
ആലപ്പുഴ: മാസപ്പടി കേസിലെ ഇഡി ശുപാർശയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ മാധ്യമപ്രവർത്തകരോട് ക്ഷോഭിച്ച് പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ. ബുധനാഴ്ച ആലപ്പുഴ ചെങ്ങന്നൂരിലെ ഗസ്റ്റ് ഹൗസിലെത്തിയപ്പോഴാണ് മാധ്യമപ്രവർത്തകർ ഇഡിയുടെ കത്തിനെക്കുറിച്ചും കേസെടുക്കണമെന്ന ശുപാർശയെക്കുറിച്ചും ചോദ്യങ്ങൾ ചോദിച്ചത്. എന്നാൽ, പലതവണ ചോദ്യങ്ങൾ ചോദിച്ചിട്ടും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. ഇതിനുപിന്നാലെയാണ് മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായത്.
'പുറത്തുനിൽക്കടോ, നിങ്ങളെന്താ ബാത്ത്റൂമിലേക്ക് വരികയാ' എന്നായിരുന്നു പിണറായി വിജയൻ ചോദ്യങ്ങൾ ആവർത്തിച്ചപ്പോൾ മാധ്യമപ്രവർത്തകരോട് രോഷത്തോടെ പറഞ്ഞത്. തുടർന്ന് അദ്ദേഹം അകത്തേക്ക് കയറിപ്പോയി. പിന്നീട് തിരികെവരുമ്പോഴും മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിച്ചെങ്കിലും പിണറായി പ്രതികരിച്ചില്ല. 'ഇവിടെ വന്നത് മൂത്രമൊഴിക്കാനാ, നിങ്ങളെ കാണാനല്ല' എന്ന് മാത്രമായിരുന്നു അദ്ദേഹം പറഞ്ഞത്. വിഷയത്തിൽ മാധ്യമങ്ങളെ കാണുമോ എന്ന് മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദിച്ചെങ്കിലും അദ്ദേഹം മറുപടിയൊന്നും പറഞ്ഞില്ല.
സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ മുഖ്യമന്ത്രിയായിരിക്കെ മകൾ ടി. വീണ വഴി മുഖ്യമന്ത്രി പിണറായി വിജയൻ 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ഇഡി അന്വേഷണത്തിലെ കണ്ടെത്തൽ. സംഭവത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ശുപാർശചെയ്ത് ഇഡി കഴിഞ്ഞദിവസം സംസ്ഥാന പൊലീസിന് കത്തും നൽകിയിരുന്നു. ഈ വിഷയത്തിലാണ് മാധ്യമപ്രവർത്തകർ പിണറായിയുടെ പ്രതികരണം തേടിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam