'ഇവിടെ ആര് പരിശ്രമിച്ചാലും ഒരു ചുക്കും സംഭവിക്കില്ല', കുഞ്ഞികൃഷ്ണന്‍റെ പേര് പോലും പറയാതെ മുഖ്യമന്ത്രി; 'പയ്യന്നൂരിൽ വിള്ളലുണ്ടാക്കാൻ കഴിയില്ല'

Published : Apr 03, 2026, 08:13 PM IST
PINARAYI

Synopsis

പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ, രക്തസാക്ഷി ഫണ്ട് വിവാദത്തിൽ സി പി എം വിട്ട വി കുഞ്ഞിക്കൃഷ്ണന്റെ പേര് പറയാതെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷവിമർശനം ഉന്നയിച്ചു. പയ്യന്നൂരിലെ ഇടതുപക്ഷ കോട്ടയിൽ ഒരു വിള്ളലും വീഴ്ത്താൻ ആർക്കും കഴിയില്ലെന്നും, എൽ ഡി എഫ് സ്ഥാനാർത്ഥി ടി ഐ മധുസൂദനന്റെ വിജയത്തിനായി ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു

കണ്ണൂർ: പയ്യന്നൂരിലെ ഇടതുപക്ഷ കോട്ടയിൽ വിള്ളലുണ്ടാക്കാൻ ആര് പരിശ്രമിച്ചാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രക്തസാക്ഷി ഫണ്ട് വിവാദമുയർത്തി സി പി എം വിട്ട് യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന വി കുഞ്ഞിക്കൃഷ്ണന്റെ പേര് പരാമർശിക്കാതെയായിരുന്നു പയ്യന്നൂർ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ മുഖ്യമന്ത്രിയുടെ കടന്നാക്രമണം. കണിശത പാലിക്കുന്ന നേതാക്കളുടെയും രക്തസാക്ഷികളുടെയും നാടായ പയ്യന്നൂരിന്റെ പവിത്രത തകർക്കാൻ ആർക്കും സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു ചില്ലിക്കാശുണ്ടായാൽ അത് കൃത്യമായി കണക്ക് വയ്ക്കുന്ന നേതാക്കളുടെ പാരമ്പര്യമാണ് ഈ മണിനുള്ളതെന്നും ഏത് വലിയ പ്രതിസന്ധിയിലും പാറപോലെ പാർട്ടിക്കൊപ്പം ഉറച്ചുനിൽക്കുന്നവരാണ് പയ്യന്നൂരുകാരെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പയ്യന്നൂർ മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ടി ഐ മധുസൂദനന്റെ വിജയത്തിനായി ഈ മണ്ണിന്റെ പവിത്രത സംരക്ഷിക്കാൻ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്ന് പിണറായി വിജയൻ ആഹ്വാനം ചെയ്തു. മഹാന്മാരുടെ നേതൃത്വത്തിൽ പാർട്ടി വളർന്ന ഈ മണ്ണിൽ ജനകീയ പ്രതിരോധം ശക്തമാണെന്നും അദ്ദേഹം പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള പ്രതിപക്ഷ വിമർശനങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി. മാർച്ച് 31 കഴിഞ്ഞിട്ടും ഖജനാവിന് ഒന്നും സംഭവിച്ചില്ലെന്നും നികുതി വരുമാനം വർധിച്ചതായും അദ്ദേഹം വ്യക്തമാക്കി.

സ്വരാജിനെ വിമർശിച്ച് കുഞ്ഞികൃഷ്ണൻ

പയ്യന്നൂരിലെ ഫണ്ട് വെട്ടിപ്പ് വിവാദത്തിൽ സി പി എം നേതാവ് എം സ്വരാജിന് രൂക്ഷമായ മറുപടിയുമായി നേരത്തെ വി കുഞ്ഞിക്കൃഷ്ണൻ രംഗത്തെത്തിയിരുന്നു. തർക്കബുദ്ധിയിൽ ആത്മരതി അനുഭവിക്കുന്നയാളാണ് സ്വരാജെന്നും പയ്യന്നൂരിലെ ശവംതൂക്കികളെ വെളുപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും കുഞ്ഞിക്കൃഷ്ണൻ കുറ്റപ്പെടുത്തി. വലിയ സാമ്പത്തിക വെട്ടിപ്പ് വെളിച്ചത്തുകൊണ്ടുവന്ന വ്യക്തിയെ അപഹസിക്കാനാണ് സ്വരാജ് മുതിരുന്നത്. തെളിവുകൾ മറച്ചുവെച്ച് വെറും വാക്പ്രയോഗങ്ങൾ കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവില്ലെന്നും വാക്കുകളുടെ മായാവലയത്തിൽ എല്ലാവരും വീഴില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഫണ്ടിനെക്കുറിച്ച് രക്തസാക്ഷി ധനരാജിന്റെ കുടുംബത്തോട് ചോദിക്കാൻ പറഞ്ഞത് കുറുക്കന്റെ ബുദ്ധിയാണെന്ന് കുഞ്ഞിക്കൃഷ്ണൻ പരിഹസിച്ചു. പാർട്ടി ആശ്രിതരുടെ നിസ്സഹായതയെ ബുദ്ധിപരമായി ചൂഷണം ചെയ്യാനാണ് ഇത്തരം പ്രസ്താവനകളിലൂടെ ശ്രമിക്കുന്നത്. ചട്ട കണ്ട് പുസ്തകത്തെ വിലയിരുത്താൻ കഴിയില്ലെന്ന് പറയുന്നത് പോലെയാണ് സ്വരാജിന്‍റെ പ്രവൃത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസ്ഥാനത്തിനുണ്ടായ മൂല്യശോഷണത്തിനെതിരായ തന്റെ പോരാട്ടം തുടരുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തമിഴ്നാട്ടിൽ കോൺഗ്രസിൽ പൊട്ടിത്തെറി, രാഹുൽ ഗാന്ധിയുടെ സാമൂഹ്യനീതി തത്വം അട്ടിമറിക്കപ്പെട്ടെന്ന് കരൂർ എംപി; സ്ഥാനാർഥി പട്ടികയിൽ രൂക്ഷ വിമർശനം
`ഒരു സ്ത്രീക്ക് എതിരെ ഉണ്ടാകാൻ പാടില്ലാത്ത നീക്കം'; സൈബർ ആക്രമണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി വീണ ജോർജ്