ബന്ധമുണ്ടായിട്ടും പിന്നീട് പുറത്തു പോയവർ വീണ്ടും ഘടകകക്ഷിയായി തിരിച്ചെത്തും. പി.സി.തോമസ് നാളെ വിജയ യാത്രയിൽ പങ്കെടുക്കും.ഇ ശ്രീധരനെ പോലെ പല പ്രമുഖരും ഇനിയും ബി ജെ പിയിലേക്ക് വരും. ശ്രീധരൻ ഏത് പദവിയിലുമിരിക്കാൻ യോഗ്യനാണ്. കേരള സർക്കാരിനെ കേന്ദ്ര മന്ത്രിമാർ അഭിനന്ദിക്കുന്നത് സർക്കാർ പരിപാടികളിലെ ഔപചാരിക വാക്കുകളുടെ ഭാഗമായി മാത്രമാണ് അതിലപ്പുറം ഇതിലൊന്നുമില്ല. 

ഒരു ചായക്കട ഉദ്ഘാടനം ചെയ്യണമെങ്കിൽ ഒരു കോടി രൂപയുടെ പരസ്യം കൊടുത്ത് പി ആർ ഏജൻസികളെ കൊണ്ട് പ്രചാരണം നടത്തിക്കുന്ന മുഖ്യമന്ത്രി 2900 കോടിയുടെ ആഴക്കടൽ മത്സ്യബന്ധ പദ്ധതിയുടെ കരാര്‍ ആരേയും അറിയാതെ ഒപ്പിട്ടതിൽ ദുരൂഹത ശക്തമാണ്. ആലപ്പുഴയിൽ 25 രൂപയ്ക്ക് ചോറ് കൊടുത്തത് വലിയ പ്രചരണ വിഷയമാക്കിയ സര്‍ക്കാര്‍ വലിയൊരു വിദേശകമ്പനിയുമായി കരാറുണ്ടാക്കിയ കാര്യം മൂടിവച്ചു. 

click me!