
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) വിളിച്ച ഉന്നതതല പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്. വൈകിട്ട് മൂന്നുമണിക്ക് ക്ലിഫ് ഹൌസിലാണ് യോഗം ചേരുന്നത്. എഡിജിപിമാരുടെ യോഗമാണ് ഇന്ന് വിളിച്ച് ചേര്‍ത്തിരിക്കുന്നത്. പൊലീസിനെതിരെ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നതിന്‍റെ പശ്ചാത്തലത്തില്‍ സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍മാര്‍ മുതലുള്ളവരുടെ യോഗം നേരത്തെ മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്തിരുന്നു. അതിന് പിന്നാലെ ഡിജിപിയും മുഖ്യമന്ത്രിയും ഉന്നതതല പൊലീസ് യോഗവും വിളിച്ച് ചേര്‍ത്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് തുടര്‍ച്ചയായ വീഴച്ചയുണ്ടാവുന്നതിന്‍റെ പശ്ചാത്തലത്തിലാണ് വീണ്ടും യോഗം വിളിച്ചിരിക്കുന്നത്. ഉന്നതതല പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേരുന്ന ഇന്നുതന്നെയാണ് മറ്റൊരു പൊലീസ് ക്രൂരതയുടെ വാര്‍ത്തയും പുറത്തുവരുന്നത്.
ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്ത യാത്രക്കാരനാണ് കണ്ണൂർ റെയിൽവേ പൊലീസ് സ്റ്റേഷൻ എഎസ്ഐ പ്രമോദില്‍ നിന്ന് ക്രൂരമായ ആക്രമണം നേരിടേണ്ടി വന്നത്. സ്ലീപ്പർ കോച്ചില്‍ പരിശോധനയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചു. സ്ലീപ്പർ ടിക്കറ്റില്ലെന്നും ജനറൽ ടിക്കറ്റ് മാത്രമേയുള്ളു എന്നും യാത്രക്കാരൻ മറുപടി നൽകി. കയ്യിലുള്ള ടിക്കറ്റ് എടുക്കാൻ പൊലീസുകാരൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഇയാൾ ബാഗിൽ ടിക്കറ്റ് തിരയുന്നതിനിടെ പൊലീസുകാരൻ ബൂട്ട് ഉപയോഗിച്ച് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്യുകയായിരുന്നു. തല്ലി വീഴ്ത്തുകയും നിലത്ത് വലിച്ചിട്ട് ബൂട്ട് കൊണ്ട് നെഞ്ചിന് ചവിട്ടുകയും ചെയ്തുവെന്ന് ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാരൻ പറഞ്ഞു.
യാത്രക്കാരൻ മര്യാദയോടെ ഇരിക്കുന്നതിനിടെയാണ് ടിക്കറ്റ് ചോദിച്ച് പൊലീസ് എത്തിയതെന്ന് ദൃശ്യങ്ങൾ പകർത്തിയ പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യാത്രക്കാരൻ പറഞ്ഞു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് ബൂട്ടിട്ട് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തത്. ക്രൂരമായ മർദ്ദനം കണ്ടതോടെ ഇടപെട്ടു. എന്നാൽ മറ്റ് യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നായിരുന്നു പൊലീസുകാരന്‍ വിശദീകരിച്ചതെന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയ യാത്രക്കാരന്‍ പറഞ്ഞു. യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവം അന്വേഷിക്കുന്നത് സ്പെഷൽ ബ്രാഞ്ച് എസിപിയെ ചുമതലപ്പെടുത്തി. മനുഷ്യത്വരഹിതമായ കാര്യങ്ങൾ ഉണ്ടായോ എന്നും പരിശോധിക്കുമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു. പൊലീസിനെതിരെ അച്ചടക്ക നടപടി എടുക്കാനുള്ള അധികാര പരിധി ആർക്കാണെന്ന് പരിശോധിക്കുമെന്നും ഇളങ്കോ വ്യക്തമാക്കി.