കൊവിഡ് 19; സാമൂഹ്യവ്യാപനമില്ല, വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Apr 29, 2020, 6:10 PM IST
Highlights

ജനങ്ങള്‍ക്കിടയില്‍ ഭീതിപടര്‍ത്തുന്ന പ്രചാരണം  ഉണ്ടാകുന്നത് അനുവദിക്കാനാവാത്ത ദുഷ്പ്രവണതയാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ അത്തരം പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി.

തിരുവനന്തപുരം: കൊവിഡ് രോഗവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാജവാര്‍ത്തകളുടെ യാഥാര്‍ത്ഥ്യം പരിശോധിച്ച് ജനങ്ങളോട് സംവദിക്കാനുള്ള സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

വ്യാജവാര്‍ത്തകളില്ലാതാക്കാനായി മാധ്യമങ്ങളുടെ സഹായം തേടും. വ്യാജവാര്‍ത്തകള്‍ക്കെതിരെ നടപടിയുണ്ടാകുന്നുണ്ടെങ്കിലും തെറ്റായ പ്രചാരണം നടത്തുന്നതിന് അറുതിയില്ല. കൊവിഡ് 19 സാമൂഹ്യവ്യാപനത്തിലെത്തി എന്നതലത്തില്‍ പല കേന്ദ്രങ്ങളില്‍ നിന്നും പ്രചാരണം നടത്തുന്നുണ്ട്. ഇത് ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊല്ലം ചാത്തന്നൂരില്‍ വലിയ തോതില്‍ രോഗം പടരുന്നു എന്ന പ്രചാരണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരമൊരു അവസ്ഥ നില നില്‍ക്കുന്നില്ല. 

കൊവിഡ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അനിയന്ത്രിതമായ ഒന്നും സംഭവിക്കുന്നില്ല. എന്നിട്ടും ജനങ്ങള്‍ക്കിടയില്‍ ഭീതിപടര്‍ത്തുന്ന പ്രചാരണം  ഉണ്ടാകുന്നത് അനുവദിക്കാനാവാത്ത ദുഷ്പ്രവണതയാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ അത്തരം പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. മറ്റ് മാധ്യമങ്ങളും അബദ്ധത്തില്‍പോലും വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

click me!