സ്വാഗത പ്രസംഗം നീണ്ടു; ആദ്യം താക്കീത്, പിന്നാലെ വേദി വിട്ട് മുഖ്യമന്ത്രി: തൊണ്ട വേദനയെന്ന് വിശദീകരണം

By Web TeamFirst Published Feb 26, 2019, 6:20 PM IST
Highlights

സ്വാഗത പ്രസംഗം നീണ്ടപ്പോള്‍ തന്നെ മുഖ്യമന്ത്രി എഴുന്നേറ്റു. പ്രസിഡന്‍റിനെ അടുത്തേക്ക് വിളിച്ച മുഖ്യമന്ത്രി ഗൗരവത്തില്‍ ചിലത് സംസാരിച്ചു. പിന്നീട് പ്രസംഗിക്കാതെ വേദി വിട്ടു. മുഖ്യമന്ത്രിക്ക് തൊണ്ട വേദനയെന്ന് വിശദീകരണം.

കൊല്ലം: സ്വാഗത പ്രസംഗം നീണ്ടത് പരിപാടിയുടെ സമയക്രമം തെറ്റിച്ചതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കാതെ വേദി വിട്ടു. പിന്നീട് കൊല്ലത്ത് നടന്ന അഞ്ച് ഉദ്ഘാടന പരിപാടികളിലും മുഖ്യമന്ത്രി സംസാരിച്ചില്ല. തുടര്‍ച്ചയായ പരിപാടികള്‍ കാരണം സംസാരിക്കാനുള്ള ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് പ്രസംഗം ഒഴിവാക്കിയതെന്ന് മുഖ്യമന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

കൊല്ലം ജില്ലാ ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സി രാധാമണിയുടെ സ്വാഗത പ്രസംഗം നീണ്ടപ്പോള്‍ തന്നെ മുഖ്യമന്ത്രി എഴുന്നേറ്റു. പഞ്ചായത്ത് പ്രസിഡന്‍റിനെ അടുത്തേക്ക് വിളിച്ച മുഖ്യമന്ത്രി ഗൗരവത്തില്‍ ചിലത് സംസാരിച്ചു. പിന്നീട് നിലവിളക്ക് കത്തിച്ച ശേഷം അധ്യക്ഷ പ്രസംഗം നടത്തിയ ആരോഗ്യമന്ത്രിയുടെ പ്രസംഗത്തിനിടയില്‍ മുഖ്യമന്ത്രി വേദി വിട്ടിറങ്ങി പോവുകയായിരുന്നു.

ജില്ലാ ആശുപത്രിക്ക് പുറമേ കശുവണ്ടി മേഖലയിലെ പുനര്‍വായ്പാ വിതരണം ലൈഫ് പദ്ധതിയുടെ താക്കോല്‍ വിതരണം കശുവണ്ടി കോര്‍പ്പറേഷന്‍റെ സുവര്‍ണ്ണ ജൂബിലി ആഘോഷം, എൻഎസ് പഠന കേന്ദ്ര ശിലാസ്ഥാപനം എന്നീ സ്ഥലങ്ങളിലെ പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുത്തു. ഇന്നലെ ആലപ്പുഴയിലും തിരുവനന്തപുരത്തുമായി ഒൻപത് ഉദ്ഘാടന പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നു.

click me!