സ്മാരകത്തിന് തറക്കല്ലിട്ടു; ഒറ്റവെട്ടിൽ മരിക്കാൻ എവിടെ വെട്ടണം എന്ന് പഠിച്ചവരാണ് ധീരജിനെ കൊന്നതെന്ന് പിണറായി

By Web TeamFirst Published Sep 26, 2022, 1:35 PM IST
Highlights

'ഗാന്ധി ശിഷ്യന്മാർക്ക് ആലുവയിൽ എങ്ങനെ സവർക്കരുടെ ചിത്രം വയ്ക്കാൻ സാധിച്ചു. കോൺഗ്രസിന്‍റെ മനസ് എവിടെ ആണെന്നതിന്‍റെ ഉദാഹരണമാണിത്'. 

തൊടുപുഴ: ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ എസ്എഫ്ഐ നേതാവ് ധീരജിന്‍റെ സ്മാരകത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ടു.  ധീരജിന് ഒപ്പം ഉണ്ടായിരുന്ന പരിക്കേറ്റ അമലിനും അഭിജിത്തിനും അഞ്ച് ലക്ഷം രൂപ കൈമാറി. ധീരജിന്‍റെ അച്ഛനും അമ്മയും ചടങ്ങില്‍ പങ്കെടുത്തു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥി ആയിരുന്നു ധീരജെന്ന് മുഖ്യമന്ത്രി പറഞ്ഞു. യാതൊരു ദുശീലവും ഇല്ലാത്ത ആളായിരുന്നു.  എസ് എഫ് ഐ യുടെ വളർച്ചയുടെ വേഗത കണ്ണാചിപ്പിക്കുന്ന വിധം വര്‍ധിക്കുന്നു. ചില തീവ്രവാദ സംഘടനകൾ സ്വീകരിക്കുന്ന രീതി നമ്മുടെ രാജ്യത്തെ പഴക്കമുള്ള ഒരു പാർട്ടി ഇക്കാലത്തും സ്വീകരിച്ചു. ധീരജിനെ കൃത്യതയോടെയും സൂക്ഷ്മതയോടെയും ആണ് കൊല നടത്തിയത്. ഒറ്റ വെട്ടിൽ മരിക്കാൻ എവിടെ വെട്ടണം എന്ന് പഠിച്ചാണ് ക്രിമിനൽ കൃത്യം നടത്തിയത്. സംഭവം എല്ലാരേയും വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

സംഭവം നാടിനെ നടക്കുകയും എല്ലാവരും അപലപിക്കുകയും ചെയ്തു. അക്രമത്തിന് നേതൃത്വം കൊടുത്തവർക്ക് പശ്ചാത്താപം ഉണ്ടാകും എന്ന് ആരും പ്രതീക്ഷിക്കുന്നില്ല. കോണ്‍ഗ്രസിന്‍റെ തലപ്പത്തു നിന്നാണ് കൊലക്ക് നേതൃത്വം നല്‍കിയത്. കോൺഗ്രസ് നേതൃത്വം രക്തസാക്ഷിത്വത്തെ അപമാനിച്ചു. കെപിസിസി അധ്യക്ഷൻ നിരവധി തവണ ആക്ഷേപിച്ചു. ഡിസിസി പ്രസിഡന്‍റ് ധീരജിന്‍റെ അനുഭവം ഉണ്ടാകും എന്ന് ഭീഷണിപ്പെടുത്തി. ഇതിനെതിരെ ഒരഭിപ്രായവും കോൺഗ്രസിൽ നിന്നും ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ്സ് ഇന്ന് അത്തരത്തിലുള്ള പാർട്ടിയായി മാറി. ക്യാമ്പസുകളിൽ ആയുധം എടുത്തുള്ള അക്രമണത്തിന് തുടക്കം കുറിച്ചത് കെ എസ് യു ആണ്. എസ് എഫ് ഐ ശക്തിപ്പെടുന്നത് അങ്ങേയറ്റം അസഹിഷ്ണുതയോടെ കാണുന്നു. അരുംകൊല നടത്തിയവരെ സംരക്ഷിക്കാൻ അഖിലേന്ത്യ നേതാവ് വരെ തയ്യാറാകുന്നു.

ഗാന്ധി ശിഷ്യന്മാർക്ക്ആലുവയിൽ എങ്ങനെ സവർക്കരുടെ ചിത്രം വയ്ക്കാൻ സാധിച്ചു. കോൺഗ്രസിന്‍റെ മനസ് എവിടെ ആണെന്നതിന്‍റെ ഉദാഹരണമാണിത്. വർഗീയതയെ മറ്റൊരു വർഗീയത കൊണ്ട് നേരിടാനാകില്ല. ന്യൂനപക്ഷ വർഗീയതയുടെ ഇടപെടൽ ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കും. കഴിഞ്ഞ ദിവസം ന്യൂനപക്ഷ വർഗീയത വ്യാപകമായി ആക്രമണം നടത്തി. ഹർത്താലിന്‍റെ പേരിൽ വ്യാപകമായി അക്രമം അഴിച്ചു വിട്ടത് ആപൽക്കരമാണെന്നും നാലു വോട്ടിനു വേണ്ടി സിപിഎം വർഗീയതയെ കൂട്ട് പിടിച്ചിട്ടില്ലെന്നും പിണറായി പറഞ്ഞു. 

click me!