പിടിമുറുക്കി സിപിഎം; മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങളുടെ യോഗം വിളിച്ച് പിണറായിയും കോടിയേരിയും

By Web TeamFirst Published Jul 20, 2020, 11:41 AM IST
Highlights

പാർട്ടി പെരുമാറ്റചട്ടം പാലിച്ചല്ല പല പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടേയും പ്രവര്‍ത്തനം എന്ന വിലയിരുത്തലിലാണ് പാര്‍ട്ടി

തിരുവനന്തപുരം: കൺസൾട്ടൻസി കരാറുകളിലെ ചട്ടലംഘനത്തിൽ തുടങ്ങി സ്വര്‍ണക്കടത്ത് കേസുവരെയുള്ള ആക്ഷേപങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന വാദം ശക്തമായിരിക്കെ പെരുമാറ്റ ചട്ടം ഉറപ്പാക്കാൻ നടപടികളുമായി സിപിഎം. എല്ലാ സിപിഎം മന്ത്രിമാരുടേയും പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ യോഗം വിളിച്ച് ചേര്‍ക്കാനാണ് തീരുമാനം. ഈ മാസം 23 നാണ് യോഗം തീരുമാനിച്ചിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും യോഗത്തിൽ നേരിട്ട് പങ്കെടുക്കും. 

അസാധാരണ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പാർട്ടി പെരുമാറ്റചട്ടം പാലിച്ചല്ല പല പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടേയും പ്രവര്‍ത്തനം എന്ന വിലയിരുത്തലിലാണ് സിപിഎം. മന്ത്രിമാരുടെ ഓഫീസുകളിൽ  പാര്‍ട്ടി പ്രതിനിധികളെ ഉറപ്പാക്കിയിട്ടുണ്ടെങ്കിലും വിവാദങ്ങൾക്കും ആക്ഷേപങ്ങൾക്കും എതിരെ ജാഗ്രത പാലിക്കാനോ പാര്‍ട്ടി വേദികളിൽ യഥാസമയം ഇക്കാര്യങ്ങൾ റിപ്പോര്‍ട്ട് ചെയ്യാനോ പലരും തയ്യാറാകുന്നില്ലെന്ന വിമര്‍ശനം സിപിഎം സംസ്ഥാന നേതൃത്വത്തിനുണ്ട്. 

വിവിധ കൺസൾട്ടൻസികൾക്ക് കരാര്‍ ഏൽപ്പിക്കുന്നതിലടക്കം ചട്ടലംഘനം കണ്ടെത്തിയതിന് പുറമെ പാര്‍ട്ടി നയങ്ങളും നിലപാടുകളും പാലിക്കപ്പെട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനിയും മുൻ ഐടി സെക്രട്ടറിയുമായ എം ശിവശങ്കറിനെതിരെ ഉയര്‍ന്ന ആക്ഷേപവും അന്വേഷണങ്ങളും സര്‍ക്കാരിനേയും പാര്‍ട്ടിയേയും മുന്നണിയേയും ഒരു പോലെ പ്രതിരോധത്തിലാക്കിയ സാഹചര്യമാണ് നിലവിലുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണം പരമാവധി മുതലെടുക്കാൻ പ്രതിക്ഷം ശ്രമിക്കുമ്പോൾ  മുന്നണി ഘടകക്ഷികളിൽ നിന്ന് വരെ കടുത്ത വിമര്‍ശവും ഉയർന്ന് വന്നിട്ടുണ്ട്. 

മുഖ്യമന്ത്രിയുടെ മാത്രമല്ല മറ്റ് മന്ത്രിമാരുടെ ഓഫീസുകൾ കേന്ദ്രീകരിച്ചും പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ ഭാഗത്തുനിന്ന് വീഴകളുണ്ടായിട്ടുണ്ടെന്ന വിലയിരുത്തൽ സിപിഎമ്മിനുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് യോഗം ചേരുന്നത്. ജാഗ്രതപാലിക്കുന്നതിനൊപ്പം പെരുമാറ്റചട്ടം പാലിച്ചുള്ള പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനുമുള്ള നടപടികളാണ് യോഗത്തിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം ഏതെങ്കിലും ഒരു വിവാദത്തിന്‍റെ പശ്ചാത്തലത്തിലല്ല യോഗം വിളച്ചതെന്നും പതിവ് നടപടി മാത്രമാണെന്നുമാണ് സിപിഎം വിശദീകരണം. 

click me!