
തിരുവനന്തപുരം: കേരളം ഒരുമിച്ച് നിന്ന് ഒരു ദുരന്തത്തെ നേരിടുമ്പോള്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റായ സന്ദേശം ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. അത് പ്രശ്നങ്ങളെ സങ്കീർണമാക്കുന്നു.
എല്ലാ ഡാമും തുറക്കുന്നുവെന്നും പെട്രോൾ പമ്പുകൾ ആകെ അടക്കുന്നുവെന്നും പ്രചരിപ്പിക്കുന്നു. അത്തരക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ന് രാവിലെ സ്ഥിതിഗതികള്‍ വിശദീകരിക്കാന്‍ മാധ്യമങ്ങളെ കണ്ടപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
കേരളം മൊത്തത്തില്‍ കനത്ത മഴ ആശങ്ക സൃഷ്ടിക്കുമ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് തലവേദന സൃഷ്ടിക്കുന്നുണ്ട്. നാളെ കേരളത്തിലെവിടെയും വൈദ്യുതി ഉണ്ടാവില്ലെന്ന് കെഎസ്ഇബി അറിയിച്ചു, എടിഎമ്മുകളില്‍ പണം തീരാന്‍ പോകുന്നതിനാല്‍ ഉടനെ പോയി പണം പിന്‍വലിക്കുക, പെട്രോള്‍ പമ്പുകളില്‍ ഇന്ധനക്ഷാമം നേരിടുന്നു അതിനാല്‍ പരമാവധി പെട്രോളടിച്ചു വയ്ക്കുക എന്നൊക്കെയാണ് ഇപ്പോള്‍ വാട്സാപ്പ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങളിലുള്ളത്.
സാമാന്യയുക്തിക്ക് പോലും നിരക്കാത്ത തരത്തിലുള്ളവയാണ് പ്രചരിക്കുന്ന സന്ദേശങ്ങളില്‍ പലതുമെങ്കിലും ഇടവലം നോക്കാതെ പലരും ഇതെല്ലാം ഫോര്‍വേര്‍ഡ് ചെയ്യുകയാണ്. ഇതോടെയാണ് മുഖ്യമന്ത്രി തന്നെ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam