'ആരെയും പറ്റിക്കുന്ന നിലപാടില്ല'; വാളയാറില്‍ നിയമപോരാട്ടത്തിന് മുന്‍കൈയ്യെടുത്തത് സര്‍ക്കാരെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Oct 26, 2020, 6:53 PM IST
Highlights

വാളയാറിൽ മരണപ്പെട്ട കുട്ടികളുടെ അമ്മയ്ക്ക് നീതി ലഭ്യമാവണം എന്ന ഉറച്ച തീരുമാനമാണ് സർക്കാരിന് ഉള്ളതെന്നും മുഖ്യമന്ത്രി.

തിരുവനന്തപുരം: വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കളുടെ സമരത്തെ കുറിച്ച് പ്രതികരിച്ച് മുഖ്യമന്ത്രി. ആരെയും പറ്റിക്കുന്ന നിലപാട് മുഖ്യമന്ത്രി എന്ന നിലയ്ക്ക് തനിക്ക് ഇല്ലെന്ന് പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വാളയാറിൽ മരണപ്പെട്ട കുട്ടികളുടെ അമ്മയ്ക്ക് നീതി ലഭ്യമാവണം എന്ന ഉറച്ച തീരുമാനമാണ് സർക്കാരിന് ഉള്ളതെന്നും അദ്ദേഹം പ്രതികരിച്ചു.

വാളയാർ പെൺകുട്ടികളുടെ കുടുംബത്തിനൊപ്പമാണ് നമ്മളെല്ലാവരും ഉള്ളത്. ഒരു വർഷം മുൻപ് അവർ വന്ന് കണ്ടപ്പോഴും ഈ കാര്യങ്ങൾ പറഞ്ഞിരുന്നു. അത് പാലിക്കാനാണ് ശ്രമിച്ചത്. പ്രതികളെ വെറുതെ വിട്ടതിനെതിരായ നിയമപോരാട്ടത്തിന് സർക്കാരാണ് മുൻകൈയെടുത്തത്. പ്രതികളെ വിട്ടയച്ചതിനെതിരെ 2019 ൽ തന്നെ അപ്പീൽ നൽകി. മരണപ്പെട്ട കുട്ടികളുടെ അമ്മയുടെ ഹർജികളുമുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടത് സർക്കാർ ആവശ്യപ്പെട്ട പ്രകാരമാണ്. സർക്കാരിന്റെ ആവശ്യത്തിന്റെ ഗൗരവം മനസിലാക്കിയാണ് ഹൈക്കോടതി അപൂർവ നിലപാട് എടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിചാരണ നടത്തി പ്രതികളെ വിട്ടയച്ച കേസിൽ വീണ്ടും അന്വേഷണം സാധിക്കില്ല. എന്നാൽ വിചാരണ കോടതിയിൽ സംഭവിച്ച വീഴ്ചകൾ ചൂണ്ടിക്കാട്ടി വിചാരണ കോടതി വിധി റദ്ദാക്കിയാൽ പുനർ വിചാരണ സാധിക്കും. ഹൈക്കോടതിയിൽ അപ്പീൽ നൽകി കാത്തിരിക്കുകയല്ല സർക്കാർ ചെയ്തത്. അപ്പീൽ ഹൈക്കോടതി പരിഗണിക്കാൻ കാലതാമസം ഉണ്ടാകും. ഇതൊഴിവാക്കാൻ കേസ് വേഗത്തിൽ പരിഗണിക്കണമെന്ന് സർക്കാർ അർജന്റ് മെമ്മോ ഫയൽ ചെയ്തു. നവംബർ ഒൻപതിന് കേസ് പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേസിൽ വിചാരണ വേളയിലെ വീഴ്ച പരിശോധിക്കാൻ വിരമിച്ച ജില്ലാ ജഡ്ജി പി കെ ഹനീഫയെ കമ്മീഷനായി നിയമിച്ചു. അദ്ദേഹത്തിന്‍റെ റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വെക്കുകയും ചെയ്തു. കമ്മീഷൻ കുറ്റക്കാരെന്ന് കണ്ടെത്തിയ പൊലീസുകാർക്കെതിരെ കുറേക്കൂടി കർശനമായ നടപടിയെടുക്കും. പെണ്‍കുട്ടികളുടെ അമ്മ സർക്കാരിൽ വിശ്വാസമാണെന്ന് ഇന്നും പറഞ്ഞു. ആ കുടുംബത്തിന് നീതി ലഭ്യമാക്കാൻ ഇനിയും സർക്കാർ ശ്രമിക്കുമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

click me!