
തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാനം തകർച്ചയിലാണെന്ന യുഡിഎഫിന്‍റെ (UDF) വാദങ്ങള്‍ക്ക് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan). ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആറ് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു. ഇതില്‍ മൂന്ന് എണ്ണത്തില്‍ പ്രതികള്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരും രണ്ടെണ്ണത്തില്‍ പ്രതികള്‍ എസ്ഡിപിഐ പ്രവര്‍ത്തകരും ഒരെണ്ണത്തില്‍ കോണ്‍ഗ്രസുകാരുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് 1677 കൊലപാതക കേസുകളുണ്ടായി. എന്നാല്‍ 25 . 5. 2016 മുതല്‍ 19 . 5 . 2021 വരെയുള്ള കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് 1516 കൊലപാതക കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2016 മുതല്‍ 2021 വരെ സ്ത്രീകള്‍ക്ക് എതിരെ 86390 അതിക്രമ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേസുകളില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് എതിരെ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ക്രമസമാധാന നില ഭദ്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സമീപകാലത്ത് നടന്ന കൊലപാതക കേസുകളിലെ പ്രതികള്‍ അറസ്റ്റിലായെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സിപിഎം പ്രവർത്തകൻ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം ഊർജ്ജിതമാണ്. നാല് പ്രതികളെ അറസ്റ്റ് ചെയ്തു. കണ്ണൂരിൽ വിവാഹ പാർട്ടിക്കിടെ ബോംബേറില്‍ ഒരാൾ കൊല്ലപ്പെട്ട കേസിലെ പ്രതികൾ അറസ്റ്റിലായി. കിഴക്കമ്പലത്തു ട്വന്‍റി 20 പ്രവർത്തകൻ ദീപുവിന്റെ മരണത്തിലും പ്രതികളെ അറസ്റ്റ് ചെയ്തെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
അക്രമങ്ങൾക്ക് പരസ്യമായി ആഹ്വാനം ചെയ്യുന്ന നേതൃത്വമാണ് കോൺഗ്രിസന്‍റേത്. ധീരജ് കൊലപാതകത്തെ കെപിസിസി പ്രസിഡന്‍റ് ന്യായീകരിച്ചു. കൊലപാതകങ്ങൾക്ക് കോൺഗ്രസ് നേതൃത്വം പരസ്യ പിന്തുണ നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എന്നാല്‍ ജനത്തിന്‍റെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കുന്നതിൽ മുഖ്യമന്ത്രി പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ തലസ്ഥാനത്ത് ഗുണ്ടകൾ അഴിഞ്ഞാടുകയാണ്. ഓരോ സംഭവം നടക്കുമ്പോഴും അത് ഒറ്റപ്പെട്ട സംഭവം എന്നാണ് മുഖ്യമന്ത്രി പറയുന്നത്. പൊലീസിനെ നിയന്ത്രിക്കുന്നത് പാർട്ടി നേതാക്കളെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
കേരളത്തിലെ സ്ഥിതി ഭയാനകം എന്നായിരുന്നു എൻ ഷംസുദ്ധീൻ എംഎല്‍എ പറഞ്ഞത്. തലശ്ശേരിയിൽ ആര്‍എസ്എസ് ആണ് പ്രതികൾ എങ്കിൽ കിഴക്കമ്പലത്തു സിപിഎം ആണ് പ്രതികള്‍. തലശ്ശേരിയില്‍ സ്വന്തം പാർട്ടിക്കാരന്റെ ജീവൻ രക്ഷിക്കാൻ പോലും മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്നും ഷുംസുദ്ധീന്‍ കുറ്റപ്പെടുത്തി. ടിപി കേസ് പ്രതികൾ എല്ലാം ഇപ്പോൾ പുറത്താണ്. അനുപമയുടെ കേസ് അടക്കം പോലീസിന്‍റെ വീഴ്ച്ചയാണെന്നും ഷംസുദ്ധീന്‍ പറഞ്ഞു.