
തിരുവനന്തപുരം: സ്കൂൾ കാലത്ത് അന്യായമായി പുറത്താക്കിയപ്പോൾ ചിത്രൻ നമ്പൂതിരിപ്പാട് രക്ഷകനായെത്തിയതിന്റെ ഓർമകൾ പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചരിത്രകാരനും യാത്രികനുമായ പി ചിത്രൻ നമ്പൂതിരിപ്പാടിനെ സന്ദശിച്ചതിന് പിന്നാലെയാണ് ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രി ഓർമ്മകൾ പങ്കുവച്ചത്.
വിദ്യാർത്ഥി ജീവിതകാലത്തെ കുറെ ഓർമ്മകൾ ഒന്നിച്ചു മുന്നിലെത്തിയ അനുഭവമാണ് തൃശൂരിലെ വീട്ടിലെത്തി അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ ഉണ്ടായതെന്ന് പിണറായി വിജയൻ കുറിക്കുന്നു. പുറത്താക്കിയത് ന്യായമായ കാരണം കൊണ്ടല്ലെന്ന് ബോധ്യപ്പെട്ട അന്നത്തെ വിദ്യാഭ്യാസ ഓഫീസർ ആയിരുന്ന ചിത്രൻ നമ്പൂതിരിപ്പാടായിരുന്നു തന്നെ തിരിച്ചെടുത്തതെന്നും അദ്ദേഹം പ്രധാനാധ്യാപികയെ ശാസിച്ചിരുന്നതായും മുഖ്യമന്ത്രി പോസ്റ്റിൽ കുറിക്കുന്നു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
വിദ്യാർത്ഥി ജീവിതകാലത്തെ കുറെ ഓർമ്മകൾ ഒന്നിച്ചു മുന്നിലെത്തിയ അനുഭവമാണ് ഇന്ന് ചരിത്രകാരനും യാത്രികനുമായ പി ചിത്രൻ നമ്പൂതിരിപ്പാടിന്റെ തൃശൂരിലെ വസതിയിലെത്തിയപ്പോൾ ഉണ്ടായത്. പെരളശ്ശേരി സ്‌കൂളിൽ പഠിക്കുന്ന കാലത്ത് അന്യായമായി പുറത്താക്കപ്പെട്ടപ്പോൾ രക്ഷകനായി എത്തിയത് അന്നത്തെ വിദ്യാഭ്യാസ ഓഫീസർ ആയിരുന്ന ചിത്രൻ നമ്പൂതിരിപ്പാടായിരുന്നു.
പുറത്താക്കിയത് ന്യായമായ കാരണം കൊണ്ടല്ല എന്ന് ബോധ്യപ്പെട്ട ചിത്രൻ നമ്പൂതിരിപ്പാട് തിരിച്ചെടുപ്പിക്കുക മാത്രമല്ല പ്രധാനാധ്യാപികയെ ശാസിക്കുകയും ചെയ്തു. ഇന്ന് അവിടെയെത്തി അദ്ദേഹത്തെ കണ്ടപ്പോൾ ഈ അനുഭവം സവിസ്തരം പരസ്പരം പങ്കു വെച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10,000 രൂപയുടെ ചെക്ക് നൽകിയാണ് അദ്ദേഹം ഞങ്ങളെ യാത്ര അയച്ചത്. ഹിമാലയ യാത്രയെ കുറിച്ചെഴുതിയ പുണ്യഹിമാലയം എന്ന പുസ്തകവും കൈമാറി. 30 തവണ ഹിമാലയം സന്ദർശിച്ച അദ്ദേഹം ഇനിയും പോകാനുള്ള ആത്മവിശ്വാസവും പ്രതീക്ഷയുമാണ് പ്രകടിപ്പിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam